ശ്രുതിമോള്‍ക്ക് മെഡിസിന് പ്രവേശനം ലഭിച്ചു; പാഴ് വസ്തുക്കള്‍ ശേഖരിച്ച് പണം നല്‍കാന്‍ സിപിഎം
ഇടുക്കി: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച റാങ്ക് നേടിയിട്ടും ഫീസടയ്ക്കാനുള്ള ഭീമമായ തുക കണ്ടെത്താനാകാതെ വലഞ്ഞ മുരിക്കാശേരി പടമുഖം പാറച്ചാലില്‍ ശ്രുതിമോള്‍ക്ക് മലബാര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചു. ഫീസിന്റെ ആദ്യഗഡുവായ ഏഴുലക്ഷം രൂപ തിങ്കളാഴ്ച സി പി ഐ എം ഇടുക്കി ജില്ലാ കമ്മിറ്റി അടയ്ക്കും. കഷ്ടപ്പാടുകള്‍ക്കിടയിലും പാലായില്‍ എന്‍ട്രന്‍സ് പരിശീലനം നേടി രണ്ടാംവട്ടം പരീക്ഷ എഴുതിയപ്പോള്‍ 4203-ാം റാങ്കാണ് ശ്രുതിമോള്‍ക്ക് ലഭിച്ചത്. എന്നാല്‍, ഏതെങ്കിലും മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയാല്‍ മാത്രമേ വിദ്യാഭ്യാസ വായ്പ ലഭിക്കൂവെന്ന നിബന്ധന പ്രശ്‌നമായി. പ്രവേശനം നേടണമെങ്കില്‍ ആദ്യവര്‍ഷത്തെ ഫീസടയ്ക്കണമായിരുന്നു. അത് കണ്ടെത്താനാകാത്ത പ്രയാസത്തിലായ വാര്‍ത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു.
ഇതോടെയാണ് സി പി ഐം എം വിഷയത്തില്‍ ഇടപെട്ടത്. സി പി ഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ശ്രുതിമോളുടെ വീട്ടിലെത്തി ആദ്യവര്‍ഷത്തെ ഫീസ് നല്‍കാമെന്നും ഉറപ്പുനല്‍കി. സി പി ഐ എം തോപ്രാംകുടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷൈന്‍ കല്ലേക്കുളം, കമ്മിറ്റിയംഗങ്ങളായ കെ യു വിനു, ഇ എന്‍ ചന്ദ്രന്‍, ഗ്രാമപ്പഞ്ചായത്തംഗം ലൈലാമണി തുടങ്ങിയവര്‍ സി വി വര്‍ഗീസിനൊപ്പം ശ്രുതിമോളുടെ വീട്ടിലെത്തി. അച്ഛന്‍ മരിച്ചതിനുശേഷം അമ്മ ബിന്ദു കൂലിപ്പണിയെടുത്താണ് ശ്രുതിമോളെയും അനുജത്തിയെയും വളര്‍ത്തിയത്. 91.6 ശതമാനം മാര്‍ക്കോടെയാണ് ശ്രുതി മോള്‍ പ്ലസ് ടു പാസായത്. ചോര്‍ന്നൊലിക്കുന്ന വീട്ടിലെ ചാണകം മെഴുകിയ തറയിലിരുന്ന് പഠിച്ചാണ് ശ്രുതി മോള്‍ അതുല്യനേട്ടം കരസ്ഥമാക്കിയത്.

മെഡിക്കല്‍ പ്രവേശനത്തിനായുള്ള ആദ്യ ഗഡുവിനുള്ള തുക സി പി ഐം എം നേതാക്കള്‍ വായ്‌പെയടുത്താണ് നല്‍കുന്നത്. തുടര്‍ന്ന് സി പി ഐ എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പാഴ് വസ്തുക്കള്‍ ശേഖരിക്കാനിറങ്ങും. ഇത് വിറ്റുകിട്ടുന്ന തുക ഉപയോഗിച്ച് വായ്പ തീര്‍ക്കും. ബാക്കി തുക ശ്രുതിമോളുടെ അക്കൗണ്ടിലേക്കും നല്‍കും. സമാന മനസ്‌കരായ ആളുകളുടെ സഹായവും ശ്രുതി മോളുടെ പഠനചെലവിനായി സ്വരൂപിക്കും. റോമിയോ സെബാസ്റ്റ്യന്‍ ചെയര്‍മാനും പി ബി സബീഷ് കണ്‍വീനറും ഇ എന്‍ ചന്ദ്രന്‍ ട്രഷററുമായ കമ്മിറ്റിയാണ് ഫണ്ട് ശേഖരണം ഏകോപിപ്പിക്കുന്നത്.

