ഇടതു കൗണ്‍സിലര്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു; കൊച്ചി കോര്‍പറേഷന്‍ ഭരണം മാറുമോ? അവിശ്വാസം
കൊച്ചി: ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത കോര്‍പറേഷനാണ് കൊച്ചിയിലേത്. വിമതരുടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം. ഏതാനും അംഗങ്ങള്‍ മാത്രം കളംമാറിയാല്‍ ഭരണസമിതി വീഴും. അതിനിടെയാണ് എല്‍ഡിഎഫ് അംഗം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുകാരണം കോര്‍പറേഷന്‍ ഭരണം വീഴുമോ എന്നാണ് ഉയരുന്ന ചോദ്യം.
എന്നാല്‍ കോര്‍പറേഷന്റെ ഭരണമാറ്റത്തിന് സാഹചര്യമില്ലെന്ന് കരുതാം. അടിവലികള്‍ നടന്നാല്‍ ഒരുപക്ഷേ, ഭരണ സമിതി മാറാനും സാധ്യതയുണ്ട്. അതേസമയം ടൗണ്‍ പ്ലാനിങ് സ്റ്റാന്റിങ് കമ്മിറ്റി യുഡിഎഫ് പിടിക്കുമെന്ന് ഉറപ്പായി. സ്റ്റാന്റി കമ്മിറ്റിയിലെ അംഗമാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

എല്‍ഡിഎഫ് കൗണ്‍സലറായ എംഎച്ച്എം അഷ്‌റഫാണ് ഇപ്പോള്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചാണ് അദ്ദേഹത്തിന്റെ നിലപാട് മാറ്റം. ഈ സാഹചര്യത്തില്‍ പ്രതിപക്ഷമായ യുഡിഎഫ് ചില നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ജില്ലാ കളക്ടര്‍ക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയെന്ന് പ്രതിപക്ഷം അറിയിച്ചു.

കോര്‍പറേഷനിലെ ടൗണ്‍ പ്ലാനിങ് കമ്മിറ്റിയില്‍ ഇപ്പോള്‍ യുഡിഎഫിനാണ് മേല്‍ക്കൈ. നേരത്തെ കമ്മിറ്റിയില്‍ എല്‍ഡിഎഫിന് അഞ്ചും യുഡിഎഫിന് നാലും അംഗങ്ങളാണുണ്ടായിരുന്നത്. ഇടത് അംഗമായിരുന്ന കെകെ ശിവന്‍ മരിച്ചു. തുടര്‍ന്ന് കമ്മിറ്റിയിലെ അംഗബലം 4-4 ആയി മാറി. ഇപ്പോള്‍ ഇടത് അംഗം അഷ്‌റഫ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ കമ്മിറ്റി പിടിക്കാന്‍ യുഡിഎഫിന് സാധിക്കും.

വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് അഷ്‌റഫ് വിട്ടുനിന്നാല്‍ യുഡിഎഫ് ജയിക്കും. അഷ്‌റഫ് യുഡിഎഫിന് വോട്ട് ചെയ്താലും എല്‍ഡിഎഫിന് കമ്മിറ്റിയുടെ ചെയര്‍മാന്‍ പദവി നഷ്ടമാകും. എന്നാല്‍ അഷ്‌റഫിന്റെ കാലുമാറ്റം കോര്‍പറേഷന്‍ ഭരണസമിതിക്ക് ഭീഷണിയല്ല എന്നാണ് കരുതുന്നത്. കാരണം മതിയായ പിന്തുണ എല്‍ഡിഎഫിന്റെ ഭരണസമിതിക്കുണ്ട്. അതേസമയം ബിജെപി അംഗങ്ങളുടെ നിലപാട് വളരെ നിര്‍ണായകമാണ്.

കഴിഞ്ഞ 10 വര്‍ഷമായി യുഡിഎഫ് ഭരിച്ചിരുന്ന കോര്‍പറേഷനാണ് കൊച്ചിയിലേത്. ഇത്തവണ വിമതര്‍ ജയിച്ചതാണ് യുഡിഎഫിന് തിരിച്ചടിയായത്. മുസ്ലിം ലീഗ് വിമതനായി ജയിച്ച ടികെ അഷ്‌റഫ് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഭരണം ഇടതുമുന്നണി ഉറപ്പിക്കുകയായിരുന്നു. വിമതരായി ഇത്തവണ ജയിച്ചുകയറിയത് നാല് അംഗങ്ങളാണ്.

കൊച്ചി കോര്‍പറേഷനില്‍ 74 സീറ്റുകളാണുള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. എങ്കിലും മേല്‍ക്കൈ എല്‍ഡിഎഫിനായിരുന്നു. കോണ്‍ഗ്രസിന്റെ രണ്ട് വിമതരും മുസ്ലിം ലീഗിന്റെയും സിപിഎമ്മിന്റെയും ഓരോ വിമതരും ജയിച്ചു. ബിജെപിക്ക് അഞ്ച് അംഗങ്ങളുണ്ട്. എല്‍ഡിഎഫിന് 34ഉം യുഡിഎഫിന് 31ഉം അംഗങ്ങളാണുള്ളത്.

പനയപ്പള്ളിയിലെ ജെ സുനില്‍ മോനും മുണ്ടംവേലിയില്‍ മേരി കലിസ്ത പ്രകാശനുമാണ് കോണ്‍ഗ്രസ് വിമതരായി ജയിച്ചത്. കല്‍വത്തിയില്‍ ടികെ അഷ്‌റഫ് മുസ്ലിം ലീഗ് വിമതനായി ജയിക്കുകയും ചെയ്തു. വിമതരെ കൂടെ നിര്‍ത്താന്‍ യുഡിഎഫ് നേതാക്കള്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടു. ഇതോടെയാണ് എല്‍ഡിഎഫിന് ഭരണം കിട്ടിയത്.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

ഇടത് അംഗം യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും കോര്‍പറേഷന്‍ ഭരണസമിതി വീഴാന്‍ സാധ്യതയില്ല. പക്ഷേ, ടൗണ്‍ പ്ലാനിങ് കമ്മിറ്റി യുഡിഎഫിന് പിടിക്കാന്‍ സാധിക്കും. അഷ്‌റഫ് മാസങ്ങള്‍ക്ക് മുമ്പ് എല്‍ഡിഎഫ് വിട്ടിരുന്നു. കോര്‍പറേഷന്‍ അഴിമതിയുടെ കൂത്തരങ്ങായി എന്ന് അദ്ദേഹം ആരോപിക്കുന്നു. ജിയോ കേബിള്‍, ബ്രഹ്മപുരം മാലിന്യ പ്ലാന്റ് എന്നിവയില്‍ വലിയ അഴിമതി നടക്കുന്നുവെന്നും അഷ്‌റഫ് ആരോപിച്ചു. അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications