തീരദേശമേഖലയില്‍ വീട് നിര്‍മാണത്തിന് കാലതാമസം: കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് വനിതാ കമ്മിഷന്‍
തലശേരി: തീരപ്രദേശത്തുള്ള വീട് നിര്‍മാണത്തിന് തീരദേശ പരിപാലന നിയമം തടസമായി നില്‍ക്കുന്നതായും ഇതു പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്യുമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി.
കേരള വനിതാ കമ്മിഷന്‍ തീരദേശ മേഖലയില്‍ നടത്തുന്ന ക്യാമ്പിന്റെ ഭാഗമായി മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിലെ മത്സ്യ തൊഴിലാളി കുടുംബങ്ങളിലെ രോഗബാധിതരായവരെ വീടുകളിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. തീരദേശത്തുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ലൈഫ് ഭവന പദ്ധതിയില്‍ വീട് അനുവദിച്ചിട്ടുണ്ടെങ്കിലും നിയമകുരുക്ക് കാരണം നിര്‍മാണത്തിന് കാലതാമസം നേരിടുകയാണ്.

വീട് നിര്‍മിക്കാന്‍ ഉതകുന്ന രൂപത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരദേശ നിയമത്തിന്റെ വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്ന് പല കുടുംബങ്ങളും ആവശ്യപ്പെട്ടു. വീട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് പാസാക്കിയിട്ടും വര്‍ഷങ്ങളായി വീട് നിര്‍മിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും അവര്‍ പറഞ്ഞു. കെട്ടിട നിര്‍മാണം കൂടാതെ, തീരദേശ പരിപാലന നിയമം കാരണം കെട്ടിട നികുതിയടക്കം അടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
ഇതോടെ തീരദേശത്തെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പോലും മുടങ്ങുന്നതായും കുടുംബങ്ങള്‍ ആശങ്ക അറിയിച്ചു. ഉപ്പുവെള്ളത്തിന്റെ പ്രയാസങ്ങളടക്കം അറിയിച്ചതായും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി കണ്ണൂര്‍ ജില്ലയിലെ തീരപ്രദേശത്തുള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെട്ടതാണ്. വലിയ തോതിലുള്ള ഗാര്‍ഹിക പീഡനങ്ങളോ ലഹരി ഉത്പന്നങ്ങളുടെ വിപണനം പോലുള്ള പ്രശ്‌നങ്ങളോ കൂടുതലായി കണ്ടുവരുന്നില്ല.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സമൂഹത്തിന്റെയും കൃത്യമായ ഇടപെടലാണ് ഇതിന് കാരണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. മുഴപ്പിലങ്ങാട് തീരപ്രദേശത്തെ ആറോളം കുടുംബങ്ങളിലെത്തി അവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വനിതാ കമ്മിഷന്‍ അധ്യക്ഷയും അംഗങ്ങളും നേരിട്ടു കണ്ട് മനസിലാക്കി.
മൂന്നു മക്കള്‍ വിധവകളായ കരിങ്കല്ല് ഹൗസിലെ കുഞ്ഞിപ്പാത്തു, ഏഴുവര്‍ഷമായി മകന്‍ കിടപ്പിലായ വയലില്‍ ഹൗസിലെ കാച്ചു ഉമ്മ, എട്ടുവര്‍ഷമായി കിടപ്പിലായ റജീന മന്‍സിലിലെ റാബിയ, വാര്‍ധക്യസഹജമായ അസുഖം കാരണം കിടപ്പിലായ വളപ്പിലെ കണ്ടിയിലെ കൗസല്യ, സുലൈഖ മന്‍സിലിലെ സുലൈഖ, ടി കെ ഹൗസിലെ സഫിയ എന്നിവരുടെ വീടുകളിലാണ് സന്ദര്‍ശനം നടത്തിയത്.
വനിതാ കമ്മീഷന്‍ അംഗങ്ങള്‍ വീടുകളില്‍ നേരിടുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടറിഞ്ഞ് അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് അറിയിച്ചു. കേരളത്തിലെ ഒമ്പത് ജില്ലകളിലാണ് തീരദേശ ക്യാമ്പ് നടത്തുന്നത്. വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. സജിത, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ കെ.വി. നിമിഷ എന്നിവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications