ലുലു ഗ്രൂപ്പാണ് യുഎഇയിലേക്കുള്ള പാലം: എല്ലാവർക്കും വേണം, ഇപ്പോഴിതാ വിയറ്റ്നാമിന് പിന്നാലെ മറ്റൊരു രാജ്യവും
പശ്ചിമേഷ്യന്‍ മേഖലയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയാണ് യു എ ഇയുടേത്. കോവിഡ് കാലത്ത് എല്ലാ ലോകരാഷ്ട്രങ്ങളേയും പോലെ യു എ ഇയും പ്രതിസന്ധി നേരിട്ടെങ്കിലും കോവിഡാനന്തരം റെക്കോർഡ് നിരക്കിലുള്ള വളർച്ചയാണ് യു എ ഇ രേഖപ്പെടുത്തുന്നത്. ഈ സാഹചര്യം മുതലെടുത്ത് ഇന്ത്യ ഉള്‍പ്പെടേയുള്ള രാജ്യങ്ങള്‍ തങ്ങളുടെ കാർഷിക വിഭവങ്ങള്‍ ഉള്‍പ്പെടേയുള്ള ഉത്പന്നങ്ങള്‍ വലിയ തോതില്‍ യു എ ഇയിലേക്ക് കയറ്റി അയക്കുന്നു. ഇന്ത്യ മാത്രമല്ല, പാകിസ്താന്‍, ബംഗ്ലാദേശ്, ചൈന, തുടങ്ങിയ നിരവധി രാഷ്ട്രങ്ങളുടെ ഉത്പന്നങ്ങളുടേയും പ്രധാന വിപണിയാണ് യു എ ഇ. ഇവയ്ക്ക് പുറമെ ആസിയാന്‍ രാഷ്ട്രങ്ങളായ ഫിലിപ്പീന്‍സും വിയറ്റ്നാമും അടുത്ത കാലത്തായി യു എ ഇ ലക്ഷ്യമിട്ടുകൊണ്ട് വ്യാപാര നീക്കങ്ങള്‍ ശക്തമാക്കുന്നു.
ഫിലിപ്പൈന്‍ സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (ഡിടിഐ)യാണ് യു എ ഇ വ്യാപാര ചർച്ചകളുടെ ചുക്കാന്‍ പിടിക്കുന്നത്. ഇതിനായി ലുലു ഗ്രൂപ്പുമായി ഡി ടി ഐ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ചർച്ച നടത്തുകയുണ്ടായി. യു എഇ യിലും ഫിലിപ്പീൻസിലും ശക്തമായ സാന്നിധ്യമുള്ള വ്യവസായ ഗ്രൂപ്പ് എന്ന നിലയിലാണ് ഇത്തരമൊരു ലക്ഷ്യം നിറവേറ്റുന്നതിലേക്കുള്ള പാലമായി ലുലു ഗ്രൂപ്പിനെ ഫിലിപ്പൈന്‍ സർക്കാർ കാണുന്നത്.

ലുലു ഗ്രൂപ്പ് പ്രതിനിധികളും ഡി ടി ഐ സെക്രട്ടറി ക്രിസ്റ്റീന റോക്കും തമ്മിലായിരുന്നു ചർച്ച. യു എ ഇയിലേക്കുള്ള ഫിലിപ്പൈൻ കയറ്റുമതി വിപുലീകരിക്കുന്നതിനുള്ള സാധ്യതകൾ കൂടുതല്‍ ശക്തമാക്കണമെന്ന ധാരണയാണ് കൂടിക്കാഴ്ചയിലുണ്ടായത്. ഫിലിപ്പൈൻ ഉൽപന്നങ്ങൾക്ക്, പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ നിന്നുള്ളവ (എസ്എംഇ) പ്രദർശിപ്പിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ലുലു നല്‍കി വരുന്ന പിന്തുണ പ്രശംസനീയമാണെന്നെന്നും ക്രിസ്റ്റീന റോക്ക് പറഞ്ഞു.
