ഇടുക്കിയില്‍ അതിശക്തമായ മഴ; രണ്ട് പേര്‍ക്ക് ഇടിമിന്നലേറ്റു, അപകടം വീട്ടിനുള്ളിലിരിക്കവെ
ഇടുക്കി: ഇടിമിന്നലേറ്റ് രണ്ട് പേര്‍ക്ക്. ഇടുക്കി ജില്ലയിലെ കരുണാപുരത്താണ് സംഭവം. തേഡ് ക്യാംപ് മൂലശ്ശേരില്‍ സുനില്‍ കുമാറിനും മകന്‍ ശ്രീനാഥിനുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. ഇടിമിന്നലേറ്റ ഉടന്‍ ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, പരിക്ക് സാരമുള്ളതായതിനാല്‍ പിന്നീട് ഇരുവരെയും തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സുനില്‍ കുമാറിനും ശ്രീനാഥിനും തലയ്ക്കും കാലിനുമാണ് മുറിവേറ്റിരിക്കുന്നത്. നേരത്തെ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. തിങ്കളാഴ്ച രാത്രി മുതല്‍ അതിശക്തമായ മഴയാണ് ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് മേഖലയില്‍ പെയ്യുന്നത്. ഇന്നലെ രാത്രി പത്ത് മണിക്ക് ആരംഭിച്ച മഴ മൂന്ന് മണി വരെ തുടര്‍ന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതിനിടയിലാണ് ഇരുവര്‍ക്കും ഇടിമിന്നലേറ്റത്.

പാമ്പാടിയിലെ ബന്ധുവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം വീട്ടില്‍ എത്തിയ സമയത്തായിരുന്നു അപകടം. ഭക്ഷണം കഴിച്ച ശേഷം വീടിനുള്ളില്‍ ഇരിക്കുകയായിരുന്നു സുനില്‍ കുമാറും ശ്രീനാഥും. ശ്രീനാഥ് കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ശ്രീനാഥ് അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം സുനില്‍ കുമാര്‍ തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. അതേസമയം ഹൈറേഞ്ചില്‍ ലഘു മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് പെയ്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കരുണാപുരം, കൂട്ടാര്‍, തേര്‍ഡ്ക്യാമ്പ്, രാമക്കല്‍മേട്, തൂക്കുപാലം, മുണ്ടിയെരുമ, നെടുങ്കണ്ടം, പാറത്തോട്, ഉടുമ്പന്‍ചോല തുടങ്ങിയ മേഖലകളിലെല്ലാം നാല് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന അതിശക്തമായ മഴയാണ് പെയ്തത്.












Click it and Unblock the Notifications