മൂന്നാര്‍ കൈയേറ്റം: '42 കേസ് തോറ്റു, എന്തുകൊണ്ട് അപ്പീല്‍ പോയില്ല?'; സര്‍ക്കാരിനെതിരെ ഹൈക്കോടതി
കൊച്ചി: മൂന്നാറിലെ ഭൂമി കൈയേറ്റ കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം. വ്യാജ പട്ടയ കേസില്‍ രവീന്ദ്രന് എതിരെ എന്ത് നടപടിയാണ് സര്‍ക്കാര്‍ എടുത്തത് എന്നും വ്യാജ പട്ടയക്കേസില്‍ വലിയ അഴിമതിയാണ് നടന്നിരിക്കുന്നത് എന്നും ഹൈക്കോടതി പറഞ്ഞു. മൂന്നാര്‍ ഭൂമി കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചാണ് സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.
42 ഭൂമി കേസുകളില്‍ സര്‍ക്കാര്‍ കോടതിയില്‍ തോറ്റു എന്നും എന്നിട്ടും എന്തുകൊണ്ടാണ് അപ്പീല്‍ ഫയല്‍ ചെയ്യാതിരുന്നത് എന്നും കോടതി ചോദിച്ചു. '500 വ്യാജ പട്ടയം ഉണ്ടാക്കിയാല്‍ 500 കേസുകള്‍ വേണ്ടേ? വ്യാജപട്ടയ കേസില്‍ ഗൂഢാലോചന കുറ്റം മാത്രം ചുമത്തിയത് തൃപ്തികരമല്ല. രവീന്ദ്രന് മാത്രമായി വ്യാജ പട്ടയം ഉണ്ടാക്കാനാകില്ല. പിന്നില്‍ വേറെയും ചില ആളുകള്‍ ഉണ്ടാകും,' ഹൈക്കോടതി പറഞ്ഞു.

കേസില്‍ സി ബി ഐയെ സ്വമേധയാ കക്ഷി ചേര്‍ക്കും എന്നും കോടതി വ്യക്തമാക്കി. കേസ് സിബിഐയ്ക്ക് വിടുന്നതിന് മുമ്പ് അഡ്വക്കേറ്റ് ജനറലിന്റെ വാദം കേള്‍ക്കും. ഉദ്യോഗസ്ഥര്‍ക്കും കേസില്‍ ഉത്തരവാദിത്വമുണ്ട് എന്നും അവരെ ഒഴിവാക്കാനാവില്ല എന്നും കോടതി പറഞ്ഞു. 42 കേസുകളിലും കൃത്യമായ അന്വേഷണം നടന്നിട്ടില്ല എന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ഒരു കേസില്‍ തഹസില്‍ദാര്‍ തന്നെ പ്രതികള്‍ക്ക് അനുകൂലമായെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികളെ വെറുതെ വിട്ട കേസുകളുടെ എണ്ണവും നിലവിലുള്ള കേസുകളുടെ സ്ഥിതിയും അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയ ഹൈക്കോടതി ഹര്‍ജി ഉച്ചയ്ക്ക് 1.45 ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസവും മൂന്നാറിലെ ഭൂമി കൈയേറ്റം സംബന്ധിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന് കോടതിയില്‍ നിന്ന് വിര്‍ശനം കേട്ടിരുന്നു. കേസില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു എന്നും അന്വേഷണം സിബിഐയെ ഏല്‍പ്പിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിലവില്‍ കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ച് വിജിലന്‍സ് ആണ്. എന്നാല്‍ ഈ അന്വേഷണം ഫലപ്രദമല്ലെന്നാണ് കോടതി പറയുന്നത്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പലകുറി ഉത്തരവിട്ടിട്ടും മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍ നിശ്ചലമായതാണ് ഹൈക്കോടതിയെ പ്രകോപിപ്പിച്ചത്.
നേരത്തെ മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദമാക്കി റിപ്പോര്‍ട്ട് നല്‍കണം എന്ന് മോണിറ്ററിങ് കമ്മിറ്റിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വരുന്ന ചൊവ്വാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.












Click it and Unblock the Notifications