ബെംഗളൂരുവിൽ 13 കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രതികളെ വെടിവെച്ച് വീഴ്ത്തി പോലീസ്
ബെംഗളൂരുവിൽ 13 കാരനെ തട്ടിക്കൊണ്ടുപോയ പ്രതികൾ പിടിയിൽ ഗുരമൂർത്തി (കുട്ടിയുടെ വീട്ടിലെ സ്പെയർ ഡ്രൈവർ), കൂട്ടാളിയായ ഗോപീകൃഷ്ണ എന്ന ഗോപാലകൃഷ്ണ എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെയാണ് ഇരുവരേയും പിടികൂടിയത്. പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചതോടെ കാലിന് വെടിവെച്ചതായും ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു.
വ്യാസ ബാങ്ക് കോളനി സ്വദേശിയായ എ നിശ്ചിത് എന്ന കുട്ടിയെ ആണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. പോലീസ് അന്വേഷണത്തിനിടെ
വ്യാഴാഴ്ച വൈകീട്ടോടെ ബന്നാർഘട്ട-ഗോട്ടിക്കെരെ റോഡിന് സമീപത്തെ പാറക്കെട്ടുകളിൽനിന്നും നിശ്ചിതിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പാതി കത്തിയ നിലയിലായിരുന്നു മൃതദേഹം.

തിരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടെയാണ് കഗ്ഗലിപുര റോഡിനടുത്തായി പ്രതികൾ ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചത്. തുടർന്ന് പുലർച്ചെ ഒരു മണിയോടെ ഹുള്ളിമാവ് പോലീസ് സംഘം ഇവിടെയെത്തി. ഇതിനിടെ പ്രതികൾ പോലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചെന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സ്വയരക്ഷാർത്ഥം വെടിയുതിർക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
ഗുരമൂർത്തിക്ക് ഇരു കാലുകളിലും വെടിയേറ്റിട്ടുണ്ട്. ഗോപീകൃഷ്ണയുടെ വലത് കാലിലാണ് വെടിയേറ്റത്. ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച വൈകുന്നേരമാണ് ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ നിശ്ചിതിനെ ഗുരമൂർത്തി തട്ടിക്കൊണ്ടുപോയത്. വൈകീട്ട് ഏറെ വൈകിയും കുട്ടി എത്താത്തിനെ തുടർന്ന് മാതാപിതാക്കൾ അധ്യാപികയെ വിളിച്ചു. ട്യൂഷന്‍ കഴിഞ്ഞ് കൃത്യസമയത്തുതന്നെ കുട്ടി തിരിച്ചുപോയെന്ന് അധ്യാപിക മാതാപിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ പിതാവ് അച്യുത ഹുള്ളിമാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ കുട്ടിയുടെ സൈക്കിൾ ശാന്തിനികേതൻ ലേ ഔട്ടിൽ വെച്ച് പോലീസ് കണ്ടെത്തി.
ഇതിനിടെ പ്രതികൾ മാതാപിതാക്കളെ അഞ്ജാത നമ്പറിൽ നിന്ന് ഫോൺ വിളിച്ച് 5 ലക്ഷം ആവശ്യപ്പെട്ടു. പണം തരാമെന്ന് പറഞ്ഞെങ്കിലും വീട്ടുകാർ പോലീസിൽ സമീപിച്ചതോടെ പ്രതികൾ ഭയന്നു. ഇതോടെയാണ് കുട്ടിയെ കൊലപ്പെടുത്തിയിട്ടുണ്ടാകുകയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, പൊതുപ്രവർത്തകരെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ബന്നാർഘട്ട പോലീസ് പ്രതികൾക്കെതിരെ കേസെടുത്തത്.












Click it and Unblock the Notifications