മാര്‍ട്ടിന്‍ ബോംബ് നിര്‍മിച്ചത് വീഡിയോ എടുത്തു, ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ച് പോലീസ്
കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ഫോണ്‍ പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ഈ ഫോണില്‍ മാര്‍ട്ടിന്‍ ബോംബ് നിര്‍മിക്കുന്നതിന്റെയും, സ്ഥാപിക്കുന്നതിന്റെയും വീഡിയോ എടുത്തിട്ടുണ്ട്. കണ്‍വെന്‍ഷന്‍ ഹാളില്‍ ഇവ സ്ഥാപിക്കുന്നതും, റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയതുമെല്ലാം ഡൊമിനിക് മാര്‍ട്ടിന്റെ ഫോണില്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.ഇതെല്ലാം മാര്‍ട്ടിന്‍ ചെയ്തത് ഒറ്റയ്ക്കാണ്.
അതേസമയം പ്രതിയുടെ തിരിച്ചറിയല്‍ പരേഡിനുള്ള അപേക്ഷ വൈകീട്ടോടെ കോടതിയില്‍ സമര്‍പ്പിക്കും. കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡ് വേഗം പൂര്‍ത്തിയാക്കാനാണ് പോലീസിന്റെ ശ്രമം. പതിനഞ്ച് വര്‍ഷത്തിലേറെ വിദേശത്തായിരുന്നു മാര്‍ട്ടിന്‍ താമസിച്ചിരുന്നത്. ഇവിടെ വെച്ച് തന്നെയാവണം ഇയാള്‍ ബോംബ് നിര്‍മാണം പഠിച്ചതും എന്നാണ് പോലീസ് സംശയിക്കുന്നത്.

പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ തെളിവെടുപ്പിനാണ് പോലീസ് ശ്രമിക്കുക. സാക്ഷികളെ ജയിലില്‍ എത്തിച്ച ശേഷമായിരിക്കും തിരിച്ചറിയല്‍ പരേഡ് നടത്തുക. വിദേശത്ത് നിന്നുള്ള വിവരങ്ങളെല്ലാം പോലീസ് ശേഖരിക്കുന്നുണ്ട്. ഡൊമിനിക് മാര്‍ട്ടിന്റെ സ്വഭാവ രീതിയില്‍ വിശദമായി പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. തെളിവുകള്‍ നശിപ്പിക്കാതെ ഓരോന്നായി കൈമാറുന്നതിലെ അസ്വാഭാവികതയാണ് ഇങ്ങനെയൊരു നീക്കം നടത്താന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത്.
അതേസമയം സാധാരണ പ്രതികള്‍ പോലീസ് ഓരോ തെളിവുകള്‍ നിരത്തുമ്പോഴാണ് കുറ്റം സമ്മതിക്കാറുള്ളത്. ഇവിടെ പ്രതി തന്നെ പോലീസിന് മുന്നിലേക്ക് വേഗത്തില്‍ തെളിവുകള്‍ നല്‍കുകയാണ്. ഇതാണ് പോലീസിന് സംശയം ഉണ്ടാക്കിയിരിക്കുന്നത്. കുറ്റകൃത്യത്തില്‍ പങ്കാളികളായവരെ രക്ഷിക്കാനുള്ള തന്ത്രമാണോ ഇതെന്നും പോലീസിന് സംശയമുണ്ട്.
താന്‍ ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചതെന്ന് കാണിച്ച്, എല്ലാ തെളിവുകളും നല്‍കുകയാണ് ഇയാള്‍ ചെയ്യുന്നത്. ഇവ പൂര്‍ണമായി വിശ്വസിക്കാനോ തള്ളിക്കളയാനോ അന്വേഷണ സംഘം തയ്യാറായിട്ടില്ല. കുറ്റകൃത്യം നിര്‍ഹിച്ചശേഷം പ്രതി പുറത്തുവിട്ട വീഡിയോയുടെ കാര്യത്തിലും പോലീസ് സ ംശയമുണ്ട്. യാതൊരു പരിഭ്രാന്തിയുമില്ലാതെയായിരുന്നു ഡൊമിനിക് സന്ദേശം വായിച്ചത്.












Click it and Unblock the Notifications