പെരുമഴ; ഇടുക്കിയിൽ മലയോര മേഖലകളിലെ രാത്രി യാത്ര നിരോധിച്ചു, ഓഫ് റോഡ് സവാരിയും വേണ്ട
ഇടുക്കി: ജില്ലയിലെ മലയോരമേഖലകളിലൂടെയുള്ള രാത്രി യാത്ര ഇന്ന് മുതൽ( വൈകിട്ട് 7 മുതൽ രാവിലെ 6 വരെ )റെഡ് , ഓറഞ്ച് അലർട്ടുകൾ പിൻവലിക്കുന്നത് വരെ നിരോധിച്ചതായി ജില്ലാ കളക്ടർ . നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ പോലീസ് മേധാവി , സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ , റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ,തഹസിൽദാർമാർ എന്നിവർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
ജില്ലയിലെ വിനോദ സഞ്ചാരമേഖലകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും വെള്ളച്ചാട്ടങ്ങൾ , ജലാശയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതു വരെ നിയന്ത്രണങ്ങൾ ഏര്‍പെടുത്തുന്നതിനും വിനോദസഞ്ചാര വകുപ്പ് , ഡിടിപിസി , ഹൈഡല്‍ ടുറിസം , വനം വകുപ്പ് , കെ എസ് ഇബി, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവർക്ക്ചുമതല നൽകി.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പുകള്‍ ലഭ്യമാകുന്നുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തേണ്ടതാണ്. റിസോര്‍ട്ടുകള്‍ , ഹോംസ്റ്റേകള്‍ , ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്കും മുന്നറിയിപ്പുകള്‍ നൽകണം . ജില്ലയിലെ ഓഫ് റോഡ് സഫാരി കര്‍ശനമായി നിരോധിച്ചിട്ടുണ്ട്
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണം
കേരളത്തിൽ റെഡ് അലെർട്ടും മഴ ശക്തമാകുമെന്നുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും പരിഗണിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് അധികൃതർക്ക് നിർദ്ദേശം നൽകി കാലാവസ്ഥ വകുപ്പ്. റെഡ്, ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യത്തിൽ സമീപ ജില്ലകളിലും ഉള്ള വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരണമെന്നും വകുപ്പ് നിർദ്ദേശിച്ചു.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലും മഴ അവസാനിക്കുന്നത് വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഇത്തരം സ്ഥലങ്ങളിലേക്കുള്ള റോഡുകളിൽ തന്നെ മണ്ണിടിച്ചിൽ സാധ്യത ഉള്ളയിടങ്ങളിൽ സുരക്ഷ ബോർഡുകൾ സ്ഥാപിക്കുകയും ആവശ്യമായ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഇതര സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും കേരളത്തിൽ എത്തിയിട്ടുള്ള സഞ്ചാരികളിലും മുന്നറിയിപ്പ് എത്തുന്നുണ്ട് എന്നുറപ്പാക്കണം. ഏതെങ്കിലും സഞ്ചാരികൾ അപകടത്തിൽ പെടുകയോ ഒറ്റപ്പെട്ടു പോവുകയോ ചെയ്താൽ ബന്ധപ്പെടേണ്ട അടിയന്തര നമ്പറുകൾ വ്യാപകമായി ടൂറിസ്റ്റുകൾക്ക് ഇടയിൽ പ്രചരിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും വകുപ്പ് നിർദ്ദേശിച്ചു.
മുന്നറിയിപ്പ് അവസാനിക്കുന്നത് വരെ 24*7 പ്രവർത്തിക്കുന്ന പ്രത്യേക കണ്ട്രോൾ റൂമുകൾ ആരംഭിക്കുക. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച് മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങൾ വഴിയും പ്രചരണം നടത്തുക. പോലീസ്, ദുരന്ത നിവാരണം, അഗ്നിശമന രക്ഷാ സേന എന്നിവയുടെ കണ്ട്രോൾ റൂമുകളിലേക്കും നിയന്ത്രണങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ ലഭ്യമാക്കേണ്ടതാണെന്നും വകുപ്പ് വ്യക്തമാക്കി.












Click it and Unblock the Notifications