Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രൂപ്പ് തർക്കം; കളമശേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോഡ് യോഗം മുടങ്ങി, സ്ഥിരം സമിതി അംഗങ്ങളും രാജിവെക്കും

കളമശേരി: കളമശേരിയിൽ അതിരൂക്ഷമായി തുടരുന്ന കോൺഗ്രസ് ഗ്രൂപ്പ് പോരിൽ കളമശേരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോഡ് യോഗം ചേരാതെ ബഹളത്തിൽ പിരിഞ്ഞു. ചികിത്സാ ധനസഹായം നൽകുന്നതിനും നിരവധി ലോണപേക്ഷകൾ പാസ്സാക്കുന്നതിനും വിദ്യാഭ്യാസ വായ്പകൾ അനുവദിക്കുന്നതിനുമായി വിളിച്ച ചേർത്ത യോഗം മുടങ്ങിയതിനാൽ അംഗങ്ങൾ ദുരിതത്തിലായി. കോടികളുടെ അഴിമതിക്ക് കളമൊരുക്കുന്ന ഭൂമിയിടപാടിനെ ചൊല്ലിയാണ് യോഗം നടക്കാതെ പോയത്.

കളമശേരിയിലെ കോൺഗ്രസ് എ ഗ്രൂപ്പ് നേതാവ് ടി.കെ. കുട്ടിയാണ് സഹകരണ ബാങ്ക് പ്രസിഡന്റ്. ചൊവ്വാഴ്ച വിളിച്ചു ചേർത്ത ബാങ്കിന്റെ ഭരണ സമിതി യോഗമാണ് ഗ്രൂപ്പ് തർക്കത്തെ തുടർന്ന് മുടങ്ങിയത്. നിലവിൽ 12 അംഗങ്ങളുള്ള ഭരണസമിതി യോഗം ചേരാനിരിക്കെ മിനുട്സ് ബുക്കിൽ അജണ്ട രേഖപ്പെടുത്തിയതിന് താഴെ കുറെ സ്ഥലം ഒഴിവാക്കിവെച്ചതിനെ ചൊല്ലിയാണ് കലഹം ഉടലെടുത്തത്. വിവാദത്തിലായ ഭൂമികച്ചവടം യോഗശേഷം മിനുട്സിൽ രേഖപ്പെടുത്തി പാസാക്കാക്കള്ള എ ഗ്രൂപ്പ് തന്ത്രം ലീഗംഗങ്ങളും ഐ ഗ്രൂപ്പും ചേർന്ന് പൊളിക്കുകയായിരുന്നുവെന്ന് അവർ പിന്നീട് അവകാശപ്പെട്ടു.

Bank resign

ഭരണസമിതിയിൽ നിലവിൽ ഒമ്പത് കോൺഗ്രസ്സുകാരും മൂന്ന് മുസ്ലിം ലീഗുകാരുമാണ് അംഗങ്ങൾ. കോൺഗ്രസ് ഐ ഗ്രൂപ്പിലെ കെ ജി മോഹനൻ, വി കരുണാകരൻ, പി ഐ അബ്ദുൾ മനാഫ്, മുസ്ലിം ലീഗിലെ പി എ അബ്ദുള്ള, ഷെറീന കമറുദ്ദീൻ, പി എ സുബൈർ എന്നിവരാണ് തർക്കമുന്നയിച്ചത്. അജണ്ട പൂർണ്ണമായും എഴുതിയ ശേഷമെ തങ്ങൾ ഒപ്പിടൂ എന്ന് ഇവർ ശഠിച്ചു. ഇപ്പോഴും അന്തിമ തീരുമാനത്തിലെത്താത്ത ഭൂമിയിടപാട് അജണ്ടയിൽ എഴുതി ചേർക്കാനുള്ള ഗൂഢ ഉദ്ദേശമാണ് പ്രസിഡന്റ് ടി കെ കുട്ടി ഉൾപ്പെടുന്ന എ ഗ്രൂപ്പിനെന്ന് അവർ ആരോപിച്ചു. ബഹളം കനത്തതോടെ മിനുട്സ് ബുക്കിൽ ഒപ്പിടാൻ പറ്റാത്തവർക്ക് ഇറങ്ങി പോകാം എന്ന് പ്രസിഡന്റ് പറയുകയും ലീഗ് അംഗങ്ങളും ഐ ഗ്രൂപ്പ്കാരും മിനുട്സിൽ ഒപ്പിടാതെ ഇറങ്ങിപ്പോവുകയുമായിരുന്നു.

