രാജ്യം ഭരിക്കുന്നത് വാഗ്ദാനങ്ങള്‍ നൂറ് ശതമാനവും നടപ്പാക്കിയ സര്‍ക്കാര്‍: പികെ കൃഷ്ണദാസ്
കണ്ണൂര്‍: വാഗ്ദാനങ്ങള്‍ നൂറ് ശതമാനവും നടപ്പാക്കിയ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പികെ കൃഷ്ണദാസ്. മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികാഘോത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയുടെ ഭരണത്തില്‍ ലോക രാജ്യങ്ങള്‍ മുഴുവന്‍ ഭാരതത്തിലേക്കെത്തുകയാണെന്നും
അടിസ്ഥാന സൗകര്യ വികസനത്തിലും തൊഴില്‍ മേഖലയിലും ഭാരതം കുതിച്ച് ചാട്ടമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
'സാധാരണക്കാരായ ജനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍. കൊറോണക്കാലത്ത് സൗജന്യമായി വാക്സിന്‍ മാത്രമല്ല നല്‍കിയത്. മറിച്ച് 80 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്‍കി. മഹാമാരിയുടെ കാലത്ത് ഭാരതത്തില്‍ ആരും തന്നെ പട്ടിണി കിടന്നില്ല. എല്ലാ വിഭാഗം ജനങ്ങളേയും ചേര്‍ത്ത് പിടിച്ച് കൊണ്ടാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്', കൃഷ്ണദാസ് പറഞ്ഞു.

'മുദ്ര ലോണ്‍ പദ്ധതി പ്രകാരം കേരളത്തില്‍ മാത്രം 60,000 കോടി രൂപയാണ് നല്‍കിയത്. കോടിക്കണക്കിന് കര്‍ഷകര്‍ക്കാണ് കൃഷി സമ്മാന്‍ നിധിയുടെ ആനുകൂല്യം ലഭിക്കുന്നത്. പിറന്ന് വീഴുന്ന കുഞ്ഞുങ്ങള്‍ക്ക് പോലും സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കിയ സര്‍ക്കാരാണ് നരേന്ദ്ര മോദിയുടേത്. വഴിയോരക്കച്ചവടക്കാര്‍ക്കും മുതിര്‍ന്ന് പൗരന്‍മാര്‍ക്കുമെല്ലാം വിവിധ പദ്ധതികള്‍ നടപ്പിലാക്കി.
നരേന്ദ്രമോദി സര്‍ക്കാരിന് ഇത്രയും വികസനപദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കുന്നത് അഴിമതി രഹിത ഭരണം കാഴ്ചവെക്കുന്നത് കൊണ്ടാണ്. വികസന കാര്യത്തിനായി നീക്കി വെക്കുന്ന ഒരു രൂപ പോലും ദുരുപയോഗം ചെയ്യപ്പെടുന്നില്ല. എന്നാല്‍ ആയിരക്കണക്കിന് കോടി രൂപ കടമെടുത്ത് ഭരണം നടത്തുന്ന കേരളത്തില്‍ വികസനം നടക്കാത്തത് ഭീമമായ അഴിമതി നടക്കുന്നത് കൊണ്ടാണ്. ബ്രഹ്മപുരം മാലിന്യ പ്ലന്റില്‍ നിന്നുള്ള മാലിന്യത്തിന്റെ ദുര്‍ഗദന്ധത്തെക്കാള്‍ വലുതാണ് അവിടെ നടന്ന അഴിമതിയുടെ ദുര്‍ഗന്ധം. കരാര്‍ കൊടുക്കലും ഉപകരാര്‍ കൊടുക്കലും അഴിമതി നടത്തലും മാത്രമാണ് കേരളത്തില്‍ നടക്കുന്നത്. അഴിമതിയുടെ കൂത്തരങ്ങായി കേരളം മാറിയിരിക്കുന്നു.
നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലുമുന്നയിക്കാന്‍ ഇതുവരെ കോണ്‍ഗ്രസ്സ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ക്കെതിരെ കോണ്‍ഗ്രസ്സ് ആരോപണമുന്നയിക്കുന്നത് അവര്‍ വികസന വിരോധികളായതു കൊണ്ട് മാത്രമാണ്. ഭാരതത്തിന്റെ മുന്നോട്ടുള്ള കുതിപ്പ് കോണ്‍ഗ്രസ്സിനെ അസ്വസ്തമാക്കുന്നുണ്ട്. ദ്രൗപതി മുര്‍മ്മുവിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി അവരെ രാഷ്ട്രപതിയാകുന്നതില്‍ നിന്ന് തടയാന്‍ മുന്നിട്ടിറങ്ങിയവരാണ് ഇപ്പോള്‍ അവര്‍ പിന്നോക്കക്കാരിയായതിനാല്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യിക്കാത്തതില്‍ മുതലക്കണ്ണീരൊഴുക്കുന്നത്. കോണ്‍ഗ്രസ്സിന്റെ അവസരവാദ രാഷ്ട്രീയം ഭാരതത്തിലെ ജനങ്ങള്‍ തിരിച്ചറിയും', കൃഷ്ണദാസ് പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം പി.കെ. വേലായുധന്‍, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, സംസ്ഥാന സമിതി അംഗം പി. സത്യപ്രകാശ്, മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം.ആര്‍. സുരേഷ് സ്വാഗതവും ജില്ലാ സെല്‍ കോഡിനേറ്റര്‍ രാജന്‍ പുതുക്കുടി നന്ദിയും പറഞ്ഞു.












Click it and Unblock the Notifications