കൊവിഡ് വളന്റിയേഴ്സിന്റെ പേരിൽ തട്ടിപ്പ്: വ്യാജ റിക്രൂട്ട്മെന്റിൽ ലക്ഷങ്ങൾ തട്ടി, ഉടമ അറസ്റ്റിൽ
കൊച്ചി: എറണാകുളത്ത് വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തിവന്നയാൾ അറസ്റ്റിൽ. ദിവാൻസ് റോഡിൽ ബ്രില്ലാന്റോ എച്ച്ആർ മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്ഥാപനം നടത്തിവന്നിരുന്ന താജുദ്ദീനാണ് അറസ്റ്റിലായത്. നെടുമങ്ങാട് സ്വദേശിയാണ് 41കാരനായ താജുദ്ദീൻ. കൊച്ചിയിൽ കൊവിഡിന്റെ പേരിൽ വിദേശത്തേക്ക് വ്യാജ റിക്രൂട്ട്മെന്റ് നടക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ കെ ലാൽജി, സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്നതിനായി കൊച്ചിയിലെ വാരിയം റോഡിൽ ആഡംബര ഓഫീസാണ് തയ്യാറാക്കിയിരുന്നത്. ഓഫീസ് കാര്യങ്ങൾ നോക്കിക്കൊണ്ടിരുന്നവരുടെ നമ്പറുകളായിരുന്നു പരസ്യങ്ങളിൽ നൽകിയിരുന്നത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മൂന്നിലേറെ വ്യാജ വിലാസങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. താജുദ്ദീൻ തന്റെ പേര് ദിലീപ് എന്ന് മാറ്റിയിരുന്നതായും പിതാവിന്റെ പേര് മുഹമ്മദ് ഇസ്മയിൽ എന്നത് മാറ്റി സഞ്ജയ് നായർ എന്ന് മാറ്റിയിട്ടുണ്ട്. ഇയാൾ രണ്ട് തവണ വിവാഹം കഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരാൾ തിരുവനന്തപുരത്തും രണ്ടാമത്തെയാൾ ചെന്നെയിലുമാണ് താമസിച്ചുവരുന്നത്.

ഇംഗ്ലണ്ട്, നെതർലണ്ട് എന്നീ രാജ്യങ്ങളിലെ ആശുപത്രികളിലേക്ക് കൊവിഡ് ഡ്യൂട്ടിയ്ക്ക് വേണ്ടി ആളുകളെ ആവശ്യമുണ്ടെന്ന പേരിലാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഇയാൾ പരസ്യം ചെയ്തത്. മൂന്ന് ലക്ഷം രൂപ ശമ്പളമുണ്ടെന്നും ഇയാൾ പരസ്യത്തിൽ പറഞ്ഞിരുന്നു. പ്ലസ്ടു യോഗ്യതയുള്ളവർക്ക് ജോലി ലഭിക്കുമെന്നും ഇംഗ്ലണ്ടിലേക്ക് പോകുന്നതിന് 70000 രൂപയും നെതർലണ്ടിലേക്ക് പോകുന്നതിന് മൂന്ന് ലക്ഷം രൂപയുമാണ് സർവീസ് ചാർജ് ഇനത്തിൽ ഈടാക്കിയിരുന്നത്. ഇംഗ്ലണ്ടിലേക്ക് പോകുന്നവരിൽ നിന്ന് രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ 10000 രൂപയും പാസ്പോർട്ടും നെതർലന്റിലേക്ക് പോകുന്നവരിൽ നിന്ന് 30000 രൂപയും പാസ്പോർട്ടുമാണ് വാങ്ങിക്കൊണ്ടിരുന്നത്.
കൊച്ചിയ്ക്ക് പുറമേ ദില്ലി, ചെന്നൈ, എന്നിവിടങ്ങളിലും ഇയാൾക്ക് അഡ്രസുള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മറ്റൊരാളുടെ പേരിലാണ് ഇപ്പോൾ പ്രവർത്തിക്കുന്ന കമ്പനി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓഫീസ് റെന്റൽ എഗ്രിമെന്റ് മറ്റൊരാളുടെ പേരിലുമാണുള്ളത്. വിദേശത്തേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ലൈസൻസ് അടക്കമുള്ള ഒരു രേഖകളും ഇയാളുടെ പക്കലില്ല. സ്ഥാപനത്തിലെ ജീവനക്കാർ പോലും ഇയാളെക്കുറിച്ചുള്ള സത്യാവസ്ഥ അറിയുന്നത് അറസ്റ്റ് ചെയ്ത് സ്ഥലത്തെത്തിച്ചപ്പോഴാണ്.
കഴിഞ്ഞ ഒരാഴ്ചയായി ഈ സ്ഥാപനം പോലീസ് നിരീക്ഷണത്തിലായിരുന്നു. ഉദ്യോഗാർത്ഥികളെന്ന തരത്തിൽ കുട്ടികളെ സ്ഥലത്തെത്തിച്ചാണ് പോലീസ് ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഓഫീസ് തുറന്ന് പ്രവർത്തിപ്പിച്ചു എന്ന പേരിൽ കേസെടുത്തുവെന്ന് പറഞ്ഞ് പ്രതിയുടെ വിവരങ്ങൾ ശേഖരിച്ചാണ് സ്റ്റേഷനിലെത്തി പിഴയടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിഴയട്ക്കുന്നതിനായി സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications