18-ാം ലോക്‌സഭയുടെ ആദ്യസമ്മേളനം ഇന്ന്, എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ലോക്സഭയുടെ പ്രോടേം സ്പീക്കറായി ബിജെപി എംപി ഭര്‍തൃഹരി മഹ്താബിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും അടക്കം പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും. രണ്ട് ദിവസത്തെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം ജൂണ്‍ 26 ന് ലോക്സഭാ സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് നടക്കും.
ജൂണ്‍ 27 ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി പ്രസംഗിക്കും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആദ്യമായി പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിനും ഈ ലോക്‌സഭ സാക്ഷ്യം വഹിക്കും. ഒരു ദശകത്തില്‍ ആദ്യമായി. സെഷന്‍ ജൂലൈ 3 ന് സമാപിക്കുകയും ജൂലൈ 22 ന് മണ്‍സൂണ്‍ സമ്മേളനത്തിനായി വീണ്ടും ചേരുകയും ചെയ്യും.

അതേസമയം കേരളത്തില്‍ നിന്നുള്ള പതിനെട്ട് പേരാണ് എം പിമാരായി സത്യപ്രതിജ്ഞ ചെയ്യുക. വിദേശ സന്ദര്‍ശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എം പി ശശി തരൂര്‍ ഈ ആഴ്ച അവസാനം സത്യപ്രതിജ്ഞ ചെയ്യും. വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്നുള്ള എം പിയായിട്ടായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിക്കും.
വൈകിട്ട് നാല് മണിയോടെയാകും കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ. ലോക്‌സഭയിലെ ആദ്യ ദിനങ്ങളില്‍ തന്നെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തും എന്നാണ് സൂചന. പ്രോടേം സ്പീക്കര്‍ പദവിയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയതിനാല്‍ രാഷ്ട്രപതിയെ സഹായിക്കുന്ന പാനലില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഇന്ത്യ സഖ്യം തീരുമാനിച്ചിട്ടുണ്ട് എന്നാണ് വിവരം.
പ്രോടേം സ്പീക്കറെ സഹായിക്കാനുള്ള പാനലിലുള്ള മൂന്ന് പ്രതിപക്ഷ നേതാക്കളായ ഡിഎംകെയിലെ ടി ആര്‍ ബാലു, കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷ്, തൃണമൂല്‍ കോണ്‍ഗ്രസിലെ സുദീപ് ബന്ദോപാധ്യായ എന്നിവര്‍ പ്രതിഷേധ സൂചകമായി തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കില്ലെന്ന് സൂചിപ്പിച്ചു. പ്രതിപക്ഷ എംപിമാര്‍ എല്ലാവരും ഒന്നിച്ചാകും സഭയിലേക്ക് നീങ്ങുക.
നീറ്റ്, നെറ്റ് തുടങ്ങിയ പരീക്ഷാ വിവാദങ്ങള്‍ വിലക്കയറ്റം, ഓഹരി വിപണിയിലെ ചാഞ്ചാട്ട വിവാദം തുടങ്ങിയ വിഷയങ്ങള്‍ ലോക്‌സഭയില്‍ പ്രതിപക്ഷം ചര്‍ച്ചയാക്കും. നീറ്റ് വിവാദത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നുണ്ട്. വിഷയവുമായി ബന്ധപ്പെട്ട നിരവധി ഹര്‍ജികള്‍ ജൂലൈ എട്ടിന് സുപ്രീം കോടതി പരിഗണിക്കും.
3.7 മില്യണ്‍ വിദ്യാര്‍ത്ഥികളെ ബാധിച്ച വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ്, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ അറിയിച്ചിട്ടുണ്ട്. ജൂണ്‍ നാലിനാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. 543 അംഗ സീറ്റില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും കൂടി 293 സീറ്റാണ് ഉള്ളത്. പ്രതിപക്ഷത്തിന് 234 സീറ്റുണ്ട്. 272 ആണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
2014, 2019 തിരഞ്ഞെടുപ്പുകളില്‍ യഥാക്രമം 272, 303 എംപിമാരുമായി അധികാരത്തിലെത്തിയ ബിജെപിക്ക് ഇത്തവണ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടാനായിരുന്നില്ല. ഇത്തവണ 240 സീറ്റുകളിലാണ് ബിജെപിക്ക് ജയിക്കാനായത്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എന്‍ഡിഎയില്‍ എത്തിയ എന്‍ഡിഎ, ടിഡിപി കക്ഷികളുടെ ബലത്തിലാണ് ബിജെപിക്ക് തുടര്‍ഭരണം ലഭിച്ചത്.












Click it and Unblock the Notifications