കയറിപ്പിടിച്ച പോലീസുകാരനെ യുവതിഓടിച്ചിട്ടുപിടിച്ചു
കൊച്ചി: നടുറോഡില്‍ വച്ച് തന്നെ കയറി പിടിച്ച പോലീസുകാരനെ യുവതി ഓടിച്ചിട്ട് പിടികൂടി. എറണാകുളം തൃപ്പൂണിത്തുറയില്‍ ഫെബ്രുവരി 8 ശനിയാഴ്ച് വൈകീട്ടാണ് സംഭവം.
കയറിപ്പിടിച്ചത് പോലീസുകാരനാണോ സാധാരണക്കാരനാണോ എന്ന് നോക്കിയായിരുന്നില്ല യുവതിയുടെ പ്രതികരണം. ഓടിച്ചിട്ട് പിടിച്ച് നാട്ടുകാര്‍ക്ക് മുന്നില്‍ ഇട്ടുകൊടുത്തു. പോലീസിനെ വിളിച്ചുവരുത്തി ഏല്‍പിക്കുകയും ചെയ്തു.

സിവില്‍ ഡ്രസ്സില്‍ നില്‍ക്കുകയായിരുന്ന പോലീസുകാരന്‍ മദ്യ ലഹരിയില്‍ ആയിരുന്നു. തൃപ്പൂണിത്തുറ സ്റ്റാച്യു കവലയില്‍ സഹോദരന്റെ ഒപ്പം നില്‍ക്കുമ്പോഴാണ് ഇയാള്‍ യുവതിയെ കയറിപിടിച്ചത്. യുവതി എതിര്‍ത്തപ്പോള്‍ ഇയാള്‍ ഓടി. പിറകേ യുവതിയും സഹോദരനും.
നാട്ടുകാര്‍ക്ക് കാര്യം മനസ്സിലായില്ലെങ്കിലും അവരും പിറകെ ഓടി. ഒടുവില്‍ ഒരു കിലോമീറ്ററോളം പിന്നിട്ട് ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിന്റെ മുന്നില്‍ വച്ച് യുവതി തന്നെ ഇയാളെ പിടികൂടുകയായിരുന്നു.
പിറകെ തന്നെ നാട്ടുകാരും എത്തി. കാര്യം അന്വേഷിച്ചപ്പോള്‍ യുവതി തന്നെ എല്ലാം പറഞ്ഞു. ഇതോടെ നാട്ടുകാര്‍ കൈകാര്യം ചെയ്യുമെന്ന സ്ഥിതിയായി. അപ്പാഴാണ് താന്‍ ഒരു പോലീസുകാരനാണെന്ന കാര്യം ഇയാള്‍ വ്യക്തമാക്കിയത്.
പിന്നീട് ഹില്‍പാലസ് സ്റ്റേഷനില്‍ നിന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. പക്ഷേ സാഹസികമായി അക്രമിയെ പിടികൂടിയ യുവതി പിന്നീട് പരാതി കൊടുക്കാന്‍ വിസമ്മതിച്ചു. പോലീസ് പല തവണ നിര്‍ബന്ധിച്ചിട്ടും ഇവര്‍ പരാതി നല്‍കാന്‍ തയ്യാറായില്ല. പരാതിയില്ലാതെ പോലീസുകാരനെ കേസെടുക്കാനും കഴിയില്ല. എന്തായാലും പോലീസിലെ പൂവാലനെ കുറിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് കൊടുക്കാനിരിക്കുകയാണ് ഹില്‍പാലസ് പോലീസ്.












Click it and Unblock the Notifications