ലീഗും സിപിഎമ്മും കൈകോര്‍ത്തു; അവിശ്വാസം പാസായി, തൃക്കാക്കരയില്‍ വൈസ് ചെയര്‍മാന്‍ പുറത്ത്
കൊച്ചി: തൃക്കാക്കര നഗരസഭയില്‍ വൈസ് ചെയര്‍മാനെതിരായ അവിശ്വാസം പ്രമേയം പാസായി, സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ മുസ്ലീം ലീഗിന്റെ മൂന്ന് അംഗങ്ങളും, സ്വതന്ത്രരും പിന്തുണച്ചതോടെയാണ് ചെയര്‍മാന്‍ പുറത്തായത്. ലീഗിലെ തന്നെ അംഗമായ വൈസ് ചെയര്‍മാന്‍ കെഎം ഇബ്രാഹിം കുട്ടിക്കെതിരെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
അതേസമയം കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നു. 23 അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. നേരത്തെ ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടും ഇബ്രാഹിം കുട്ടി രാജിക്ക് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.ഇബ്രാഹിം കുട്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. വോട്ടെടുപ്പില്‍ ആകെ 43 കൗണ്‍സിലര്‍മാരില്‍ 23 പേരാണ് പങ്കെടുത്തത്.

അവിശ്വാസം പ്രമേയം പാസാകാന്‍ 21 പേരുടെ പിന്തുണ വേണ്ടിയിരുന്നു. ആ സമയത്താണ് മൂന്ന് മുസ്ലീം ലീഗ് അംഗങ്ങള്‍ കൂടി പ്രമേയത്തെ പിന്തുണച്ചത്. ഇതോടെ അവിശ്വാസം പാസാകുകയായിരുന്നു. അതേസമയം പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും രാജിവെക്കാത്തതില്‍ പ്രതിഷേധിച്ചാണ് അവിശ്വാസ പ്രമേയത്തില്‍ അനുകൂലമായി വോട്ട് ചെയ്തതെന്ന് മുസ്ലീം ലീഗ് അംഗങ്ങള്‍ പറയുന്നു. മുസ്ലീം ലീഗിലെ ധാരണപ്രകാരം രണ്ടര വര്‍ഷത്തിന് ശേഷം ഇബ്രാഹിംകുട്ടി രാജിവെച്ച് മറ്റൊരു അംഗത്തിനായി വഴിമാറി കൊടുക്കേണ്ടതായിരുന്നു. എന്നാല്‍ അദ്ദേഹം വഴങ്ങിയില്ല.
പ്രമേയം പാസായതിന് പിന്നാലെ നഗരസഭയിലെ വൈസ് ചെയര്‍മാന്റെ ബോര്‍ഡ് കീറി എല്‍ഡിഎഫ് അംഗങ്ങള്‍ പ്രതിഷേധിച്ചു. നഗരസഭയിലെ നാല് വിമത കൗണ്‍സിലര്‍മാരും ഇടതുപക്ഷ അംഗങ്ങളും ചേര്‍ന്നായിരുന്നു അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അഴിമതിക്കെതിരായ വിജയമാണ് ഇതെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ പ്രതികരിച്ചു. അതേസമയം തനിക്കെതിരായ അഴിമതി ആരോപണം ഉന്നയിച്ചുള്ള അവിശ്വാസ പ്രമേയത്തെ നേരിട്ട ശേഷം രാജിവെക്കാമെന്നാണ് ഇബ്രാഹിം കുട്ടി നേരത്തെ സ്വീകരിച്ച നിലപാട്.
ഇതോടെ യുഡിഎഫില്‍ തന്നെ പ്രതിസന്ധി ഉണ്ടായിരുന്നു. സംസ്ഥാന നേതൃത്വം ഇബ്രാഹിംകുട്ടിയുമായി വീണ്ടും ചര്‍ച്ച നടത്തിയെങ്കിലും, അദ്ദേഹം വഴങ്ങിയിരുന്നില്ല.രാജിവെക്കാനായി അന്തിമ തിയതിയും, സമയവും ലീഗ് നിര്‍ദേശിച്ചിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മുമ്പായി രാജിവെക്കണമെന്നായിരുന്നു.
ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് കെഎം അബ്ദുള്‍ മജീദ് രാജിവെക്കണമെന്ന നിര്‍ദേശത്തെ ഇബ്രാഹിംകുട്ടിയെ അറിയിക്കുകയായിരുന്നു. ഇബ്രാഹിം കുട്ടി കഴിഞ്ഞാല്‍ പിഎം യൂനുസായിരുന്നു വൈസ് ചെയര്‍മാനാകേണ്ടത്. ഒന്നര വര്‍ഷം അദ്ദേഹത്തിന് നല്‍കാമെന്ന് നേരത്തെ ധാരണയുള്ളതാണ്. ശേഷിക്കുന്ന ഒരു വര്‍ഷം ടിജി ദിനൂപിനും ഈ പദവി നല്‍കാമെന്ന് ലീഗ് തീരുമാനിച്ചിരുന്നു. ഇബ്രാഹിം കുട്ടി പക്ഷേ ഈ ധാരണ തെറ്റിക്കുകയായിരുന്നു.












Click it and Unblock the Notifications