ഇതോടെ യോഗം ചേരാനുള്ള അംഗസംഖ്യ തികയാതെ യോഗം പിരിഞ്ഞു. ഇരു ഗ്രൂപ്പുകളുടെയും കടുംപിടുത്തം വിജയിക്കുമ്പോൾ ജീവൽ പ്രധാനമായ ആവശ്യങ്ങൾക്ക് വേണ്ടി ബാങ്കിനെ സമീപിക്കുന്ന സാധാരണക്കാരാണ് ദുരിതത്തിലാകുന്നത്. ഇനി ഭരണസമിതിക്കാർ ഗ്രൂപ്പ് പോരാട്ടമൊക്കെ അവസാനിപ്പിച്ച് നടക്കാനിരിക്കുന്ന ഭരണ സമിതി യോഗം വരെ ഇവർ കാത്തിരുന്നേ പറ്റൂ എന്നാണറിയുന്നത്.

കളമശേരി സഹകരണ ബാങ്കിന് കെട്ടിടം പണിയാൻ 57 സെന്റ് സ്ഥലം സെന്റിന് 16.25 ലക്ഷം രൂപ നിരക്കിൽ വാങ്ങാൻ പ്രസിഡന്റ് ഏകപക്ഷീയമായി തീരുമാനിച്ചിരുന്നു. ഇതേ ഭൂമി സെന്റിന് ഒമ്പത് ലക്ഷത്തിൽ താഴെ വിലക്ക് കിട്ടുമെന്നിരിക്കെ സ്ഥലമെടുപ്പ് കോടികളുടെ അഴിമതിയ്ക്കുള്ള സാധ്യത തുറന്നിരിക്കുകയാണ്. അതിന്റെ പങ്കും കമ്മീഷൻ വിഹിതവും അവകാശപ്പെട്ടാണ് തർക്കവും എതിർപ്പും രൂക്ഷമായത്. അതോടൊപ്പം നഗരസഭയിലെ ഐ ഗ്രൂപ്പ് സ്ഥിരം സമിതി അധ്യക്ഷരുടെ രാജി ഈ എതിർപ്പിന് ബലം കൂട്ടാൻ ഉപയോഗിക്കുകയാണ്.

സെന്റിന് 16.25 ലക്ഷം രൂപ വില നിശ്ചയിച്ചു എന്ന് അവകാശപ്പെടുന്ന ഭൂമി വാങ്ങലുമായി ബന്ധപ്പെട്ട് കരാർ രേഖകളൊ മറ്റൊ ഭരണ സമിതി അംഗങ്ങളെ കാണിച്ചിരുന്നില്ല. അങ്ങനെയൊന്ന് ഇല്ല എന്നാണ് അറിയുന്നത്. ഭരണസമിതിയിലെ മൂന്ന് ഐ ഗ്രൂപ്പ് അംഗങ്ങളും ലീഗ് അംഗങ്ങളും മുമ്പ് സ്ഥലം വാങ്ങുന്നതിൽ എതിർപ്പുണ്ടെന്ന് കാട്ടി പരാതി നൽകിയിരുന്നതാണ്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ ഒരു പക്ഷെ ബാങ്ക് ഭരണസമിതി പിരിച്ചുവിടുമെന്ന അവസ്ഥ ഉണ്ടായി. ആ ഘട്ടത്തിൽ സ്ഥലമെടുപ്പ് പിന്നീട് വിശദമായ ചർച്ചകൾക്ക് ശേഷമെ തീരുമാനിക്കൂ എന്ന നിലപാട് യുഡിഎഫ് നേതൃത്വം എടുക്കുകയും പരാതിക്കാരെ പിന്തിരിപ്പിക്കുകയുമായിരുന്നു.

പള്ളിലാംകര, എച്ച്എംടി കോളനി, പൈപ്പ് ലൈൻ തുടങ്ങിയ സ്ഥലങ്ങളിൽ ഇതിന്റെ നാലിലൊന്ന് വിലയ്ക്ക് സ്ഥലം കിട്ടുമെന്നും ഇപ്പോൾ വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് വ്യാപാര സമുച്ചയം പണിതാൽ നഷ്ടമാകുമെന്നും കാട്ടിയായിരുന്നു പരാതി നൽകിയിരുന്നത്.

കളമശേരി സർവീസ് സഹകരണ ബാങ്ക് പ്രവർത്തനം ഭരണ സമിതി അംഗങ്ങളുടെ ഉത്തരവാദിത്തമില്ലായ്മ മൂലം താളം തെറ്റുന്നു. പ്രമാദമായ ഭൂമി ഇടപാട് ഭരണസമിതിയുടെ കൊള്ളക്ക് ഏറ്റവും വലിയ തെളിവാണ്. നിലവിലുള്ളതിന്റെ ഇരട്ടിയോളം വിലക്ക് ഭൂമി വാങ്ങാനെടുത്ത തീരുമാനം നല്ല ഉദ്ദേശത്തോടെയുള്ളതല്ല എന്ന് ദേശാഭിമാനി നേരത്തെ റിപ്പോർട്ട് ചെയ്തതാണ്. അത് ശരി വെക്കുന്ന നടപടികളാണ് ചൊവ്വാഴ്ചത്തെ ഭരണ സമിതി യോഗത്തിൽ അരങ്ങേറിയത്. കോടികളുടെ കൊളളയാണ് ഇതുവഴി നടക്കുന്നത്.

ബാങ്കിന് പുതിയ ശാഖ തുറക്കാനായി 10 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ നടക്കുന്നത്. എന്നാൽ ഇതിന് സഹകരണ വകുപ്പിന്റെ അനുമതി കിട്ടിയിരുന്നില്ല. പ്രതിമാസം 25000 രൂപ കെട്ടിട വാടകയായും നൽകുന്നതായി അറിയുന്നു.

നേരത്തെ സഹകരണ വകുപ്പിന്റെ അനുമതി കിട്ടിയ ലാബ് പ്രവർത്തനം തുടങ്ങാനൊ ആമ്പുലൻസ് വാങ്ങാനൊ ഒരു താല്പര്യവും ഭരണ സമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിലും ദുരൂഹതയുണ്ട്. ബാങ്കിന്റെ കോടിക്കണക്കായ സമ്പാദ്യം ഉത്തരവാദിത്തമില്ലാതെ കൈകാര്യം ചെയ്യുന്ന ഭരണ സമിതിക്കെതിരെ മെമ്പർമാരുടെ പ്രതിഷേധം രൂക്ഷമാവുകയാണ്.

കോൺഗ്രസ് ഗ്രൂപ്പ് തർക്കത്തിന്റെ പേരിൽ പദവികൾ രാജിവെച്ച കളമശേരി നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷരെ മാതൃകയാക്കി സ്ഥിരം സമിതിയിലെ തെരഞ്ഞെടുത്ത അംഗങ്ങളും രാജിവെക്കുമെന്ന് ഐ ഗ്രൂപ്പ് പ്രതിനിധി പറഞ്ഞു. തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിന് ശക്തമായ പ്രഹരമേൽപ്പിക്കുകയാണ് ലക്ഷ്യം. ഇതിനിടെ ചൊവ്വാഴ്ച തനിക്ക് ലഭിച്ച മൂന്ന് സ്ഥിരം സമിതി അധ്യക്ഷരുടെ രാജിക്കത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചതായി സെക്രട്ടറി എ.ശ്രീകുമാർ പറഞ്ഞു. കമ്മീഷനിൽ നിന്നും ലഭിക്കുന്ന നിദ്ദേശം പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+