ലുലു ഗ്രൂപ്പ് എന്നാ സുമ്മാവാ: യുഎഇ റെക്കോർഡ് തകർത്ത ഓഹരി വില്‍പ്പന, ഒറ്റമണിക്കൂറില്‍ കാലിയായി
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐ പി ഒ) അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ തുടക്കമായി. ഒക്ടോബർ 28 മുതല്‍ നവംബർ 5 വരെ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഐ പി ഒ നടത്തുന്നത്. ഐ പി ഐയിലൂടെ കമ്പനിയുടെ 25 ശതമാനം ഓഹരികളാണ് ലുലു ഗ്രൂപ്പ് വിറ്റഴിക്കുന്നത്. 170 മുതല്‍ 180 കോടി ഡോളർ വരെയാണ് ലുലു ഓഹരി വില്‍പ്പനയിലൂടെ ലക്ഷ്യമിടുന്നതെന്ന റിപ്പോർട്ടുണ്ടായിരുന്നെങ്കിലും 136 കോടി ഡോളർ മുതൽ 143 കോടി ഡോളർ വരെയാണ് കമ്പനി ഐ പി ഒ യിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നതെന്ന് ഇന്നതോടെ വ്യക്തമായി.
ഓഹരി വില്‍പ്പനയിലൂടെ കമ്പനിക്ക് ഇന്ത്യന്‍ രൂപയില്‍ 11424 കോടി രൂപ മുതൽ 12012 കോടി രൂപവരെ സ്വന്തമാക്കന്‍ സാധിക്കും. ഓഹരി വില്‍പ്പനയിലേക്ക് ഇറങ്ങുന്ന ലുലു ഗ്രൂപ്പിന് മികച്ച പ്രതികരണമായിരിക്കും ലഭിക്കുകയെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. ഇത് ശരിവെക്കുന്ന തരത്തില്‍ റെക്കോർഡ് വേഗത്തിലാണ് ഓഹരികള്‍ സബ്സ്ക്രൈബ് ചെയ്തത്. അതായത് ഐ പി ഒ ആരംഭിച്ച് ഒരു മണിക്കൂർ കൊണ്ട് തന്നെ ഓഹരികള്‍ പൂർണ്ണമായും വിറ്റു പോയി.

ഒരു ഓഹരിക്ക് കമ്പനി ഇഷ്യൂ ചെയ്ത വില 1.94 യു എ ഇ ദിർഹം മുതൽ 2.04 യു എ ഇ ദിർഹം വരെയാണ്. അതായത് 44 മുതല്‍ 46 വരെ ഇന്ത്യന്‍ രൂപ. ഈ വിലയും വില്‍പ്പനയ്ക്ക് എത്തിച്ച ഓഹരികളും കണക്കാക്കിയാണ് 11424 കോടി രൂപ മുതൽ 12012 കോടി രൂപവരെ സമാഹരിക്കാന്‍ ലുലു ഗ്രൂപ്പിന് സാധിക്കുമെന്ന് കണക്കാക്കുന്നത്. 258.2 കോടി ഒഹരികളാണ് കമ്പനി വിറ്റഴിക്കുന്നത്.
2024 ല്‍ യു എ ഇയല്‍ നടന്ന ഏറ്റവും വലിയ ഐ പി ഒ എന്ന റെക്കോർഡും ലുലു ഗ്രൂപ്പിന് സ്വന്തമാക്കാന്‍ സാധിച്ചു. എന്‍ എം ഡി സിയുടെ 87.7 കോടി ഡോളറിന്റെ റെക്കോർഡാണ് ലുലു ഗ്രൂപ്പ് മറികടന്നത്. ഓഡസ്റ്റിലായിരുന്നു എന്‍ എം ഡി സിയുടെ ഐ പി ഐ. ഇന്നത്തെ ഐ പി ഒയിലൂടെ യു എ ഇയിലെ ഏറ്റവും വലിയ റീറ്റെയ്‍ലർ ഐ പി ഒ, എന്നതിനോടൊപ്പം തന്നെ തന്നെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനി ഐ പി ഒ എന്നീ റെക്കോർഡുകളും ലുലു സ്വന്തം പേരില്‍ കുറിച്ചു.
ലുലു ഗ്രൂപ്പിന്റെ വിപണി മൂല്യം 2004 കോടി മുതൽ 2107 കോടി ദിർഹം വരെയാണെന്നാണ് ഐ പി ഒയിലെ പ്രൈസ് ബാൻഡ് പരിഗണിച്ചാൽ വിലയിരുത്താന്‍ സാധിക്കുന്നത്. അതായത് 48231 കോടിയോളം ഇന്ത്യന്‍ രൂപ. ഐ പി ഒയുടെ ആദ്യ ഘട്ടം മാത്രമാണ് ഇന്ന് അവസാനിച്ചിരിക്കുന്നത്. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കായി (ക്യു ഐ ബി) നീക്കിവെച്ചിരിക്കുന്നത് 89 ശതമാനം ഒഹരികളാണ്. ചെറുകിട നിക്ഷേപകർക്ക് പത്ത് ശതമാനവും ജീവനക്കാർക്ക് ഒരു ശതമാനവും ഓഹരികള്‍ നീക്കിവെച്ചു.
ചെറുകിട നിക്ഷേപകർക്കുള്ള ഐ പി ഒ വിഹിതം വർധിപ്പിക്കണമെന്ന ആവശ്യം ഇതിനോടകം ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ലുലു ഗ്രൂപ്പ് തന്നെ ഉടന്‍ തന്നെ തീരുമാനമെടുക്കും. ഒഹരികള്‍ നവംബർ 14 മുതല്‍ അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എ ഡി എക്സ്) ലിസ്റ്റ് ചെയ്ത് തുടങ്ങും. ലാഭവിഹിതം നല്‍കിയേക്കുമെന്ന വാർത്തകള്‍ ലുലുവിന്റെ ഓഹരിയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകർഷിക്കുന്നത്.
നികുതിക്ക് ശേഷമുള്ള ലാഭത്തിന്റെ 75 ശതമാനം ലാഭവിഹിതമായി നല്‍കുന്നതാണ് കമ്പനിയുടെ പരിഗണനയിലുള്ളത്. വർഷത്തില്‍ രണ്ട് തവണയായിട്ടാകും ലാഭവിഹിതം കൈമാറുക. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക വിപണി സാഹചര്യങ്ങള്‍, ലാഭം, ഡയറക്ടർ ബോർഡിന്റെ തീരുമാനം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും.












Click it and Unblock the Notifications