ബിജെപിയെ വീഴ്ത്താന്‍ നിതീഷിന്റെ കൈയില്‍ ഫോര്‍മുലയുണ്ട്..; അത് നടക്കണമെങ്കില്‍ അത്ഭുതം സംഭവിക്കണം
2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യവുമായി നിതീഷ് കുമാര്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയിച്ചതോടെ കോണ്‍ഗ്രസിനെ തന്നെ നേതൃസ്ഥാനത്ത് നിര്‍ത്തി ബി ജെ പിക്ക് എതിരെ മഹാസഖ്യം എന്ന തന്ത്രം അണിയറയില്‍ രൂപപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോഴിതാ മോദിയെ പരാജയപ്പെടുത്താന്‍ നിതീഷ് ഒരു ഫോര്‍മുല തയ്യാറക്കിയിട്ടുണ്ട് എന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം എന്‍ ഡി എ വിട്ട ശേഷം ബി ജെ പിക്കെതിരെ സമാനമനസ്‌കരെ ഒന്നിച്ച് നിര്‍ത്താന്‍ ഓടി നടക്കുകയാണ് നിതീഷ് കുമാര്‍. ഒരുവേള പ്രതിപക്ഷത്തിന്റെ സംയുക്ത പ്രധാനമന്ത്രി സ്ഥാനത്തേക്ക് പോലും നിതീഷ് കുമാറിന്റെ പേര് ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ താന്‍ നേതാവാകാനില്ല എന്നും പ്രതിപക്ഷത്ത് ഐക്യമുണ്ടാക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്നുമാണ് നിതീഷ് കുമാര്‍ പറയുന്നത്.

മിക്ക പ്രതിപക്ഷ പാര്‍ട്ടികളെയും ഒന്നിപ്പിച്ച് ബി ജെ പിയുടെ പരാജയം ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് അത്ര എളുപ്പമല്ല എന്നും നിതീഷിന് അറിയാം. പാര്‍ട്ടികള്‍ തമ്മിലുള്ള ആഴത്തിലുള്ള ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലാതാക്കാന്‍ പാര്‍ട്ടികള്‍ക്ക് സാധിച്ചെന്ന് വരില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഡല്‍ഹി ഓര്‍ഡിനന്‍സില്‍ ആം ആദ്മി സര്‍ക്കാരിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിക്കാത്തത്.
ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വെക്കുക എന്നാണ് നിതീഷ് കുമാറിന്റെ ആദ്യ നിര്‍ദേശം. ഇതിനായി 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലമാണ് നിതീഷ് മുന്നോട്ടുവെക്കുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്തതിന്റെ 38 ശതമാനം വോട്ടുകള്‍ ആണ് ബി ജെ പിക്ക് ലഭിച്ചത്. എന്‍ ഡി എക്ക് 45 ശതമാനവും. അന്ന് എന്‍ ഡി എയില്‍ ഉണ്ടായിരുന്ന ജെ ഡി യു, ശിരോമണി അകാലിദള്‍, ശിവസേന എന്നിവര്‍ ഇപ്പോള്‍ മുന്നണിയില്‍ ഇല്ല.
അതിനാല്‍ തന്നെ ബി ജെ പിക്ക് തനിച്ച് ലഭിച്ച 38 ശതമാനം വോട്ട് കണക്കാക്കുമ്പോള്‍ ബാക്കി 62 ശതമാനം പേരും ബി ജെ പിക്ക വോട്ട് ചെയ്തത്എന്നതാണ് അര്‍ത്ഥമാക്കുന്നത്. 2019ല്‍ ബി ജെ പിക്ക് വോട്ട് ചെയ്യാത്തവരെല്ലാം ബി ജെ പി വിരുദ്ധ വോട്ടര്‍മാരല്ലെന്ന് നിതീഷിന് അറിയാം. എങ്കിലും ഈ 62 ശതമാനം വോട്ടര്‍മാരെ ഏകീകരിക്കാന്‍ കഴിയണം. ഇത് തന്നെയാണ് ജൂണ്‍ 12 വിളിച്ച് ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികലുടെ യോഗത്തിന്റെ പ്രധാന അജണ്ടയും.
2024ല്‍ എല്ലാ ബി ജെ പി വിരുദ്ധ ശക്തികളും ശക്തമായ പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ച് മത്സരിപ്പിക്കണം എന്നാണ് നിതീഷിന്റെ ആഗ്രഹം. രാജ്യത്ത് 1977ലെയും 1989ലെയും പൊതു തെരഞ്ഞെടുപ്പുകളില്‍ കണ്ട മാറ്റം ഇത്തവണയും ഉണ്ടാകും എന്നാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്. 1977ലും 1989ലും അന്നത്തെ പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും അധികാരം നഷ്ടപ്പെട്ടിരുന്നു.

എന്നാല്‍ ഇന്ന് രാജ്യത്തിന് ദേശീയ അടിയന്തരാവസ്ഥയോ ബോഫോഴ്‌സ് പോലെയോ ശക്തമായ വൈകാരിക പ്രശ്‌നങ്ങളില്ല എന്നതാണ് ഒരു പ്രശ്‌നം. ഉള്ള പ്രശ്‌നങ്ങളെ ദേശീയ അടിസ്ഥാനത്തില്‍ അധികാര കേന്ദ്രങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന മുന്നേറ്റമാക്കി മാറ്റാനും സാധിക്കുന്നില്ല. ജെപിയെപ്പോലെയോ വി പി സിങ്ങിനെപ്പോലെയോ സ്വാധീനമുള്ള നേതാക്കള്‍ ഇന്ന് പ്രതിപക്ഷത്തിനില്ല എന്നതും ഓര്‍ക്കണം.
എങ്കിലും എന്‍ ഡി എയില്‍ നിന്ന് ഇക്കാലയളവില്‍ ബി ജെ പിയുടെ പ്രധാന സഖ്യകക്ഷികള്‍ പുറത്ത് വന്നിരുന്നു. ഇത് മുതലാക്കാന്‍ സാധിക്കണം എന്നാണ് നിതീഷ് പറയുന്നത്. ബിഹാര്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി ജെ പിക്ക് പ്രധാന സഖ്യകക്ഷികളെ നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ ബി ജെ പി പ്രചരണം ആരംഭിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു വസ്തുത.

സീറ്റുകളിലെ സമവായമാണ് മറ്റൊരു പ്രശ്‌നം. ഉത്തര്‍പ്രദേശില്‍ എസ്പി-കോണ്‍ഗ്രസ്, പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-സിപിഎം, കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് എന്നിങ്ങനെയെല്ലാം സമവായം വേണ്ടിവരും. 2019 ല്‍ 421 സീറ്റില്‍ നിന്ന് മത്സരിച്ച കോണ്‍ഗ്രസ് 52 സീറ്റില്‍ മാത്രമാണ് വിജയിച്ചത്. 2024-ല്‍ ഇത് കണക്കിലെടുത്ത് കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ കുറവ് വരുത്തണം.
ഇത് അതത് മേഖലയില്‍ സ്വാധീനമുള്ള പാര്‍ട്ടികള്‍ക്ക് വിട്ടുകൊടുക്കണം. അതുവഴി ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കുക എന്നതാണ് നിതീഷ് കുമാറിന്റെ ഫോര്‍മുല. എന്നാല്‍ കര്‍ണാടക വിജയത്തിന് ശേഷം, അത്തരമൊരു ഫോര്‍മുല കോണ്‍ഗ്രസ് പാലിക്കുമോ എന്നതാണ് ചോദ്യം. രാജ്യം മുഴുവന്‍ എത്തിയ ഭാരത് ജോഡോ യാത്രക്ക് ശേഷം കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ് എന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്.
അതിന് ഉദാഹരണമായി കര്‍ണാടക തിരഞ്ഞെടുപ്പും പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്നു. അതിനാല്‍ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് കോണ്‍ഗ്രസ് തന്നെയാണ് വരേണ്ടത് എന്നാണ് പാര്‍ട്ടി നേതാക്കള്‍ ആഗ്രഹിക്കുന്നത്. സമാനമായി ആം ആദ്മി പാര്‍ട്ടിയും സീറ്റ് പങ്കിടലില്‍ വലിയ ഇളവ് അനുവദിച്ചേക്കില്ല. നിലവില്‍ രണ്ട് സംസ്ഥാനങ്ങളില്‍ ഭരണമുള്ള ബിജെപി-കോണ്‍ഗ്രസ് ഇതര പാര്‍ട്ടിയാണ് ആം ആദ്മി.
അതിനാല്‍ ഡല്‍ഹിയിലും പഞ്ചാബിലും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും പരസ്പരം കൂടുതല്‍ ലോക്സഭാ സീറ്റുകള്‍ വിട്ടുനല്‍കാന്‍ സാധ്യതയില്ല. ഇതിനോടൊപ്പം സമവായ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുമ്പോള്‍ പല പാര്‍ട്ടികളില്‍ നിന്നും വിമതരും ഉയര്‍ന്ന് വരും. വിമതരെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ബി ജെ പിക്ക് സാധിക്കും എന്നതിനാല്‍ തന്നെ ഇത് വലിയ ഭീഷണിയുമാണ്.
കോണ്‍ഗ്രസ് ഇല്ലാതെ ബിജെപി വിരുദ്ധ മുന്നണി എന്ന നീക്കത്തിന് ഇപ്പോഴും കുറവൊന്നുമില്ല. സീറ്റ് വിഭജനം പാളിയാല്‍ പാര്‍ട്ടികള്‍ ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കും എന്നതില്‍ തര്‍ക്കമില്ല. ബി ആര്‍ എസ്, ആം ആദ്മി പാര്‍ട്ടി, ജെ ഡി എസ്, ഇടത് പാര്‍ട്ടികള്‍ എന്നിവരെല്ലാം ഒരുപക്ഷെ ഈ ഓപ്ഷന്‍ ആയിരിക്കും തിരഞ്ഞെടുക്കുക.












Click it and Unblock the Notifications