പാർലമെന്റിലും നിയമസഭകളിലും ഒബിസിക്കാർക്ക് സംവരണം; പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചേക്കും
ഡൽഹി: പാർലമെന്റ്, നിയമസഭ സീറ്റുകളിൽ ഒ ബി സി വിഭാഗക്കാർക്ക് സംവരണം ഏർപ്പെടുത്തുന്നതിനുള്ള ബിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്ന് സൂചന. 25 ശതമാനം സംവരണമായിരിക്കും ഏർപ്പെടുത്തിയേക്കുക.
നിലവിൽ 543 ലോക്‌സഭാ സീറ്റുകളിൽ 84 സീറ്റുകൾ പട്ടികജാതികൾക്കും (ഏകദേശം 15 ശതമാനം) 47 എണ്ണം പട്ടികവർഗ വിഭാഗങ്ങൾക്കും (ഏകദേശം 8 ശതമാനം)സംവരണം ചെയ്തിട്ടുണ്ട്. പുതിയ നിയമം നടപ്പാകുന്നതോടെ 135-ഓളം ലോക്‌സഭാ സീറ്റുകളിലും നിയമസഭകളിലെ നാലിലൊന്ന് സീറ്റുകളും ഒ ബി സി സംവരണം നടപ്പാകും.

നിയമം വേഗത്തിൽ നടപ്പായാൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാന (ഏകദേശം 29 മുതൽ 30 വരെ), ഛത്തീസ്ഗഡ് (22 മുതൽ 23 വരെ), മധ്യപ്രദേശ് (57 മുതൽ 58 വരെ, മിസോറാം (10), രാജസ്ഥാൻ (50) സംസ്ഥാനങ്ങളിലെ സീറ്റുകളിലും സംവരണം നടപ്പാകും. അതേസമയം ബിൽ അവതരിപ്പിച്ചാൽ ഒരു രാഷ്ട്രീയ പാർട്ടി പോലും ബില്ലിനെ എതിർക്കാൻ സാധ്യതയില്ലെന്നും നിയമം നടപ്പായാൽ ഈ അഞ്ച് സംസ്ഥാനങ്ങളിലും രാഷ്ട്രപതി ഭരണം ഏർപ്പെടുത്താതെ തന്നെ നിയമസഭയുടെ കാലാവധി നീട്ടി കിട്ടുമെന്നും ബി ജെ പി നേതാക്കൾ പ്രതികരിച്ചു.
'ഇതോടെ ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നടത്താൻ സാധിക്കും. ഇതിനൊപ്പം ജമ്മു കാശ്മീരും ബിജെപി ഭരണത്തിലിരിക്കുന്ന ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നേരത്തെ ആക്കുകയും ചെയ്താൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നീക്കത്തിന് ഊർജം പകരും', നേതാവ് പറഞ്ഞു.
അതേസമയം 18 മുതൽ 22 വരെ നടക്കാനിരിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ഏതൊക്കെ ബില്ലുകളായിരിക്കും സർക്കാർ അവതരിപ്പിച്ചേക്കുകയെന്നത് സംബന്ധിച്ചുള്ള അഭ്യൂഹം നിലനിൽക്കുന്നുണ്ട്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, സ്ത്രീ സംവരണം തുടങ്ങി പല സുപ്രധാന ബില്ലുകളും സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏതൊക്കെ ബില്ലുകളായിരിക്കും അവതരിപ്പിക്കുകയെന്നത് സംബന്ധിച്ച് ഉന്നത നേതാക്കൾക്ക് മാത്രമേ അറിയൂവെന്നാണ് ബി ജെ പി നേതാക്കൾ പ്രതികരിക്കുന്നത്. 'നരേന്ദ്ര മോദിയും അമിത് ഷായും എന്ത് ആസൂത്രണം ചെയ്താലും അക്കാര്യത്തിൽ അവർക്ക് സമഗ്രമായ ധാരണയുണ്ട്. അതിനാൽ തന്നെ എല്ലാ വശങ്ങളും അവർ വിശദമായി ചിന്തിച്ചിട്ടുണ്ടാകും', നേതാവ് പറഞ്ഞു.












Click it and Unblock the Notifications