ഹോട്ടലുകളില്‍ പട്ടി ഇറച്ചിയോ? കൊച്ചിയില്‍ തെരുവുനായയെ അടിച്ചുകൊന്ന് വണ്ടിയില്‍ കയറ്റിയത് എന്തിന്? അന്വേഷണം
കൊച്ചി: കേരളത്തിലെ ഹോട്ടലുകളില്‍ ആട്ടിറച്ചിയെന്ന പേരില്‍ പട്ടിയിറച്ചി വില്‍ക്കുന്നു എന്ന ആരോപണം പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് ചെന്നൈയില്‍ ആയിരക്കണക്കിന് കിലോഗ്രാം പട്ടിയിറച്ചി ആയിരുന്നു പരിശോധനയില്‍ പിടിച്ചെടുത്തത്.
ഇപ്പോഴിതാ കേരളത്തിലും സമാനമായ ആരോപണം വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. കൊച്ചിയില്‍ തെരുവുനായയെ അടിച്ചുകൊന്ന് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ സംഭവമാണ് സംശയത്തിന് വഴിവച്ചിരിക്കുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വിശദാംശങ്ങള്‍...

കൊച്ചിയില്‍
കൊച്ചിയിലെ ഗ്രീന്‍ ഗാര്‍ഡനില്‍ ആണ് സംഭവം നടന്നിട്ടുള്ളത്. തെരുവ് നായയെ മൂന്ന് പേര്‍ ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നു. അതിന് ശേഷം പിക്കപ്പ് വാനില്‍ കയറ്റി കൊണ്ടുപോയി. ഇതിന്‌റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

തമിഴ്‌നാട് സ്വദേശികള്‍
മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ ആയിരുന്നു ഇത് ചെയ്തത്. ഒരു കൂട്ടം നായ്ക്കള്‍ക്കിടയില്‍ നിന്നാണ് ഇവര്‍ ഒരു തെരുവ് നായയെ തല്ലിക്കൊന്നത്. മറ്റ് നായ്ക്കള്‍ ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

സംശയം ജനിപ്പിച്ചത്
അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടാന്‍ നഗരസഭ ചുമതലപ്പെടുത്തി എന്നാണ് നായ്ക്കളെ പിടികൂടിയവര്‍ പറയുന്നതത്രെ. എന്നാല്‍ നഗരസഭ ഇത്തരത്തില്‍ തെരുവ് നായ്ക്കളെ പിടികൂടാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടും ഇല്ല. ഇതാണ് സംശയം ജനിപ്പിക്കാനുള്ള കാരണം.

മൃഗസ്‌നേഹികള്‍ ഇടപെട്ടു
വിഷയത്തില്‍ മൃഗസ്‌നേഹികള്‍ ഇടപെട്ടതോടെയാണ് വാര്‍ത്ത പുറത്തുവന്നത്. ഇവര്‍ പോലീസിനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. നായയെ പിടികൂടി തല്ലിക്കൊല്ലുന്നതിന്റെ പിക്കപ്പ് വാനിലേക്ക് വലിച്ചെറിയുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ സഹിതം ആണ് പോലീസിന് പരാതി നല്‍കിയിരിക്കുന്നത്.

ഹോട്ടലുകളിലേക്ക്
ഹോട്ടലുകളിലേക്ക് ഇറച്ചിയായി ഉപയോഗിക്കാന്‍ ആണ് തെരുവ് നായ്ക്കളെ ഇത്തരത്തില്‍ പിടികൂടുന്നത് എന്ന ആരോപണം ആണ് പരാതിക്കാര്‍ ഉന്നയിക്കുന്നത്. എന്തായാലും വിഷയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് മറ്റെവിടെയെങ്കിലും ഇത്തരത്തില്‍ സംഭവം നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

സമാന സംഭവങ്ങള്‍
പട്ടിയിറച്ചി ഹോട്ടലുകളില്‍ വിളമ്പുന്നത് സംബന്ധിച്ച് മുമ്പും പല വാര്‍ത്തകളും പുറത്ത് വന്നിട്ടുണ്ട്. ആട്ടിറച്ചി എന്ന പേരിലാണ് പലയിടത്തും ഇത്തരത്തില്‍ പട്ടിയിറച്ചി വിളമ്പിയിട്ടുള്ളത്. 2019 ല്‍ ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് രണ്ടായിരം കിലോഗ്രാം പട്ടിയിറച്ചി പിടികൂടിയിരുന്നു.

തിരിച്ചറിയാന്‍ പറ്റുമോ?
ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിയ്ക്കുമ്പോള്‍, അത് എന്ത് ഇറച്ചിയാണെന്ന് തിരിച്ചറിയാന്‍ കഴിയുമോ എന്ന ആശങ്ക പലരും പങ്കുവയ്ക്കാറുണ്ട്. എന്തായാലും ബീഫിനും മറ്റും ബദലായി പട്ടിയിറച്ചി വിളമ്പാന്‍ ആവില്ല. അതേസമയം, ഏറെനേരം ആട്ടിന്‍പാലില്‍ മുക്കിവച്ചാല്‍ പട്ടിയിറച്ചിയ്ക്ക് ആട്ടിറച്ചിയുടെ മണവും സ്വാദും ലഭിക്കുമെന്നൊക്കെയുള്ള ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്.

കഴിക്കുന്നവരുണ്ട്
പട്ടിയിറച്ചി രുചിയോടെ കഴിക്കുന്ന മനുഷ്യരും കൂടിയുള്ള ഒരു ലോകമാണ് നമ്മുടേത്. ചൈനയില്‍ പട്ടിയിറച്ചിയ്ക്ക് വലിയ ഡിമാന്‍ഡ് ആണ്. ഇന്ത്യയിലെ തന്നെ പല അതിര്‍ത്തി സംസ്ഥാനങ്ങളിലും പട്ടിയിറച്ചി ഇഷ്ടവിഭവമായി വിളമ്പപ്പെടുന്നുണ്ട്.












Click it and Unblock the Notifications