മൂന്നാർ ട്രിപ്പുകൾ! കെഎസ്ആർടിസിയിൽ സഞ്ചാരികളുടെ യാത്ര: പക്ഷെ, കാണുന്നത് ഒരു വൈറെറ്റി മൂന്നാർ....
ഇടുക്കി: മൂന്നാറിലേക്ക് കെ എസ് ആർ ടി സി നടത്തുന്ന സൈറ്റ് സീയിങ് ട്രിപ്പുകളിലെ ജീവനക്കാർക്ക് എതിരെ പരാതി. കേരളത്തിലെ വിവിധ കെ എസ് ആർ ടി സി ഡിപ്പോകളിൽ നിന്നും മൂന്നാറിലേക്ക് വിനോ ദസഞ്ചാരികൾക്ക് വേണ്ടി സർവീസ് നടത്തുന്നുണ്ട്. എന്നാൽ, സഞ്ചാരികളെ ജീവനക്കാർ സ്വകാര്യ ഫാമുകളിലേ്ക്ക് എത്തിക്കുന്നു എന്നാണ് കെ എസ് ആർ ടി സി ജീവനക്കാർക്ക് എതിരെ നാട്ടുകാർ പരാതി പറയുന്നത്.
ഇതിനുവേണ്ടി കെ എസ് ആർ ടി സി ജീവനക്കാർ കമ്മിഷൻ വാങ്ങുന്നു എന്ന് നാട്ടുകാർ ആരോപിക്കുന്നു. മൂന്നാർ കാണുക എന്ന ഉദ്ദേശത്തോടെയാണ് വിനോദ സഞ്ചാരികൾ ഇടുക്കിയിലേക്ക് എത്തുന്നത്. ഇവിടത്തെ പ്രധാന കാഴ്ചകൾ കാണിക്കാതെ ബസ് ഡ്രൈവർക്ക് കമ്മിഷൻ കിട്ടുന്ന സ്വകാര്യ ഇടങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കുന്നു.

സഞ്ചാരികളുടെ പോക്കറ്റ് കാലിയാക്കുന്ന തരത്തിലാണ് കെ എസ് ആർ ടി സി ജീവനക്കാരുടെ കമ്മിഷൻ എന്നും ആക്ഷേപമുണ്ട്. ഇത് അവസാനിപ്പിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് വിനോദ സഞ്ചാരികൾക്ക് മൂന്നാറിലെ പ്രധാന കാഴ്ചകൾ കാണാൻ അവസരം കിട്ടുന്നില്ലെന്നും നാട്ടുകാർ പറയുന്നു. മൂന്നാറിലും അടിമാലിക്കും ഇടയിലുള്ള സ്പൈസ് ഗാർഡൻ ഉടമകളാണ് ഇത് പ്രയോജനപ്പെടുത്തുന്നത്. വിനോദ സഞ്ചാരികൾക്ക് വേണ്ടി കെ എസ് ആർ ടി സി പാക്കേജുകൾ നിലവിലുണ്ട്.
ഇടുക്കി മൂന്നാറിലേക്ക് സർവീസ് നടത്താൻ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണത്തിനുള്ള തുക കൂടി ഉൾപ്പെടുത്തിയാണ് യാത്രക്കാർ പണം നൽകുന്നത്. പല ഡിപ്പോകളിലും ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത് ഇപ്രകാരമാണ്. ചില സ്പൈസ് ഫാമുകളിൽ വിനോദ സഞ്ചാരികൾക്ക് കടിയും ചായയും സൗജന്യം. ഫാമിലേക്കുള്ള പ്രവേശനവും സൗജന്യം.
എന്നാൽ, ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത് വിൽപ്പനശാലകൾ ആണ്. സാധനങ്ങൾ വാങ്ങാൻ എത്തുന്ന സഞ്ചാരികളാണ് ഉടമയ്ക്കുളള ആകെ ലാഭം. സഞ്ചാരിക്ക് മുന്നിൽ വിറ്റഴിക്കപ്പെടുന്ന സാധനങ്ങൾ ജൈവ ഉൽപ്പന്നങ്ങൾ എന്നാണ് പറയപ്പെടുന്നത്. ഇതിന് ഉയർന്ന വില ഈടാക്കി സഞ്ചാരികളെ പറ്റിക്കുന്നു. ബിൽ തുകയുടെ 40 ശതമാനം വരെ കമ്മിഷൻ ആയി കെ എസ് ആർ ടി സി ബസ് ഡ്രൈവർക്ക് നൽകുന്നുവെന്നും നാട്ടുകാർ പറയുന്നു.
സ്വകാര്യ ഫാമിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളെ ഫാമിലെ ജൈവ രീതിയിൽ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ എന്നു പറഞ്ഞ് കബളിപ്പിച്ചാണ് വിൽപ്പന നടത്തുന്നത്. മൂന്നാർ കാണാൻ എത്തുന്ന സഞ്ചാരികൾ കൗതുകത്തോടെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഇടയാകും. 1000 രൂപയ്ക്ക് പുറത്തെ കടകളിൽ കിട്ടുന്ന ഏലയ്ക്ക സ്വകാര്യ ഫാമുകളിലെ വില 3000 രൂപ. എല്ലാം ജൈവ ഉൽപ്പന്നങ്ങൾ എന്നു പറഞ്ഞ് പുറത്തു നിന്ന് സാധനങ്ങൾ വാങ്ങിയാണ് വിൽപ്പന നടത്തുന്നത്. അതേസമയം, ചില സ്വകാര്യ ടൂർ ഓപ്പറേറ്റർമാരുടെ ടാക്സി ഡ്രൈവർമാരും ഇതേ രീതി തന്നെ പിന്തുടരുകയാണ്.
ഒറ്റ ദിവസത്തെ മൂന്നാർ സന്ദർശനത്തിന് വേണ്ടി പണം കുറച്ചു നേരത്തെ ടിക്കറ്റെടുത്ത് കെ എസ് ആർ ടി സി യുടെ സൈറ്റ് സീയിങ് ബസുകളെ ആശ്രയിക്കുന്ന യാത്രക്കാർ ആണ് ഇവിടെയുള്ളത്. ഇങ്ങനെ എത്തുന്ന യാത്രക്കാർക്ക് ഇത്തരം ഫാമുകളിൽ സമയം ചെലവഴിക്കാം. അല്ലാതെ, മൂന്നാറിലെ നല്ല കാഴ്ചകൾ കാണാൻ കഴിയില്ല.
മൂന്നാർ പട്ടണത്തിൽ പോലും കെ എസ് ആർ ടി സി ബസുകൾ നിർത്തുന്നില്ല എന്ന് ആക്ഷേപവുമുണ്ട്. ഈ കാരണത്താൽ തന്നെ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെ മൂന്നാറിന്റെ യഥാർത്ഥ ഉൽപന്നങ്ങൾ പോലും വാങ്ങാൻ ഏറെ പ്രതീക്ഷയോടെ എത്തുന്ന വിനോദ സഞ്ചാരികൾക്ക് കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.












Click it and Unblock the Notifications