ആരാണ് കുലംകുത്തിയെന്ന് മറിയക്കുട്ടി, അതൊന്നും താന്‍ പറയില്ലെന്ന് സുരേഷ് ഗോപി, ' അമ്മയെ ശ്രദ്ധിച്ചേക്കണെ'
ഇടുക്കി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും ബി ജെ പി നേതാവും മുന്‍ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. സംസ്ഥാനം തെറ്റായ കണക്കുകള്‍ സമര്‍പ്പിച്ചത് കൊണ്ടാണ് ക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതം നല്‍കാതിരുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ക്ഷേമപെന്‍ഷന്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് മണ്‍ചട്ടിയുമായി ഭിക്ഷയാചിച്ച മറിയക്കുട്ടിയുടെ വീട്ടിലെത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മറിയക്കുട്ടിയ്‌ക്കൊപ്പം അന്ന ഔസേപ്പിനെയും അടിമാലിയിലെ വീട്ടിലെത്തി സുരേഷ് ഗോപി സന്ദര്‍ശിച്ചു. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ കേന്ദ്ര വിഹിതം മുടങ്ങിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം ലഭിച്ചിട്ടില്ലെങ്കില്‍ അതു ലഭ്യമാക്കാന്‍ ഇടപെടല്‍ ഉണ്ടാകുമോയെന്ന ചോദ്യത്തിന് ഈ സര്‍ക്കാര്‍ കൃത്യമായ കണക്ക് കൊടുത്താല്‍ മതി അപ്പോള്‍ അതു വരും എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

Image Credit: Suresh Gopi@Facebook
കേന്ദ്രസര്‍ക്കാര്‍ കള്ളത്തരം കാണിച്ചുണ്ടെങ്കില്‍ നിങ്ങള്‍ ചോദ്യം ചെയ്യൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് രൂപ വച്ച് എത്ര രൂപ കോടി പിരിച്ചു എന്നും ക്ഷേമപെന്‍ഷന് മാത്രം എത്ര കൊടുത്തു എന്നും സുരേഷ് ഗോപി ചോദിച്ചു. കിട്ടിയ പണം വകമാറ്റി വല്ലതും ചെലവാക്കിയോ എന്ന് കോടതിയില്‍ പറയട്ടെ എന്നം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പെട്രോള്‍ അടിക്കുമ്പോള്‍ രണ്ട് രൂപ അധികം പിരിക്കുന്നത് പെന്‍ഷനു വേണ്ടിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്.
അങ്ങനെ രണ്ടു രൂപ പിരിക്കണമെങ്കില്‍ നിങ്ങള്‍ പിരിച്ച് പാവങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുക്കണം എന്നും ഈ സര്‍ക്കാരിനെ നമ്പാന്‍ കൊള്ളത്തില്ല പാവങ്ങളെ പറ്റിക്കുകയാണ് എന്നും സുരേഷ് ഗോപി പറഞ്ഞു. ബി ജെ പി നേതാക്കള്‍ക്കൊപ്പമാണ് സുരേഷ് ഗോപി മറിയക്കുട്ടിയുടെ വീട്ടിലെത്തിയത്. അതേസമയം സുരേഷ് ഗോപിക്കെതിരായ കേസില്‍ വിഷമമുണ്ട് എന്ന് മറിയക്കുട്ടി പ്രതികരിച്ചു.
'അല്ല സാറേ... ജനങ്ങളെ പറ്റിച്ചോണ്ടിരിക്കണെ എന്തിനാ? ജനങ്ങളാണോ കുലംകുത്തി അതോ അയാളാണോ', മറിയക്കുട്ടി ചോദിച്ചു. ഇതിന് അതൊന്നും താന്‍ പറയില്ല എന്നായിരുന്നു സുരേഷ് ഗോപി നല്‍കിയ മറുപടി. എന്നാല്‍ താന്‍ പറയുമെന്നും തന്നെ അറസ്റ്റ് ചെയ്താലും ശരി ആരാ കുലംകുത്തി എന്ന് ചോദിക്കും എന്നും മറിയക്കുട്ടി പറഞ്ഞു. മഞ്ഞക്കാര്‍ഡ് സിപിഎമ്മുകാര്‍ക്കുള്ളതാണ് എന്നും അവര്‍ പറഞ്ഞു.
ഇതിന് പിന്നാലെ 'അമ്മയെ ശ്രദ്ധിച്ചേക്കണേ' എന്ന് മറിയക്കുട്ടിയുടെ ഒപ്പമുള്ളവരോട് സുരേഷ് ഗോപി പറഞ്ഞു. ഇരുനൂറേക്കര്‍ സ്വദേശിനി മറിയക്കുട്ടിയും (87) പൊളിഞ്ഞപാലം താണിക്കുഴിയില്‍ അന്ന ഔസേപ്പും (80) പെന്‍ഷന്‍ ലഭിക്കാത്തതില്‍ ഭിക്ഷയെടുത്തു പ്രതിഷേധിച്ചിരുന്നു.












Click it and Unblock the Notifications