14 കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; സണ്‍ഡേ സ്‌കൂള്‍ അധ്യാപികയടക്കം നാല് പേര്‍ക്ക് കഠിന തടവ്
കൊച്ചി: കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സണ്‍ഡേ സ്‌കൂള്‍ അധ്യാപിക അടക്കം നാല് പേര്‍ക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. ഒന്നാം പ്രതി സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപിക കിഴക്കമ്പലം കോളനിപ്പടി അറയ്ക്കല്‍ വീട്ടില്‍ അനീഷക്ക് 32 വര്‍ഷത്തെ തടവ് ശിക്ഷയും പിഴയുമാണ് വിധിച്ചത്.
കേസിലെ മറ്റ് പ്രതികളായ പട്ടിമറ്റം ചൂരക്കാട്ട് കര അയ്മനക്കുടി വീട്ടില്‍ ബേസില്‍ എന്ന ഹാര്‍ഷാദിന് 28 വര്‍ഷവും, കിഴക്കമ്പലം ആലിന്‍ചുവട് തടിയന്‍ വീട്ടില്‍ ജിബിന് 48 വര്‍ഷവും, തൃക്കാക്കര തേവയ്ക്കല്‍ മീന്‍ കൊള്ളില്‍ വീട്ടില്‍ ജോണ്‍സ് മാത്യുവിന് 12 വര്‍ഷവും വീതമാണ് തടവുശിക്ഷ വിധിച്ചിരിക്കുന്നത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമക്കേസുകള്‍ വിചാരണ ചെയ്യുന്ന അഡീ. സെഷന്‍സ് (പോക്സോ) കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി കെ. സോമന്റേതാണ് വിധി പ്രസ്താവം. ശിക്ഷ ലഭിച്ച നാലില്‍ മൂന്ന് പ്രതികളും 30 വയസിന് താഴെയുള്ളവരാണ്. ആകെ പത്ത് പ്രതികളായിരുന്നു കേസില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ അഞ്ച് പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരില്‍ ഒരാള്‍ പെണ്‍കുട്ടിയുമാണ്.
പീഡനത്തിരയായ 14 വയസുള്ള പെണ്‍കുട്ടിയെ സണ്‍ഡേ സ്‌കൂളില്‍ വെച്ചാണ് പ്രധാനപ്രതിയായ അനീഷ പരിചയപ്പെടുന്നത്. അനീഷയാണ് പെണ്‍കുട്ടിയെ കുട്ടിയെ മറ്റു പ്രതികള്‍ക്ക് പരിചയപ്പെടുത്തിയത്. ഇവര്‍ പിന്നീട് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
പീഡനദൃശ്യം പകര്‍ത്തിയ പ്രതികള്‍ ഭീഷണിപ്പെടുത്തി പിന്നെയും പെണ്‍കുട്ടിയെ പല തവണ പീഡിപ്പിച്ചു. നഗ്‌നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതികള്‍ പിന്നീട് ഇതുകാട്ടി ഭീഷണിപ്പെടുത്തിയാണ് മറ്റ് പ്രതികള്‍ക്ക് പെണ്‍ുട്ടിയെ കാഴ്ചവെച്ചത്. 2015 ലായിരുന്നു കേസിനാസ്പദമായ സംഭവം.
ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും പോക്സോ നിയമ പ്രകാരവും പ്രതികള്‍ക്കെതിരായ കുറ്റം കണ്ടെത്തി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി എ ബിന്ദുവാണ് ഹാജരായത്. തടിയിട്ട പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ ജെ കുര്യാക്കോസാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികള്‍ പിഴയായി ഒടുക്കുന്ന തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ കോടതി വ്യക്തമാക്കി. പെണ്‍കുട്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ മതിയായ നഷ്ട പരിഹാരം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. രണ്ട് ലക്ഷം രൂപയാണ് പ്രതികള്‍ക്ക് പിഴയായി വിധിച്ചത്.












Click it and Unblock the Notifications