സ്വകാര്യസ്ഥാപനങ്ങളില്‍ കന്നഡിഗര്‍ക്ക് 100% സംവരണം കൊടുക്കണം; പുതിയ നിയമവുമായി കര്‍ണാടക
ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി തസ്തികകളില്‍ കര്‍ണാടക്കാര്‍ക്ക് 100 ശതമാനം സംവരണം നിര്‍ബന്ധമാക്കുന്ന ബില്ലിന് കര്‍ണാടക മന്ത്രിസഭ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കന്നഡക്കാര്‍ക്ക് അവരുടെ സംസ്ഥാനത്ത് സുഖജീവിതം നയിക്കാനുള്ള അവസരം നല്‍കണമെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ഇവിടത്തെ ജനങ്ങള്‍ക്ക് കന്നഡ മണ്ണില്‍ ജോലി നഷ്ടപ്പെടുത്തരുതെന്നുമാണ് തന്റെ സര്‍ക്കാരിന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ കന്നഡ അനുകൂല സര്‍ക്കാരാണ്, കന്നഡക്കാരുടെ ക്ഷേമം സംരക്ഷിക്കുന്നതിനാണ് ഞങ്ങളുടെ മുന്‍ഗണന,' മുഖ്യമന്ത്രി പറഞ്ഞു. ബില്‍ വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് നിയമവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

എല്ലാ വ്യവസായ സ്ഥാപനങ്ങളും ഫാക്ടറികളും മറ്റ് സ്ഥാപനങ്ങളും പ്രാദേശിക ഉദ്യോഗാര്‍ത്ഥികളില്‍ അമ്പത് ശതമാനം മാനേജ്മെന്റ് വിഭാഗങ്ങളിലും എഴുപത് ശതമാനം മാനേജ്മെന്റ് ഇതര വിഭാഗങ്ങളിലും നിയമിക്കേണ്ടതാണ് എന്നാണ് ബില്ലില്‍ പറയുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കന്നഡ ഒരു ഭാഷയായി ഉള്ള സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ നോഡല്‍ ഏജന്‍സി വ്യക്തമാക്കിയിട്ടുള്ള കന്നഡ പ്രാവീണ്യ പരീക്ഷയില്‍ വിജയിക്കണം എന്നും ബില്ലില്‍ പറയുന്നു.
യോഗ്യതയുള്ള പ്രാദേശിക ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമല്ലെങ്കില്‍, സര്‍ക്കാര്‍ അല്ലെങ്കില്‍ അതിന്റെ ഏജന്‍സികളുടെ സജീവ സഹകരണത്തോടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്ഥാപനങ്ങള്‍ അവരെ പരിശീലിപ്പിക്കാന്‍ നടപടിയെടുക്കണം എന്നും ബില്ലിലെ നിര്‍ദേശത്തിലുണ്ട്. മതിയായ പ്രാദേശിക ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമല്ലെങ്കില്‍ ഈ നിയമത്തിലെ വ്യവസ്ഥകളില്‍ നിന്ന് ഇളവ് ലഭിക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
'സര്‍ക്കാര്‍ പാസാക്കിയ അത്തരം ഉത്തരവുകള്‍ അന്തിമമായിരിക്കും. എന്നാല്‍, ഈ വകുപ്പിന് കീഴില്‍ നല്‍കിയിരിക്കുന്ന ഇളവ് മാനേജ്‌മെന്റ് വിഭാഗത്തിന് 25 ശതമാനത്തിലും മാനേജ്‌മെന്റ് ഇതര വിഭാഗങ്ങള്‍ക്ക് 50 ശതമാനത്തിലും കുറവായിരിക്കരുത്,' നിര്‍ദ്ദിഷ്ട ബില്‍ പറയുന്നു. എല്ലാ വ്യവസായങ്ങളും ഫാക്ടറികളും മറ്റ് സ്ഥാപനങ്ങളും ഈ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതിനെക്കുറിച്ച് നോഡല്‍ ഏജന്‍സിയെ അറിയിക്കേണ്ടതാണ്.
ഒരു സ്ഥാപനത്തിന്റെ തൊഴിലുടമയോ മാനേജരോ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് ഈ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുക എന്നതാണ് നോഡല്‍ ഏജന്‍സിയുടെ ചുമതല. റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനായി ഒരു സ്ഥാപനത്തിന്റെ തൊഴിലുടമയുടെയോ മാനേജരുടെയോ കൈവശമുള്ള രേഖകള്‍ ആവശ്യപ്പെടാന്‍ നോഡല്‍ ഏജന്‍സിക്ക് അധികാരമുണ്ടായിരിക്കും.
നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതിനായി അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ അംഗീകൃത ഓഫീസറായി സര്‍ക്കാര്‍ നിയമിക്കും. ഈ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനത്തിന്റെ തൊഴിലുടമയോ മാനേജര്‍ക്കോ 10,000 രൂപ മുതല്‍ 25,000 രൂപ വരെ പിഴ ഈടാക്കണം. പിഴ ചുമത്തിയതിന് ശേഷവും ലംഘനം തുടരുകയാണെങ്കില്‍ ഓരോ ദിവസവും നൂറ് രൂപ വരെ നീട്ടിയേക്കാവുന്ന കൂടുതല്‍ പിഴയീടാക്കാം എന്നും നിര്‍ദ്ദിഷ്ട ബില്ലില്‍ പറയുന്നു.












Click it and Unblock the Notifications