Adani: വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ട വികസനം; 16,000 കോടിയുടെ വമ്പന്‍ നിക്ഷേപവുമായി അദാനി ഗ്രൂപ്പ്
തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അദാനിയുടെ വമ്പന്‍ നിക്ഷേപം. തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനത്തിനായി അദാനി ഗ്രൂപ്പ് 16,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. ഇതോടെ പദ്ധതിയിലെ അദാനി ഗ്രൂപ്പിന്റെ ആകെ നിക്ഷേപം 30,000 കോടി രൂപയായി ഉയരും. ഇന്നലെ നടന്ന ചടങ്ങില്‍ കേരളത്തിലെ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യത്തിലാണ് രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ടത്.
അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡാണ് (എപിഎസ്ഇഇഎസ്) 16,000 കോടി നിക്ഷേപമിറക്കുന്നത്. രണ്ടാം ഘട്ടത്തിന്റെ ശേഷി 2029 ആകുമ്പോഴേക്കും 1 ദശലക്ഷം ടിഇയു ആയി വികസിപ്പിക്കും. പദ്ധതി പൂര്‍ണമായും പൂര്‍ത്തിയാകുമ്പോള്‍ ശേഷി 5.7 ദശലക്ഷം ടി.ഇ.യു ആയി മാറും. ഇത് കേരളത്തെ ആഗോള ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബായി ശക്തിപ്പെടുത്തും. സമുദ്ര മാര്‍ഗമുള്ള വ്യാപാരത്തിന്റെയും ചരക്കു നീക്കത്തിന്റെയും കേന്ദ്രമായി വിഴിഞ്ഞം ലോകശ്രദ്ധ ആകര്‍ഷിക്കും. ഇന്ത്യയുടെ തുറമുഖാധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയുടെ കേന്ദ്രമായി വിഴിഞ്ഞം മാറും.

രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബായി വിഴിഞ്ഞം മാറും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും പുരോഗമിച്ച തുറമുഖമായിരിക്കും ഇത്.
പ്രവര്‍ത്തനം തുടങ്ങി വെറും 15 മാസത്തിനുള്ളില്‍ 1 ദശലക്ഷം ടി.ഇ.യു കൈകാര്യം ചെയ്യുന്ന ആദ്യ ഇന്ത്യന്‍ തുറമുഖമെന്ന ഖ്യാതി വിഴിഞ്ഞം സ്വന്തമാക്കി. ചടങ്ങില്‍ സംസാരിച്ച എപിഎസ്ഇഇഇ മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനി, വിഴിഞ്ഞം പദ്ധതിക്ക് ലഭിക്കുന്ന രാഷ്ട്രീയ പിന്തുണയെ പ്രത്യേകം അഭിനന്ദിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടക്കമിട്ട പദ്ധതിക്ക് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്ന ശക്തമായ പിന്തുണ കേരളത്തിന്റെ വികസനത്തോടുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഭേദമന്യേയുള്ള ഈ സഹകരണം നിക്ഷേപകര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിനും ഇന്ത്യയുടെ സമുദ്ര ഭാവിക്കും ഈ ദിനം ചരിത്രപരമാണെന്ന് കരണ്‍ അദാനി വിശേഷിപ്പിച്ചു, വിഴിഞ്ഞം അന്താരാഷ്ട്ര തലത്തില്‍ മത്സരാധിഷ്ഠിതമായ ഒരു ട്രാന്‍സ്ഷിപ്പ്‌മെന്റ് കേന്ദ്രമായും ഇന്ത്യയുടെ തുറമുഖാധിഷ്ഠിത വികസന തന്ത്രത്തിന്റെ ഒരു പ്രധാന സ്തംഭമായും മാറുമെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യ, കാര്യക്ഷമത, സ്‌കെയില്‍ എന്നിവയുടെ കാര്യത്തില്‍ ഭാവിയിലെ ഇന്ത്യന്‍ തുറമുഖങ്ങള്‍ക്ക് വിഴിഞ്ഞം ഒരു മാതൃകയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദാനി ഗ്രൂപ്പിലുള്ള തുടര്‍ച്ചയായ വിശ്വാസത്തിന് കേരള സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തിരുവനന്തപുരത്തെയും കേരളത്തിലെയും ജനങ്ങള്‍ക്കും അദാനി നന്ദി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
https://www.youtube.com/watch?v=ZRl_g_MOogs












Click it and Unblock the Notifications