എറണാകുളത്ത് എച്ച്1 എൻ1 ബാധിച്ച് നാല് വയസുകാരൻ മരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
എറണാകുളം: പനി ഭീതിയിൽ വിറച്ചു നിൽക്കുന്ന ജില്ലയിൽ കൂടുതൽ ആശങ്ക പരത്തി കൊണ്ട് എച്ച്1 എൻ1 മരണം. നാല് വയസുകാരനാണ് എച്ച്1 എൻ1 ബാധിച്ചു മരണപ്പെട്ടത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആയിരുന്നു കുട്ടി മരണപ്പെട്ടത്. ആലങ്ങാട് ഒളനാട് സ്വദേശിയായ ലിയോൺ ലിബുവാണ് മരിച്ചത്.
ഇന്നലെയായിരുന്നു പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ എച്ച്1 എൻ1 പോസിറ്റിവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. ഇന്ന് വൈകീട്ട് നാൾ മണിയോടെ ലിയോണിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് അധികൃതർ.

കഴിഞ്ഞ ദിവസം മലപ്പുറത്തും എച്ച്1 എൻ1 ബാധിച്ച് മരണം നടന്നിരുന്നു. പൊന്നാനി സ്വദേശിയായ സൈഫുനിസയാണ് മരിച്ചത്. 47 വയസായിരുന്നു ഇവർക്ക്. രണ്ടാഴ്‌ച മുൻപാണ് സൈഫുനിസക്ക് പനി ബാധിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് ഈ മാസം 14ന് തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ഇതോടെ ആശങ്ക വർധിക്കുകയാണ്.
എച്ച്1 എൻ1 രോഗബാധയുടെ ലക്ഷണങ്ങൾ
പനി, ചുമ, ശ്വാസം മുട്ടല്‍, ശരീര വേദന, തൊണ്ടവേദന, ജലദോഷം വിറയല്‍, ക്ഷീണം, പേശീവേദന തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദ്ദിയും വയറിളക്കവും ഉൾപ്പെടെ ഉണ്ടാകാറുണ്ട്. പനിക്കൊപ്പം സാധാരണയിലും കൂടുതല്‍ വേഗത്തില്‍ ഹൃദയമിടിക്കുക, നാഡീചലനം ധൃതിയിലാവുക, രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറയുക എന്നീ ലക്ഷണങ്ങളും ഉണ്ടാവാറുണ്ട്.
എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കാം
കൈകാലുകള്‍ വൃത്തിയായി സൂക്ഷിക്കുക, സോപ്പും വെളളവും ഉപയോഗിച്ച് ഇടക്കിടക്ക് കഴുകുക, യാത്രക്ക് ശേഷം ഉടന്‍ കുളിക്കുക, രോഗികളുമായുളള സമ്പര്‍ക്കം ഒഴിവാക്കുക, രോഗലക്ഷണമുളളവര്‍ വീടുകളില്‍ പൂര്‍ണ്ണ വിശ്രമം എടുക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായയും തൂവാല ഉപയോഗിച്ച് പൊത്തിപ്പിടിക്കുക തുടങ്ങിയ മുൻകരുതലുകൾ ക്കണം. കൂടാതെ വായുവിലൂടെ പകരുന്ന രോഗമായതിനാൽ മാസ്‌ക് ധരിക്കുന്നതും നന്നാവും.
അപകട സാധ്യതയും ചികിത്സയും
സാധാരണയായി 'ഒസാള്‍ട്ടമിവിര്‍' മരുന്നാണ് ഇതിന്റെ ചികിത്സക്ക് ഉപയോഗിക്കുന്നത്. രോഗപ്രതിരോധ ശേഷി കുറവുളളവരില്‍ ഈ രോഗം പെട്ടെന്ന് ബാധിക്കാനും മൂര്‍ഛിക്കാനും സാധ്യതയുണ്ട്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രമേഹരോഗികള്‍, വൃക്ക, കരള്‍ രോഗം ബാധിച്ചവര്‍, ഹൃദ്രോഗികള്‍, രക്തസമ്മര്‍ദ്ദം, കാന്‍സര്‍, എച്ച്ഐവി ബാധിതര്‍, അവയവം മാറ്റിവെച്ചവര്‍ എന്നിവര്‍ക്ക് അപകട സാധ്യത കൂടുതലാണ്.












Click it and Unblock the Notifications