മോദി സർക്കാർ 3.0; വിലപേശി നേടി, ടിഡിപിക്ക് 2 മന്ത്രിമാർ, ദക്ഷിണേന്ത്യയിൽ നിന്നും ഇവർ
ഡൽഹി: മൂന്നാം മോദി സർക്കാരിൽ ഇടംപിടിച്ച് ദക്ഷിണേന്ത്യയിൽ നിന്നുള്ള കൂടുതൽ നേതാക്കൾ. ആന്ധ്ര,കർണാടക ,കേരളം, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളാണ് ഇന്ന് പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ആന്ധ്രയിൽ നിന്നും നാല് പേരാണ് മന്ത്രിമാരായത്. ഇതിൽ രണ്ട് പേർ സഖ്യകക്ഷിയായ ടി ഡി പി അംഗങ്ങളാണ്. മൂന്ന് തവണ എംപിയായ കിഞ്ചരാപ്പു റാം മോഹൻ നായിഡു കാബിനറ്റ് മന്ത്രിയാകും. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളിലൊരാളാണ് 36 വയസുകാരനായ രാം മോഹൻ നായിഡു. ചന്ദ്രശേഖർ പെമ്മസാനി സഹമന്ത്രിയാണ്.

ബി ജെ പി സംസ്ഥാന അധ്യക്ഷൻ ദഗ്ഗുബതി പുരന്ദേശ്വരിയും നർസപുരം എം പി ഭൂപതി രാജു ശ്രീനിവാസ വർമ്മയും സത്യപ്രതിജ്ഞ ചെയ്തു. ആന്ധ്രയിൽ ഇത്തവണ ബി ജെ പി മൂന്ന് സീറ്റുകളാണ് നേടിയത് . ആന്ധ്രാപ്രദേശിൽ രണ്ട് സീറ്റ് നേടിയ ജനസേനയ്ക്ക് ലോക്സഭയിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ലഭിച്ചേക്കുമെന്നാണ് സൂചന. കൂടുതൽ സീറ്റുകൾ നേടിയ തെലങ്കാനയിൽ നിന്നുള്ള ബന്ദി സഞ്ജയ്, ജി കിഷൻ റെഡ്ഡി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തവർ.ആകെയുള്ള 17 സീറ്റിൽ 8 സീറ്റിലാണ് ബി ജെ പി ഇക്കുറി ഇവിടെ ജയിച്ചത്.
കർണാടകയിൽ നിന്നും 5 പേർ
കർണാടകയിൽ നിന്നും 5 പേരാണ് മൂന്നാം മോദി സർക്കാരിൽ ഇടംപിടിച്ചത്. തുംകുരുവിൽ നിന്നുള്ള എംപി വി സോമണ്ണ, മുതിർന്ന ബി ജെ പി നേതാവ് പ്രഹ്ളാദ് ജോഷി, നിർമ്മല സീതാരാമൻ, ബംഗളൂരു നോർത്ത് മണ്ഡലത്തിൽ നിന്നുള്ള ശോഭ കരന്തലജെ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രഹ്ളാദ് ജോഷിയും നിർമല സീതാരാമനും മുൻ സർക്കാരിലും മന്ത്രിമാരായിരുന്നു. സഖ്യകക്ഷിയായ ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കർണാടകത്തിൽ ഒരു സ
കേരളത്തിൽ നിന്നും രണ്ട് പേർ
തൃശൂരിൽ ചരിത്ര വിജയം നേടിയ സുരേഷ് ഗോപി ബി ജെ പി ജനറൽ സെക്രട്ടറി ജോർജ് കുര്യൻ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. തൃശൂരിലെ വിജയത്തിന് പിന്നാലെ തന്നെ സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. മന്ത്രിസഭയിൽ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ കൂടി ഭാഗമായിട്ടാണ് ജോർജ് കുര്യന് മന്ത്രിസ്ഥാനം ലഭിച്ചത്. കേരളത്തിൽ ക്രിസ്ത്യൻ വോട്ടുകളിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കാൻ ജോർജിന്റെ മന്ത്രിസ്ഥാനത്തിലൂടെ ബിജെപി ലക്ഷ്യം വെയ്ക്കുന്നുണ്ട്.
തമിഴ്നാട്ടിൽ നിന്ന് അണ്ണാമലൈ ഇല്ല
ബി ജെ പിക്ക് വലിയ നിരാശ സമ്മാനിച്ച സംസ്ഥാനമാണ് തമിഴ്നാട്. വിജയിക്കാനായില്ലെങ്കിലും ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇന്ന് രാവിലെ അദ്ദേഹം പ്രധാനമന്ത്രിയുടെ ചായസത്കാരത്തിൽ പങ്കെടുത്തിരുന്നു. ഇതോടെ അണ്ണാമലയെ മന്ത്രി സഭയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹത്തിന് പകരം മറ്റൊരു നേതാവിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നുമുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അണ്ണാമലൈയെ ഉൾപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തെ വൈകാതെ പരിഗണിക്കുമോയെന്നത് വ്യക്തമല്ല.












Click it and Unblock the Notifications