ചെറുതായാലും വലുതായാലും ബിജെപിക്ക് ആ 38 പാര്‍ട്ടികളെ ഒപ്പം കൂട്ടിയേ പറ്റൂ..; കാരണം
കഴിഞ്ഞ ആഴ്ചയാണ് പ്രതിപക്ഷത്തിന്റെ മഹാസഖ്യത്തിനെതിരെ എന്‍ഡിഎ വിപുലീകരിക്കാനുള്ള നീക്കം ബിജെപി ആരംഭിച്ചത്. ഇതിന് പിന്നാലെ 38 പാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത് ഒരു യോഗവും നടന്നിരുന്നു. ചെറുതും വലുതുമായി രാജ്യത്തെ വിവിധ പാര്‍ട്ടികളാണ് ഈ യോഗത്തില്‍ പങ്കെടുത്തത്. ഒറ്റ എംപിമാര്‍ പോലുമില്ലാത്ത പാര്‍ട്ടികള്‍ വരെ എന്‍ഡിഎ യോഗത്തിനെത്തിയിരുന്നു.
അത്ര മെച്ചമല്ലാത്ത തിരഞ്ഞെടുപ്പ് ട്രാക്ക് റെക്കോര്‍ഡുള്ള കക്ഷികളെ പോലും എന്തിനാണ് എന്‍ഡിഎ യോഗത്തിലേക്ക് ക്ഷണിച്ചത് എന്നായിരുന്നു എല്ലാവരും ആശ്ചര്യപ്പെട്ടിരുന്നത്. ഇതില്‍ ഒമ്പത് കക്ഷികള്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിക്കാത്തവരാണ്. 16 പാര്‍ട്ടികള്‍ക്ക് ഒറ്റ എംപിമാര്‍ പോലുമില്ല. ഏഴ് പാര്‍ട്ടികള്‍ക്ക് ഒരു എംപിയാണ് ഉള്ളത്. എന്നാല്‍ ഈ കക്ഷികള്‍ക്കെല്ലാം അടുത്ത തിരഞ്ഞെടുപ്പില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കാനാകും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

മഹാരാഷ്ട്ര, ബിഹാര്‍, പഞ്ചാബ് തുടങ്ങി ബിജെപിക്ക് കാര്യമായ പങ്കാളികളെ നഷ്ടപ്പെട്ട സംസ്ഥാനങ്ങളില്‍ സഖ്യം പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമമാണ് ഇതിലൂടെ വെളിവാകുന്നത്. യോഗത്തില്‍ പങ്കെടുത്ത 38 പാര്‍ട്ടികളില്‍ 11 ഉം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. 25 ലോക്‌സഭാ സീറ്റാണ് ഈ സംസ്ഥാനങ്ങളില്‍ ഉള്ളത്. ഈ അവസരത്തില്‍ യോഗത്തിനെത്തിയ പ്രധാന കക്ഷികളുടെ പ്രകടനം ഒന്ന് പരിശോധിക്കാം.
തമിഴ്‌നാട്
വര്‍ഷങ്ങളായി ബിജെപിയുമായി സഖ്യമുള്ള പാര്‍ട്ടിയാണ് എഐഎഡിഎംകെ. വാജ്പേയി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 1998 മുതലാണ് സഖ്യം ആരംഭിച്ചത്. എന്നാല്‍ 1999 ല്‍ എഐഎഡിഎംകെ പിന്തുണ പിന്‍വലിച്ചു. 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ഒന്നിച്ചു. എന്നാല്‍ 2014 ല്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ എഐഎഡിഎംകെ സഖ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു.
2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും രൂപീകരിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ 22 സീറ്റുകളില്‍ മത്സരിച്ചെങ്കിലും ഒരു വിജയം മാത്രമാണ് നേടിയത്. ഇതായിരുന്നു തമിഴ്‌നാട്ടിലെ എന്‍ഡിഎയുടെ ഏക വിജയം. അതേസമയം സംസ്ഥാനത്തെ മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ 19 ശതമാനത്തിലധികം നേടാന്‍ എഐഎഡിഎംകെക്ക് സാധിച്ചിട്ടുണ്ട്.
ഡിഎംകെ അധികാരത്തിലെത്തിയ 2021 നിയമസഭാ തിരഞ്ഞെടുപ്പിലും ഈ സഖ്യം നിലനിന്നു. 39 ലോക്‌സഭാ സീറ്റാണ് തമിഴ്‌നാട്ടില്‍ ഉള്ളത്. അതിനാല്‍ തമിഴ്നാട്ടില്‍ എഐഎഡിഎംകെയുമായുള്ള പങ്കാളിത്തം ബിജെപിക്ക് അത്യന്താപേക്ഷിതമാണ്. ദ്രാവിഡ മണ്ണില്‍ എഐഎഡിഎംകെയെ കൂട്ടുപിടിച്ച് ചുവടുറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
1990 കളുടെ പകുതി മുതല്‍ തമിഴ് മനില കോണ്‍ഗ്രസ് ഉണ്ടായിരുന്നെങ്കിലും 2014 മുന്‍ കോണ്‍ഗ്രസ് കേന്ദ്രമന്ത്രി ജികെ വാസന്റെ നേതൃത്വത്തിലാണ് നിലവിലെ രൂപത്തില്‍ ഉയര്‍ന്നുവന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമായി. തഞ്ചാവൂരില്‍ നിന്ന് കഴിഞ്ഞ തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ഒന്നാം മന്‍മോഹന്‍ സിംഗ് സര്‍ക്കാരിലെ ആരോഗ്യമന്ത്രിയായിരുന്നു അന്‍പുമണി രാമദോസിന്റെ നേതൃത്വത്തിലുള്ള പിഎംകെയ്ക്ക് തമിഴ്നാട്ടിലെ വണ്ണിയര്‍ സമുദായത്തില്‍ ഗണ്യമായ പിന്തുണയുണ്ട്. അന്‍പുമണിയുടെ പിതാവ് എസ് രാമദോസാണ് പിഎംകെ സ്ഥാപിച്ചത്. 2019 ല്‍ എന്‍ഡിഎയുടെ ഭാഗമായി ഏഴ് സീറ്റുകളിലാണ് പാര്‍ട്ടി മത്സരിച്ചെങ്കിലും ഒന്നില്‍ പോലും ജയിക്കാനായില്ല. എന്നാല്‍ വോട്ട് വിഹിതം 5 ശതമാനത്തിലധികമാണ്.
1997-ല്‍ കെ. കൃഷ്ണസ്വാമി സ്ഥാപിച്ച പുതിയ തമിഴകം, തമിഴ്നാട്ടിലെ ദളിത് വിഭാഗമായ പല്ലര്‍ വിഭാഗത്തിന്റെ വോട്ട് ബാങ്കാണ്ഷ ആകര്‍ഷിക്കുന്നത്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പാര്‍ട്ടി രണ്ട് സീറ്റുകള്‍ നേടി. നേരത്തെ ഡിഎംകെയ്‌ക്കൊപ്പം മത്സരിച്ചിപുന്ന പാര്‍ട്ടി 2019-ല്‍ ആണ് എന്‍ഡിഎ സഖ്യത്തില്‍ ചേരുന്നത്.
അഖിലേന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ് പുതുച്ചേരിയിലെ ഭരണകക്ഷിയാണ്. മുഖ്യമന്ത്രി എന്‍. രംഗസ്വാമിയാണ് നേതൃത്വം കൊടുക്കുന്നത്. 2011 ലാണ് രംഗസ്വാമി കോണ്‍ഗ്രസുമായി പിരിഞ്ഞ് പാര്‍ട്ടി രൂപീകരിച്ചത്. 2014 ല്‍ എഐഎന്‍ആര്‍സി പുതുച്ചേരിയിലെ ഏക ലോക്സഭാ സീറ്റ് നേടിയിരുന്നു. എന്നാല്‍ 2019 ല്‍ തോറ്റു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുമായി സഖ്യമുണ്ടാക്കിയാണ് അധികാരത്തിലെത്തിയത്.
മഹാരാഷ്ട്ര
2019-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി സഖ്യത്തില്‍ നിന്ന് ശിവസേന പുറത്തായത് എന്‍ഡിഎ ക്യാംപിനെ ഞെട്ടിച്ചു. ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷിയായിരുന്നു ശിവസേന. എന്‍സിപിക്കും കോണ്‍ഗ്രസിനുമൊപ്പം ചേര്‍ന്നത് ശിവസേന മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കിയെങ്കിലും അധികം ആയുസുണ്ടായില്ല. കഴിഞ്ഞ ജൂണില്‍ എംവിഎ സര്‍ക്കാരിനെ വീഴ്ത്തി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ശിവസേന പിളര്‍ന്നു.
ശിവസേനയുടെ 56 എംഎല്‍എമാരില്‍ 40 പേരുടെ പിന്തുണയോടെയാണ് അദ്ദേഹം ഇറങ്ങിപ്പോയത്. വിമത വിഭാഗം എന്‍ഡിഎയില്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. അവിഭക്ത ശിവസേന-ബിജെപി സഖ്യം 2019 ല്‍ 23.5 ശതമാനം വോട്ടോടെ 18 ലോക്സഭാ സീറ്റുകള്‍ നേടിയിരുന്നു. നിലവില്‍ ശിവസേനയുടെ 13 എംപിമാര്‍ എന്‍ഡിഎയുടെ ഭാഗമാണ്.

കഴിഞ്ഞ മാസമാണ് അജിത് പവാര്‍, ഷിന്‍ഡെയ്ക്ക് സമാനമായി എന്‍സിപിയെ പിളര്‍ത്തി എന്‍ഡിഎ ക്യാംപിലെത്തിയത്. എന്‍സിപിയുടെ 53 എംഎല്‍എമാരില്‍ 30 പേരുടെയും പിന്തുണ അജിത് പവാറിനുണ്ട്. എന്നാല്‍ ശിവസേന (ഏകനാഥ് ഷിന്‍ഡെ), എന്‍സിപി (അജിത് പവാര്‍) ശക്തി തിരഞ്ഞെടുപ്പിലൂടെ തെളിയിക്കപ്പെട്ടിട്ടില്ല.
കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി രാംദാസ് അത്താവലെയാണ് ആര്‍പിഐ(എ)യെ നയിക്കുന്നത്. ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് സ്വാധീനമുണ്ട്. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അതിന്റെ ആറ് സീറ്റില്‍ മത്സരിച്ചിരുന്നു. എന്നാല്‍ ആ വര്‍ഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍പിഐ(എ)ക്ക് മത്സരിക്കാന്‍ ഒരു സീറ്റ് പോലും വിട്ടുകൊടുത്തില്ല. മഹാരാഷ്ട്രയിലെ ദളിത് വോട്ടര്‍മാരിലേക്ക് എത്താന്‍ ബിജെപിക്ക് സഖ്യം ആവശ്യമാണ്.
കേരളം
എസ്എന്‍ഡിപിയുടെ രാഷ്ട്രീയ വിഭാഗമായ ബിഡിജെഎസ് കേരളത്തിലെ എന്‍ഡിഎയുടെ മുഖ്യകക്ഷിയാണ്. 2019 ല്‍ നാല് ലോക്സഭാ സീറ്റുകളില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ 1.8 ശതമാനം വോട്ട് വിഹിതം നേടി. കേരള കോണ്‍ഗ്രസ് (തോമസ്) ആണ് കേരളത്തിലെ മറ്റൊരു സഖ്യകക്ഷി. 2021-ല്‍, കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എന്‍ഡിഎ വിട്ടു. എന്നാല്‍ എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
ബീഹാര്‍
അന്തരിച്ച രാം വിലാസ് പാസ്വാന്‍ സ്ഥാപിച്ച എല്‍ജെപി നിലവില്‍ ചിരാഗ് പാസ്വാന്‍-പശുപതി പരാസ് തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് വിഭാഗങ്ങളാണ്. എല്‍ജെപിയെ ചിരാഗും ആര്‍എല്‍ജെപിയെ പശുപതിയും നയിക്കുന്നു. ആര്‍എല്‍ജെപിക്ക് നിലവില്‍ അഞ്ച് എംപിമാരുണ്ട്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ജെപി മത്സരിച്ച ആറ് സീറ്റിലും വിജയിച്ച് 8 ശതമാനത്തിലധികം വോട്ട് വിഹിതം നേടിയിരുന്നു.
ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎം 2015 ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തില്‍ 21 സീറ്റില്‍ ഒരു സീറ്റ് മാത്രമാണ് നേടിയത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവരുമായി സഖ്യത്തില്‍ ചേര്‍ന്നെങ്കിലും പരാജയപ്പെട്ടു. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയില്‍ ചേര്‍ന്നു. മത്സരിച്ച ഏഴ് സീറ്റുകളില്‍ നാലിലും വിജയിക്കാനായി. ജനസംഖ്യയുടെ 4 ശതമാനത്തോളം വരുന്ന മുസാഹര്‍ സമുദായത്തിന്റെ പിന്തുണ പാര്‍ട്ടിക്കുണ്ട്.












Click it and Unblock the Notifications