'ലുലു ഗ്രൂപ്പ് പോലുള്ള ആഗോള പങ്കാളികളുമായുള്ള വ്യാപാര ബന്ധം വിപുലീകരിച്ച് രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയെ മുന്നോട്ട് നയിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. യു എ ഇയിലേക്കുള്ള ഫിലിപ്പൈൻ കയറ്റുമതിയിൽ ശക്തമായ വളർച്ചയ്ക്ക് സാധ്യതയുണ്ട്. അത് കൂടുതല്‍ ശക്തമാക്കുന്നതില്‍ ലുലു ഗ്രൂപ്പ് ഇൻ്റർനാഷണലിന് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്' ക്രിസ്റ്റീന റോക്ക് അഭിപ്രായപ്പെട്ടു.
ലുലു ഗ്രൂപ്പിന് യു എ ഇയിൽ ഉടനീളം 258 സ്റ്റോറുകളാണുള്ളത്. അതോടൊപ്പം ഫിലിപ്പൈന്‍ നഗരമായ ലഗൂണയിൽ ഒരു അത്യാധുനിക ലോജിസ്റ്റിക്‌സ്, കയറ്റുമതി കേന്ദ്രവും ലുലു സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിക്കുന്ന പഴവർഗ്ഗങ്ങള്‍, പച്ചക്കറികള്‍, മറ്റ് ചരക്കുകള്‍ എന്നിവയെല്ലാം ഇവിടെ സംഭരിച്ച് പായ്ക്ക് ചെയ്താണ് ഗള്‍ഫ് രാഷ്ട്രങ്ങളിലും ഈജിപ്തിലുമുള്ള ലുലു സ്റ്റോറുകളിലേക്ക് എത്തിക്കുന്നത്.
ഫിലിപ്പൈന് പുറമെ യുഎഇ വിപണി ലക്ഷ്യം വെക്കുന്ന വിയറ്റ്നാമും ലുലു ഗ്രൂപ്പിനെയാണ് ഇടനിലക്കാരായി കാണുന്നത്. അടുത്തിയെ യു എ ഇയില്‍ എത്തിയ വിയറ്റ്നാം ഭരണാധികാരി ഫാം മിൻ ചിൻ ലുലു ഗ്രൂപ്പ് ചെയർമാനും എം ഡിയുമായ യൂസഫലിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഹൈപ്പർമാർക്കറ്റ് ശൃംഖലയിലൂടെ മിഡിൽ ഈസ്റ്റിലെയും മറ്റ് രാജ്യങ്ങളിലെയും ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള വിയറ്റ്നാമീസ് ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനുള്ള ഒരു പാലമായി ലുലു പ്രവർത്തിക്കുന്നുണ്ടെന്നും അത് കൂടുതല്‍ മികച്ച രീതിയില്‍ തുടരണമെന്നും ഫാം മിൻ ചിൻ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു.
ലുലു ഗ്രൂപ്പ് വഴി ഉത്പന്നങ്ങള്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലേക്ക് എത്തിക്കാനാണ് വിയറ്റ്നാമും ലക്ഷ്യമിടുന്നത്. വിയറ്റ്നാമിലെ പ്രവർത്തനങ്ങള്‍ ശക്തമാക്കണമെന്നും തങ്ങളുടെ ഉത്പന്നങ്ങള്‍ ലോകത്തിന് മുന്നില്‍ പരിചയപ്പെടുന്നത് തുടരണമെന്നും ഫാം മിൻ ചിൻ യൂസഫലിയോട് ആവശ്യപ്പെട്ടു . അതോടൊപ്പം വിയറ്റ്നാമിൽ ഹൈപ്പർമാർക്കറ്റ് ശൃംഖല തുറക്കുന്നതിനായും ലുലു ഗ്രൂപ്പിനെ അദ്ദേഹം ക്ഷണിച്ചു.












Click it and Unblock the Notifications