മഴ കൂടിയേക്കാമെന്ന് മുന്നറിയിപ്പ്; മുല്ലപ്പെരിയാറില്‍ പരിശോധന നടത്തി തമിഴ്‌നാട്
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പൊതുമരാമത്ത് സംഘം പരിശോധന നടത്തി. മധുര റീജിയണല്‍ ചീഫ് എഞ്ചിനീയര്‍ എസ് രമേശിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. കേരളത്തില്‍ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. വയനാട് ദുരന്തത്തിന് പിന്നാലെ മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക ഉയര്‍ന്നിരുന്നു.
അതേസമയം അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച് തമിഴ്‌നാട്ടിലെ ജല വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്നതിനായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം എന്നാണ് അറിയാന്‍ കഴിയുന്നത്. അതേസമയം മുല്ലപ്പെരിയാര്‍ ഡാമിന് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചേക്കാമെന്ന ആശങ്ക അടിസ്ഥാനരഹിതമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു.

വിഷയത്തില്‍ നേരത്തെ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം തന്നെ തുടരും. മുല്ലപ്പെരിയാര്‍ ജലബോംബാണെന്നും പുതിയ ഡാം വേണമെന്നും ആവശ്യപ്പെട്ട് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് പാര്‍ലമെന്റില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം എന്നായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ ആവശ്യം. ഡാമിന് സമീപത്തുള്ള ജനങ്ങളുടെ ജീവന്‍ അപകടത്തിലാണ്.
130 വര്‍ഷം പഴക്കമുള്ള ഡാമാണ് മുല്ലപ്പെരിയാറിലേത് എന്നും പിന്നെ എങ്ങനെയാണ് അതിന്റെ സുരക്ഷ സംബന്ധിച്ച് കുഴപ്പമില്ലെന്ന് പറയാന്‍ കഴിയുന്നത് എന്നുമായിരുന്നു അദ്ദേഹം ചോദിച്ചത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോ എന്ന് ജനങ്ങളോട് പറയണം. അല്ലെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാമെന്ന കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണം എന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടിരുന്നു. പുതിയ ഡാം പുതിയ കരാര്‍ എന്നതായിരുന്നു കേരളം മുന്നോട്ട് വെച്ചിരുന്നത്. തമിഴ്നാടിന് ആവശ്യത്തിന് ജലം നല്‍കണമെന്ന നിലപാടാണ് കേരളത്തിനുള്ളത് എന്നും ഇക്കാര്യം നിയമസഭയില്‍ പാസാക്കിയതാണ് എന്നും ഡീന്‍ പറഞ്ഞിരുന്നു. തമിഴ്നാടിനെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ ഡാം നിര്‍മിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് രാജ്യസഭാ എംപി ഹാരിസ് ബീരാനും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണം എന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി പ്രകടനവും പ്രതിഷേധ യോഗവും നടത്തിയിരുന്നു.












Click it and Unblock the Notifications