സ്ഥാനാര്‍ഥിയെ നഷ്ടമായി; സ്വതന്ത്രനൊപ്പം പ്രചാരണം നടത്തി ബിജെപി... പഴയ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങിയ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് കനത്ത തിരിച്ചടിയാണ് പ്രചാരണം ചൂടുപിടിക്കും മുമ്പേ ലഭിച്ചത്. മൂന്ന് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളി. തലശേരിയിലും ഗുരുവായൂരും ബിജെപി സ്ഥാനാര്‍ഥികളുടെയും ദേവികുളത്ത് സഖ്യകക്ഷിയായ എഐഎഡിഎംകെയുടെ പ്രതിനിധിയുടെയും പത്രികയാണ് തള്ളിയത്. മൂന്ന് സ്ഥാനാര്‍ഥികളും ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയിലെത്തി.
തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി ബിജെപിയും എഐഎഡിഎം സ്ഥാനാര്‍ഥി സ്വന്തമായിട്ടുമാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ ദേവികുളത്തെ സ്ഥാനാര്‍ഥിയെ കൈവിട്ട് സ്വതന്ത്രനൊപ്പം പ്രചാരണം തുടങ്ങിയിരിക്കുയാണ് എന്‍ഡിഎ. വിശദാംശങ്ങള്‍ ഇങ്ങനെ....
അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

രണ്ടാമതും അതേ സ്ഥാനാര്‍ഥി
ഇടുക്കിയിലെ ദേവികുളം മണ്ഡലത്തില്‍ എന്‍ഡിഎയ്ക്ക് വേണ്ടി എഐഎഡിഎംകെയാണ് മല്‍സരിക്കുന്നത്. 2016ല്‍ മല്‍സരിച്ച ആര്‍എം ധനലക്ഷ്മിയെ തന്നെയാണ് ഇത്തവണയും പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയത്. പക്ഷേ, പത്രിക തള്ളിയതോടെ മുന്നണി വെട്ടിലായി.

സ്വതന്ത്രനൊപ്പം പ്രചാരണം
11623 വോട്ടുകളാണ് എന്‍ഡിഎയ്ക്ക് 2016ല്‍ ദേവികുളത്ത് ലഭിച്ചത്. ഇത്തവണ ധനലക്ഷ്മിയ്ക്ക് മല്‍സരിക്കാനാകില്ല എന്ന് മനസിലാക്കിയ എന്‍ഡിഎ, സ്വതന്ത്ര സ്ഥാനാര്‍ഥിയെ പിന്തുണച്ചിരിക്കുകയാണ്. എസ് ഗണേശനൊപ്പം ബിജെപിയും എഐഎഡിഎംകെയും പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

പത്രിക തള്ളിയതില്‍ ദുരൂഹത?
തന്റെ പത്രിക തള്ളിയതില്‍ ദുരൂഹതയുണ്ട് എന്നാണ് ധനലക്ഷ്മിയുടെ ആരോപണം. ഇടുക്കി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ഒരുപോലെയാണ് പത്രിക പൂരിപ്പിച്ചത്. എല്ലായിടത്തും പത്രിക സ്വീകരിച്ചു. എന്തുകൊണ്ട് ദേവികുളം മണ്ഡലത്തില്‍ മാത്രം സ്വീകരിച്ചില്ല എന്നാണ് ധനലക്ഷ്മിയുടെ ചോദ്യം.

കേസ് നടത്താന്‍ പിന്തുണയില്ല
ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് ധനലക്ഷ്മി നേരിട്ടാണ് എന്നാണ് വിവരം. കേസ് നടത്തിപ്പിന് എന്തുകൊണ്ട് എന്‍ഡിഎയുടെ പിന്തുണ ലഭിക്കുന്നില്ല എന്ന ചോദ്യവും പ്രസക്തമാണ്. ഇതിനിടെയാണ് യുഡിഎഫും എല്‍ഡിഎഫും ഈ വിഷയത്തില്‍ പരസ്പരം ആരോപണം ഉന്നയിക്കുന്നത്.

കേരളത്തില്‍ രണ്ടിടത്ത് എഐഎഡിഎംകെ
എന്‍ഡിഎയുടെ ഭാഗമായ എഐഎഡിഎംകെ രണ്ടു സീറ്റിലാണ് കേരളത്തില്‍ മല്‍സരിക്കുന്നത്. ഇടുക്കി ജില്ലയിലെ ദേവികുളത്തും പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടും. ധനലക്ഷ്മിയുടെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായതോടെ മണ്ണാര്‍ക്കാട്ടെ നസീമ മാത്രമാണ് പാര്‍ട്ടിക്ക് വേണ്ടി മല്‍സരിക്കുന്നത്.

എല്ലാവരെയും പിന്തുണച്ചവര്‍
സിപിഎമ്മിനെയും സിപിഐയെയും കോണ്‍ഗ്രസിനെയും പരീക്ഷിച്ച വോട്ടര്‍മാരായണ് ദേവികുളം നിയമസഭാ മണ്ഡലത്തിലുള്ളത്. വര്‍ഷങ്ങളായി സംവരണ മണ്ഡലമായി തുടരുന്ന ദേവികുളത്തെ സംവരണ മണ്ഡല പട്ടികയില്‍ നിന്ന് നീക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയുണ്ട്.

കൂടുതല്‍ കാലം നിയമസഭയിലെത്തിയത്
കോണ്‍ഗ്രസിലെ എകെ മണിയും സിപിഎമ്മിലെ എസ് രാജേന്ദ്രനുമാണ് ദേവികുളത്ത് നിന്ന് കൂടുതല്‍ കാലം എംഎല്‍എമാരായത്. കഴിഞ്ഞ തവണ ഏറ്റുമുട്ടിയപ്പോള്‍ വിജയം രാജേന്ദ്രനായിരുന്നു. തോട്ടം-കാര്‍ഷിക മേഖലയായ മണ്ഡലത്തില്‍ തമിഴ് വംശജരുടെ വോട്ടാണ് നിര്‍ണായകം. ആദിവാസി ദളിത് പിന്നാക്കക്കാരും ഏറെ.

തദ്ദേശത്തില്‍ ഇടത്തോട്ട് ചാഞ്ഞു
12 പഞ്ചായത്തുകളില്‍ ഏഴെണ്ണം എല്‍ഡിഎഫിനൊപ്പമാണ്. ബാക്കി യുഡിഎഫിനൊപ്പവും. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് നോക്കിയാല്‍ ഇടതുപക്ഷത്തേക്ക് ചാഞ്ഞുനില്‍ക്കുകയാണ് മണ്ഡലം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫാണ് എല്ലാ പഞ്ചായത്തിലും മുന്നിട്ട് നിന്നത്. സിപിഎമ്മിന് വേണ്ടി അഡ്വ. എ രാജയും കോണ്‍ഗ്രസിന് വേണ്ടി ഡി കുമാറുമാണ് ഇത്തവണ മല്‍സരിക്കുന്നത്.
ഗ്ലാമറസ് ലുക്കിൽ ജിനാൽ ജോഷി- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications