ഗവര്‍ണര്‍ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ അന്തകന്‍: എം.വി ജയരാജന്‍
കണ്ണൂര്‍: നിലവിലുള്ള വ്യവസ്ഥ അടിസ്ഥാനമാക്കിയാണ് സര്‍വകലാശാലകള്‍ നിയമനം നടത്തുന്നത്. ഇതുസംബന്ധിച്ച അന്വേഷണത്തിന് ആരും എതിരല്ല. കാരണംകാണിക്കല്‍ നോട്ടീസ് കൊടുക്കാത്ത ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണ്. ഡല്‍ഹിയിലേക്ക് ഫ്‌ളൈറ്റ് കയറുന്നതിനുമുമ്പാണ് മാധ്യമങ്ങളോട് നടപടിയെടുക്കുമെന്ന് പറയുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ നടപടിയെടുത്തുള്ള പത്രക്കുറിപ്പ് രാജ്ഭവനില്‍നിന്ന് പുറത്തിറക്കി.
പൊതുവെ മീഡിയാ മാനിയയുള്ള ചാന്‍സലര്‍ക്ക് ഇപ്പോള്‍ മനോരോഗംകൂടിയാണ്. മൂന്നുവര്‍ഷം മുമ്പ് നടന്ന ചരിത്രകോണ്‍ഗ്രസിനെക്കുറിച്ച് പച്ചനുണയാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ച ഗവര്‍ണര്‍ നല്ലബുദ്ധി നഷ്ടപ്പെട്ടോയെന്ന് ആത്മപരിശോധന നടത്തണം. കേന്ദ്രം നിയമിക്കുന്ന ഭരണനിര്‍വഹണ ഉദ്യോഗസ്ഥന്‍മാത്രമാണ് ഗവര്‍ണര്‍. എല്ലാത്തിനെയും കയറിഭരിക്കാനുള്ള അധികാരമൊന്നുമില്ല. വൈസ് ചാന്‍സലര്‍ക്കെതിരെയുള്ള ആക്ഷേപവും സര്‍വകലാശാലക്ക് അവമതിപ്പുണ്ടാക്കുന്ന പരാമര്‍ശവും നിര്‍ത്തി ഗവര്‍ണര്‍ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കണം.

നിയമപരമായും ഭരണപരമായും പൊതുബോധത്തിന് എതിരായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. രാജ്ഭവനിലെ നിയമനങ്ങളെല്ലാം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴിയാണോ. സംഘപരിവാറിലെ എത്രയാളുകള്‍ക്ക് രാജ്ഭവനില്‍ ജോലിനല്‍കിയിട്ടുണ്ടെന്ന് പരിശോധിക്കണം. ജസ്റ്റിസ് പി സദാശിവം ഗവര്‍ണറായിരിക്കെയാണ് വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത്. പിന്നീട്, യോഗ്യതകള്‍ പരിശോധിച്ച് പുനര്‍നിയമനവും നല്‍കി. ക്രിമിനലാണെന്ന് ആക്ഷേപിച്ച ഗവര്‍ണര്‍ക്കെതിരെ വിസി മാനനഷ്ടക്കേസ് കൊടുക്കുകയാണ് വേണ്ടതെന്നും എം വി ജയരാജന്‍ പറഞ്ഞു.
എസ്എഫ്‌ഐ, എകെപിസിടിഎ, എകെജിസിടി, കെയുടിസി, കെയുഇയു, കെഎന്‍ടിഇഒ, എസ്എഫ്‌സിടിഎസ്എ എന്നീ സംഘടനകള്‍ ചേര്‍ന്നാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. ചെറുശേരി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ടി കെ പ്രിയ അധ്യക്ഷയായി. സിന്‍ഡിക്കറ്റംഗം എന്‍ സുകന്യ, വൈഷ്ണവ് മഹീന്ദ്രന്‍, കെ സാരംഗ്, ഡോ. ആര്‍ കെ സുനില്‍കുമാര്‍, പ്രത്യുഷ് പുരുഷോത്തമന്‍, സി നന്ദനന്‍, കെ എസ് സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. സി ടി ശശി പ്രമേയം അവതരിപ്പിച്ചു. എ നിശാന്ത് സ്വാഗതവും പി എം മനോജ്കുമാര്‍ നന്ദിയും പറഞ്ഞു.
വൈസ് ചാന്‍സലറെ ക്രിമിനലെന്നു വിളിച്ചത് പിന്‍വലിക്കണമെന്നും കണ്ണൂര്‍ സര്‍വകലാശാലയെ തകര്‍ക്കുന്ന നിലപാടില്‍നിന്ന് ഗവര്‍ണര്‍ പിന്മാറണമെന്നും സര്‍വകലാശാലാ സംരക്ഷണക്കൂട്ടായ്മ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എകെജിസിടി സംസ്ഥാന സെക്രട്ടറി സി ടി ശശി പ്രമേയം അവതരിപ്പിച്ചു.
25 വര്‍ഷം പൂര്‍ത്തിയാക്കിയ കണ്ണൂര്‍ സര്‍വകലാശാല വളര്‍ച്ചയുടെ ഘട്ടത്തിലാണ്. നാക് ബി പ്ലസ് ഗ്രേഡ് നേടിയതോടൊപ്പം എന്‍ഐആര്‍എഫിലും അടല്‍ റാങ്കിങ്ങിലും ഇടംനേടി. രണ്ടുവര്‍ഷത്തിനുള്ളില്‍ നാക് എ ഗ്രേഡ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍വലകലാശാലയില്‍ നടക്കുന്നതിനിടെയാണ് അനാവശ്യ വിവാദങ്ങളിലേക്ക് ചാന്‍സലര്‍ വലിച്ചിഴയ്ക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് അവമതിപ്പുണ്ടാക്കുന്നതും വളര്‍ച്ചയെ ഇല്ലായ്മചെയ്യുന്നതുമായ പ്രവര്‍ത്തനങ്ങളില്‍നിന്ന് ചാന്‍സലര്‍ പിന്മാറണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.












Click it and Unblock the Notifications