കൂലിപ്പണിക്കാരനായിരുന്ന ശ്രുതിമോളുടെ അച്ഛന്‍ തമ്പി 2011-ലാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇതോടെ രണ്ട് പെണ്‍കുട്ടികളടങ്ങിയ കുടുംബത്തെ നോക്കാന്‍ അമ്മ ബിന്ദു കൂലിവേലയ്ക്കിറങ്ങുകയായിരുന്നു. ഡോക്ടറാകണമെന്ന മകളുടെ സ്വപ്‌നത്തിന് തണലൊരുക്കിയത് ഈ അമ്മയാണ്. കടം വാങ്ങിയും ആഭരണങ്ങള്‍ പണയം വെച്ചുമൊക്കെ ശ്രുതി മോളെ ബിന്ദു പാലായിലെ പരിശീലന സ്ഥാപനത്തില്‍ അയച്ച് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം നല്‍കി. കൊവിഡ് സാഹചര്യങ്ങള്‍ മൂലം പഠനം മുടങ്ങിയതിനാല്‍ ആദ്യ തവണ മാര്‍ക്ക് കുറഞ്ഞു. എന്നാല്‍, രണ്ടാംതവണ 4203-ാം റാങ്ക് നേടിയാണ് ശ്രുതിമോള്‍ തന്റെ സ്വപ്‌നത്തിലേക്ക് അടുത്തത്.

ഒ ബി സി. സംവരണമുള്ളതിനാല്‍ സ്വാശ്രയ മെഡിക്കല്‍ കോളേജില്‍ മെറിറ്റില്‍ പ്രവേശനം ലഭിക്കാന്‍ ബുദ്ധിമുട്ടില്ല. വിദ്യാഭ്യാസ വായ്പയില്‍ പഠനം മുന്നോട്ടു കൊണ്ടുപോകാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, വായ്പ ലഭിക്കണമെങ്കില്‍ കോളേജില്‍ പ്രവേശനം നേടണമെന്ന നിബന്ധന വിലങ്ങു തടിയായി. അതിന് ഒരുവര്‍ഷത്തെ ഫീസടയ്ക്കണമെന്ന് കൂടെ മനസിലാക്കിയതോടെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീണുവെന്നാണ് ശ്രുതി മോള്‍ക്കും കുടുംബത്തിനും തോന്നിയത്. ഒരുവര്‍ഷത്തെ ഫീസും മറ്റുചെലവുകളും കൂടി 10 ലക്ഷത്തോളം രൂപ വേണ്ടിവരും.
Recommended Video

സ്വന്തമെന്ന് പറയാന്‍ ഒരുതുണ്ട് ഭൂമിയില്ല ഇവര്‍ക്ക്. അച്ഛന്റെ വിഹിതമായി ലഭിക്കേണ്ട 10 സെന്റ് സ്ഥലം ഇവരുടെ പേരിലേക്ക് എഴുതിച്ചേര്‍ത്തിട്ടുമില്ലായിരുന്നു. ഇതോടെയാണ് ആദ്യവര്‍ഷത്തെ ഫീസിനുള്ള 10 ലക്ഷം രൂപ സി പി ഐ എം ഇടുക്കി ജില്ലാ കമ്മിറ്റി ശേഖരിച്ചുനല്‍കുമെന്നറിയിച്ചത്. ഇടുക്കി ഏരിയയിലെ വീടുകള്‍ കയറി പാഴ്വസ്തുക്കള്‍ ശേഖരിച്ചാണ് തുക സമാഹരിക്കുക. കൂടാതെ താമസിക്കാന്‍ യോഗ്യമായ വീട് നിര്‍മിക്കാനുള്ള കാര്യങ്ങളും ചെയ്ത് കൊടുക്കാമെന്ന് സി പി ഐ എം അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications