കൊച്ചിയിലെത്തി കര്‍ണാടക പോലീസിന്റെ പണം തട്ടിപ്പ്; പിടിച്ചത് എങ്ങനെ, വെളിപ്പെടുത്തി കൊച്ചി ഡിസിപി
കൊച്ചി: അതിര്‍ത്തി കടന്നെത്തി പണം തട്ടിയ കേസില്‍ കുടുങ്ങിയത് കര്‍ണാടക പോലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍. പോലീസുകാര്‍ നാല് ലക്ഷം രൂപയാണ് പരാതിക്കാരില്‍ നിന്ന് തട്ടിയെടുത്തത്. പത്ത് ലക്ഷം രൂപ നല്‍കിയാല്‍ കേസില്‍ നിന്ന് ഒഴിവാക്കി തരാമെന്നായിരുന്നു വാഗ്ദാനം. കൈക്കൂലി വാങ്ങിച്ചെടുക്കാനായിട്ടാണ് പോലീസുകാര്‍ കൊച്ചിയിലെത്തിയത്. പോലീസ് വിദഗ്ധമായ നീക്കത്തിലൂടെയാണ് ഇവരെ കുടുക്കിയത്.
കര്‍ണാടക പോലീസിലെ ഇന്‍സ്‌പെക്ടര്‍ അടക്കമുള്ള നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ലഭിച്ചത് പ്രകാരമാണ് പോലീസ് കൃത്യമായ നടപടി എടുത്തതെന്ന് കൊച്ചി ഡിസിപി എസ് ശശിധരന്‍ പറഞ്ഞു.യുവാക്കള്‍ പരാതി നല്‍കുകയും, പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതും തനിക്ക് കേള്‍പ്പിച്ച് തന്നിരുന്നതായി ഡിസിപി പറഞ്ഞു. തുടര്‍ന്ന് പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് കളമശ്ശേരി സിഐയെ വിളിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചതെന്ന് ശശിധരന് വ്യക്തമാക്കി.

ഒരു കാര്‍ കൂടി ഇവര്‍ കൊണ്ടുപോയിരുന്നു. അത് എവിടെയുണ്ടെന്ന് വേഗം കണ്ടെത്താനും നിര്‍ദേശം നല്‍കി. അതിലുള്ളവരോട് ചോദിച്ചപ്പോള്‍ കര്‍ണാടക പോലീസാണെന്ന മറുപടിയാണ് ലഭിച്ചത്. മൂന്ന് കോണ്‍സ്റ്റബിള്‍മാരും കൂട്ടത്തിലുണ്ടായിരുന്നു. വാഹനം പരിശോധിച്ചപ്പോള്‍ അതില്‍ നാല് ലക്ഷത്തോളം രൂപയാണ് കണ്ടെത്തിയത്. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി ലഭിച്ചില്ല. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരിയായിരുന്നുവെന്നും ശശിധരന്‍ വ്യക്തമാക്കി.
പരാതി തന്നവരില്‍ അഖില്‍ ആന്റണിയെ നേരത്തെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പണം തന്നാല്‍ കേസ് ഒഴിവാക്കി കൊടുക്കാമെന്നാണ് പറഞ്ഞത്. അതിന് പത്ത് ലക്ഷം തന്നാല്‍ കേസില്‍ നിന്നൊഴിവാക്കി കൊടുക്കാമെന്നും പറഞ്ഞുവെന്ന് ശശിധരന്‍ പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭയപ്പെടുത്തി പണം അപഹരിക്കല്‍ വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും ഡിസിപി വ്യക്തമാക്കി.
ബെംഗളൂരുവിലെ വൈറ്റ് ഫീല്‍ഡ് പോലീസ് സ്‌റ്റേഷനില്‍ കൊച്ചി സ്വദേശികള്‍ക്കെതിരെ കേസുണ്ടെന്നും ഡിസിപി പറഞ്ഞു. ഇതിന്റെ പൂര്‍ണമായ വിശദാംശം അന്വേഷിച്ച് വരുന്നതേയുള്ളൂ. പരാതിക്കാര്‍ ഇത്തരത്തിലാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ 26 ലക്ഷം ഒരു യുവതിക്ക് നഷ്ടപ്പെട്ടതുമായി ഉണ്ടായ കേസിലാണ് കര്‍ണാടക പോലീസ് കൊച്ചിയിലെത്തിയത്. വേറെ രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്ത ശേഷമാണ് പോലീസ് ഇവിടെയെത്തിയത്. ക്രിപ്‌റ്റോ കറന്‍സി കേസാണിത്.
കര്‍ണാടകത്തില്‍ നിന്ന് എസിപി ഇവിടെയെത്തിയിട്ടുണ്ട്. അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ കോടതിയില്‍ ഹാജരാക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടിയിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരായത് കൊണ്ടാണിത്. കസ്റ്റഡിയില്‍ എടുത്തവര്‍ തന്നെയാണ് ബെംഗളൂരുവില്‍ കൊച്ചിയിലെ യുവാക്കള്‍ക്കെതിരെയുള്ള കേസ് അന്വേഷിച്ചതെന്നും ഡിസിപി പറഞ്ഞു. പരാതിക്കാരിലൊരാളുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് നാല് ലക്ഷം രൂപ ഇവര്‍ പിന്‍വലിച്ചിരുന്നു. അതിന് ശേഷമാണ് പരാതി ലഭിച്ചതെന്നും ഡിസിപി ശശിധരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications