11 വയസുള്ള പെണ്‍കുട്ടിയെ സ്‌കൂളില്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പീഡിപ്പിച്ചു
നാലുപേര്‍ ചേര്‍ന്ന് ഒക്ടോബര്‍ 14നാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പറയുന്നു.
ഹിസാര്‍: ആറാംക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍വെച്ച് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഹരിയാനയിലെ ഹിസാറിലെ ഒരു പ്രൈവറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിക്കെതിരെയും മറ്റ് മൂന്നു പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
നാലുപേര്‍ ചേര്‍ന്ന് ഒക്ടോബര്‍ 14നാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പറയുന്നു. പത്താംക്ലാസിലെ ഒരു വിദ്യാര്‍ഥിയെ മാത്രമേ പെണ്‍കുട്ടി തിരിച്ചറിഞ്ഞുള്ളൂ. മറ്റ് വിദ്യാര്‍ഥികളെക്കുറിച്ച് അറിയില്ലെന്നാണ് പോലീസിന് നല്‍കിയ മൊഴി. സ്‌കൂളിലെ ടോയ്‌ലറ്റില്‍ വെച്ചായിരുന്നു പീഡനമെന്നും പെണ്‍കുട്ടി പറഞ്ഞതായി അന്വേഷണോദ്യോഗസ്ഥ ഷീല റാണി പറഞ്ഞു.

സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഭയന്നാണ് ഈ വിവരം ഇതുവരെ മറച്ചുവെച്ചത്. കഴിഞ്ഞദിവസം രക്ഷിതാക്കളോട് പെണ്‍കുട്ടി പീഡനത്തെക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നു. പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
ഡിസംബര്‍ 2015ല്‍ പാര്‍ലിമെന്റ് പാസാക്കിയ നിയമപ്രകാരം 16 വയസിന് ശേഷമുള്ളവരെ പ്രത്യേക സാഹചര്യത്തില്‍ മുതിര്‍ന്ന കുറ്റവാളികളായി കണക്കാക്കും. പെണ്‍കുട്ടിയെ പീഡിപ്പിച്ച വിദ്യാര്‍ഥികള്‍ 16 വയസ് കഴിഞ്ഞവരാണോ എന്ന് വ്യക്തമല്ല. കുട്ടികള്‍ക്കെതിരെ ജുവനൈല്‍ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.


Click it and Unblock the Notifications