ദീപുവിന്‍റെ കൊലപാതകം: ജാമ്യഹർജികൾ പരിഗണിക്കുന്ന കോടതി മാറ്റാൻ ഹൈക്കോടതിയുടെ അനുമതി
എറണാകുളം: ട്വന്റി ട്വന്റി പ്രവർത്തകനായ ദീപുവിന്റെ കൊലപാതകത്തിൽ പ്രതികളുടെ ജാമ്യ ഹർജികൾ മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതിയുടെ അനുമതി. കേസ് പരിഗണിക്കുന്ന ജഡ്‌ജിക്ക് സിപിഎം ബന്ധമുണ്ടെന്നും അതിനാൽ നീതി ലഭിക്കില്ലെന്നും കാണിച്ചാണ് ദീപുവിന്റെ അച്ഛൻ കോടതിയെ സമീപിച്ചത്. കേസിലെ പ്രതികൾ സിപിഎം പ്രവർത്തകരാണ്.
കേസ് പരിഗണിക്കുന്ന ജില്ലാ ജഡ്‌ജി തൃശൂർ ജില്ലാ സെക്രട്ടറിയുടെ മകളാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോടതിയിൽ നിന്ന് നോട്ടീസോ മറ്റ് രേഖകളോ നൽകാൻ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ നീതി ലഭിക്കില്ലെന്നും ജാമ്യ ഹർജി പരിഗണിക്കുന്ന കോടതി മാറ്റണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. വാദം തെളിയിക്കാൻ ജഡ്‌ജിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പകർപ്പും കോടതിയിൽ ഹാജരാക്കിയിരുന്നു.

എന്നാൽ കേസിൽ വാദം കേട്ട് വിധി പറയുന്നത് വരെ ദീപുവിന്‍റെ ബന്ധുക്കൾക്ക് ഇത്തരത്തിലൊരു ആക്ഷേപം ഉണ്ടായിരുന്നില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. കേസിൽ വാദം തുടങ്ങുന്നതിന് മുമ്പ് തന്നെ വിചാരണ കോടതിയുടെ നിർദേശത്തെ തുടർന്ന് നോട്ടീസ് കൈമാറിയിട്ടുണ്ടെന്നും പ്രതിഭാഗം വ്യക്തമാക്കി. സിപിഎം പ്രവർത്തകരുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്യുകയായിരുന്നു. കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ട ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ട്വന്റി ട്വന്റിയുടെ വിളക്കണയ്ക്കൽ സമരത്തോടനുബന്ധിച്ചുളള സംഘർഷത്തിലാണ് ദീപു കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. കേസിലെ മുഖ്യ പ്രതിയും സിപിഎം പ്രവർത്തകനുമായ സൈനുദ്ദീൻ ഉൾപ്പടെ നാല് പ്രതികളാണ് പൊലീസ് പിടിയിലായത്. കൊലപാതകത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. അതേ സമയം കേസ് സിബിഐ അന്വേഷിക്കണമെന്നാണ് ട്വന്റി ട്വന്റിയുടെ ആവശ്യം.
ദീപുവിന്റെ മരണത്തിന് കാരണമായത് തലക്കേറ്റ പരിക്കാണെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇത് സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിൽ ആക്കിയിരുന്നു. കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചനയില്ലെന്നാണ് പ്രതികൾ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. പ്രവർത്തകനുമായി വാക്കു തർക്കം മാത്രമാണ് ഉണ്ടായതെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
അതേ സമയം കിഴക്കമ്പലത്ത് സംഘർഷം ഉണ്ടായിട്ടില്ലെന്നും ലിവർ സീറോസിസ് മൂലമാണ് ദീപു മരിച്ചതെന്നും സ്ഥലം എംഎൽഎ പി വി ശ്രീനിജിന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഈ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ദീപുവിന്‍റെ പോസ്റ്റ്‌മോർട്ടം നടത്തിയത്. തലയോട്ടിക്ക് പിറകിൽ രണ്ടിടങ്ങളിൽ ക്ഷതം ഉള്ളതായി കണ്ടെത്തിയിരുന്നു. തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചു. അതേ സമയം ദീപുവിന് കരൾ രോഗവും ഉണ്ടായിരുന്നു. ഇതും മരണത്തിന് ആക്കം കൂട്ടി. ക്ഷതമേറ്റതിനെ തുടർന്ന് രക്തധമനികളിൽ പൊട്ടലുണ്ടായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.












Click it and Unblock the Notifications