ഇന്‍സ്റ്റഗ്രാമില്‍ ലൈവ്, പിന്നാലെ വീടിന് തീയിട്ട് യുവാവ്; 'വൈറലായതോടെ' ഓടി രക്ഷപ്പെട്ടു
വീടിന് തീയിടാന്‍ മാത്രം ഒരു പ്രകോപനവുമില്ലായിരുന്നു എന്നാണ് മാതാപിതാക്കള്‍ പറയുന്നത്

ഇടുക്കി: സോഷ്യല്‍ മീഡിയയില്‍ ലൈവ് പോയ ശേഷം വീടിന് തീ വെച്ച് യുവാവ്. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ആണ് സംഭവം. അടിമാലി പത്താം മൈല്‍ മുക്കില്‍ പുത്തന്‍പുരയ്ക്കല്‍ ഡാനിയലിന്റെ വീടാണ് മകന്‍ തീയിട്ട് നശിപ്പിച്ചത്. മകന്‍ ഡെല്‍മനാണ് വീടിന് തീയിട്ടത് എന്ന് ഡാനിയലിന്റെ ഭാര്യ വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ ആണ് സംഭവം. ഡെല്‍മന്‍ ഇന്‍സ്റ്റഗ്രാമില്‍ വീട് കത്തുന്നതിന്റെ ലൈവ് വീഡിയോ പങ്ക് വെച്ചിരുന്നു. വീട്ടില്‍ കരുതിയിരുന്ന ഡീസലൊഴിച്ചായിരുന്നു വീടിന് ഡെല്‍മന്‍ തീയിട്ടത്. സംഭവമറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഡെല്‍മന്‍ ഈ സമയം രക്ഷപ്പെട്ടു.
ഡാനിയല്‍ വെള്ളവുമായി തീ അണക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അടിമാലിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് വീട്ടില്‍ പടര്‍ന്ന തീ പൂര്‍ണ്ണമായി അണച്ചു. ഡാനിയലിന്റെ വീട് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്.
അതേസമയം അയല്‍വാസിയായ നെടിയകാലായില്‍ രതീഷിന്റെ വീടിന്റെ സമീപത്തും ഡെല്‍മന്‍ ഡീസല്‍ ഒഴിച്ചിരുന്നു. എന്നാല്‍ രതീഷ് സംഭവം നേരത്തെ തന്നെ അറിഞ്ഞതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ഡെല്‍മന്‍ നാളുകളായി വീട്ടില്‍ ബഹളമുണ്ടാക്കിയിരുന്നു എന്നാണ് മാതാവ് പറയുന്നത്.
എന്നാല്‍ പുലര്‍ച്ചെ വീടിന് തീ ഇടാന്‍ മാത്രം പ്രകോപനം എന്താണ് ഉണ്ടായത് എന്ന് വ്യക്തമല്ല. അതേസമയം ഇയാള്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നുണ്ട് എന്നാണ് പൊലീസ് അറിയിക്കുന്നത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഇയാളെ കണ്ടെത്താനായിട്ടില്ല. അതേസമയം ബന്ധുക്കള്‍ക്ക് പരാതി ഇല്ലെന്നും അതിനാല്‍ കേസ് എടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications