8 വർഷത്തിനിടെ രൂപയുടെ മൂല്യത്തിലുണ്ടായത് 16.08 രൂപയുടെ ഇടിവ്: പാർലമെന്റില്‍ മറുപടിയുമായി കേന്ദ്രം
ദില്ലി: കഴിഞ്ഞ എട്ട് വർഷത്തിനിടെ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 16.08 രൂപ (25.39 ശതമാനം) ഇടിഞ്ഞതായി കേന്ദ്ര സർക്കാർ. 2014ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രകാരം ഒരു ഡോളറിന് 63.33 രൂപയായിരുന്നു വിനിമയ നിരക്ക്. എന്നാല്‍ 2022 ജൂലൈ 11 ആയപ്പോഴേക്കും ഇത് 79.41 രൂപയായി കുറഞ്ഞെന്നും ധനമന്ത്രാലയം പാർലമെന്റിനെ അറിയിച്ചു.
2014 ഡിസംബർ 31ന് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 63.33 രൂപയായിരുന്നു. 2018 ഡിസംബർ 31-ന്, നിരക്ക് 69.79 ആയി ഉയർന്നു, 2019 ഡിസംബർ 31-ന് 70 എന്ന ഘട്ടം പിന്നിട്ടു. പിന്നാലെ കോവിഡ് മഹാമാരിയുടെ ഘട്ടത്തില്‍ വിനിമയ നിരക്ക് സ്ഥരിമായി ഉയർന്നെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഇന്ത്യൻ കറൻസിയുടെ മൂല്യത്തകർച്ചയെക്കുറിച്ചുള്ള ലോക്‌സഭയിലെ അംഗങ്ങളായ ദീപക് ബൈജിന്റെയും വിജയ് വസന്തിന്റെയും ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു ധനമന്ത്രി.

2022 ജൂൺ 30 വരെ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 78.94 രൂപയാണെന്ന് സർക്കാർ അറിയിച്ചു. 2014 മുതൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിന്റെ കലണ്ടർ വർഷാവസാന മൂല്യങ്ങളും സർക്കാർ അറിയിച്ചു. റഷ്യ-യുക്രെയ്ൻ സംഘർഷം, ക്രൂഡ് ഓയിൽ വില കുതിച്ചുയരൽ, ആഗോള സാമ്പത്തിക സ്ഥിതിയിലെ ഞെരുക്കം തുടങ്ങിയ ആഗോള ഘടകങ്ങളാണ് യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണമെന്നും ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ പറഞ്ഞു.
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയില്‍ നിന്ന് ഏകദേശം 14 ബില്യൺ ഡോളർ പിൻവലിച്ചതാണ് രൂപയുടെ ഇടിവിന് കാരണമായ മറ്റൊരു ഘടകമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ഇന്ത്യൻ കറൻസിയുടെ ഇടിവ് ഒറ്റപ്പെട്ട പ്രതിഭാസമല്ലെന്നും ബ്രിട്ടീഷ് പൗണ്ട്, ജാപ്പനീസ് യെൻ, യൂറോ തുടങ്ങിയ കറൻസികൾ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയേക്കാൾ ദുർബലമായെന്നും അതിന്റെ ഫലമായി 2022ൽ ഈ കറൻസികൾക്കെതിരെ ഇന്ത്യൻ രൂപ ശക്തിപ്പെട്ടെന്നും കേന്ദ്രം അവകാശപ്പെട്ടു.
2022 ജൂൺ 29-30 തീയതികളിൽ ഇന്ത്യൻ രൂപ ഭൂട്ടാന്റെ കറൻസിക്ക് തുല്യമായത് എങ്ങനെയെന്ന ചോദ്യത്തിന് മറുപടിയായി, ഭൂട്ടാനീസ് എൻഗുൾട്രം (ബിടിഎൻ) 1974-ൽ നിലവിൽ വന്നതുമുതൽ ഇന്ത്യൻ രൂപയ്‌ക്ക് തുല്യമാണെന്നും ഇതില്‍ അസ്വാഭാവികതയില്ലെന്നും മന്ത്രി വ്യക്തമാക്കി. .












Click it and Unblock the Notifications