ലുലു വീണ്ടും റെക്കോർഡ് തകർത്തു: മൂന്ന് ലക്ഷം കോടിയുടെ ആവശ്യക്കാർ, പോക്കറ്റില്‍ വീഴുക ഇത്ര കോടി
ദുബായ്: ഓഹരി വിപണിയിലേക്ക് ഇറങ്ങിയ ലുലു ഗ്രൂപ്പ് റെക്കോർഡുകള്‍ ഒരോന്നായി തകർക്കുന്ന കാഴ്ചയാണ് കഴഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. ഇന്നിതാ മറ്റൊരു റെക്കോർഡും തങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നുവെന്ന കാര്യം ലുലു ഗ്രൂപ്പ് ചെയർമാനും എം ഡിയുമായ എം എ യൂസഫലി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. തങ്ങളുടെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) ലഭിച്ചത് 3700 കോടി ഡോളറിന്റെ ഡിമാന്‍ഡാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്.
യു എ ഇയിലേത് മാത്രമല്ല രാജ്യത്തിന് പുറത്ത് നിന്നുള്ള നിക്ഷേപകരുടെ അടക്കം അപേക്ഷകളില്‍ നിന്നുള്ള ആകെ മൂല്യമാണിത്. ഇന്ത്യന്‍ തുകയില്‍ കണക്കാക്കുയാണെങ്കില്‍ ഏകദേശം 3.11 ലക്ഷം കോടി രൂപ വരുമിത്. ഇതോടെയാണ് പുതിയ റെക്കോഡ് ലുലു സ്വന്തം പേരില്‍ കുറിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിന് ഇടയില്‍ യു എ ഇയില്‍ ഏതെങ്കിലുമൊരു സർക്കാർ ഇതര സ്ഥാപനത്തിന് ഐ പി ഒയില്‍ ലഭിക്കുന്ന ഏറ്റവും വലിയ ഡിമാന്‍ഡാണ് ഇത്.

ഉയർന്ന പ്രൈസ്ബാൻഡായ 2.04 ദിർഹം, അതായത് 47.19 രൂപയാണ് ലുലുവിന്റെ ഒരു ഓഹരിയുടെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. കമ്പനിയുടെ 30 ശതമാനം ഓഹരികളാണ് ലുലു ഗ്രൂപ്പ് വില്‍ക്കുന്നത്. തുടക്കത്തില്‍ 25 ശതമാനം ഓഹരികള്‍ മാത്രം വില്‍ക്കാനായിരുന്നു തീരുമാനം. എന്നാല്‍ പിന്നീട് ഡിമാന്‍ഡ് ഉയർന്നതോടെ 5 ശതമാനം ഓഹരികള്‍ കൂടെ വിപണിയിലേക്ക് എത്തിക്കാന്‍ ലുലു തീരുമാനിക്കുകയായിരുന്നു.
ഓഹരി വില്‍പ്പനയിലൂടെ 172 കോടി ഡോളർ (14,500 കോടി രൂപ) ലുലു ഗ്രൂപ്പിന് സമാഹരിക്കാന്‍ സാധിക്കും. ഇത് ലുലുവിന് മറ്റൊരു റെക്കോർഡ് നല്‍കി. ഈ വർഷം എന്‍ എം ഡി സി എനർജി സ്വന്തമാക്കി 87.7 കോടി രൂപയായിരുന്നു ഈ വർഷം ഇതുവരേയുള്ളതിലെ ഏറ്റവും ഉയർന്ന സംഖ്യ. ആകെ 310 കോടി ഓഹരികളാണ് കമ്പനി വിറ്റിരിക്കുന്നത്. നേരത്തെ 258.2 കോടി ഓഹരികള്‍ (25 ശതമാനം) വില്‍ക്കാനായിരുന്നു തീരുമാനം.
അതേസമയം, ഐ പി ഒയില്‍ ഞങ്ങള്‍ ഉദ്ദേശിച്ചതിനേക്കാളും വലിയ പ്രതികരണമാണ് ലഭിച്ചതെന്നായിരുന്നു എം എ യൂസഫലി അഭിപ്രായപ്പെട്ടത്. എല്ലാവരില്‍ നിന്നും വിശിഷ്യ അറബ് സമൂഹങ്ങളില്‍ നിന്നും അറബ് ഭരണാധികാരികളില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചു. അതില്‍ ഞങ്ങള്‍ക്ക് അഭിമാനവും സന്തോഷവും ഉണ്ട്. ഭരണാധികാരികളോട് നന്ദി ഉണ്ട്. ലോകത്തിലെ എല്ലാ വലിയ കമ്പനികളും ലിസ്റ്റഡ് ആണ്. ഒരു സന്ദര്‍ഭം വരുമ്പോള്‍ ഉയരണമെങ്കില്‍ ലിസ്റ്റിംഗ് ഇല്ലാതെ സാധ്യമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications