മുസ്ലിം കച്ചവടക്കാരെ പ്രവേശിപ്പിക്കില്ല; പ്രഖ്യാപനവുമായി 50 പഞ്ചായത്തുകള്‍... വിദ്വേഷ പ്രചാരണം
ഗുഡ്ഗാവ്: മുസ്ലിം കച്ചവടക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഹരിയാനയിലെ 50 പഞ്ചായത്തുകള്‍. നൂഹിലെ കലാപത്തിന് പിന്നാലെ മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം ശക്തമായിരിക്കെയാണ് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ കത്ത് പുറത്തിറക്കിയിരിക്കുന്നത്. റേവാരി, മഹേന്ദ്രഗഡ്, ജജ്ജാര്‍ എന്നീ ജില്ലകളിലെ പഞ്ചായത്തുകളാണ് മുസ്ലിം വ്യാപാരികളെ പ്രവേശിപ്പിക്കില്ലെന്ന് അറിയിച്ചത്.
തങ്ങളുടെ ഗ്രാമങ്ങളില്‍ താമസിക്കുന്ന മുസ്ലിങ്ങള്‍ തിരിച്ചറിയല്‍ രേഖ പോലീസിനെ കാണിക്കണം എന്നും കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ നാല് തലമുറകളായി ഗ്രാമത്തില്‍ താമസിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഇളവ് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കത്തില്‍ വിശദീകരിക്കുന്നു. വ്യത്യസ്ത മതസ്ഥര്‍ക്കിടയില്‍ ഭിന്നത രൂക്ഷമായി എന്ന് തെളിയിക്കുന്നതാണ് കത്തുകള്‍.

അതേസമയം, കത്തിന്റെ കോപ്പി കിട്ടിയില്ലെന്നും സോഷ്യല്‍ മീഡിയയില്‍ കണ്ടുവെന്നും മഹേന്ദ്രഗഡിലെ നര്‍നോള്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മനോജ് കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. എല്ലാ പഞ്ചായത്തുകള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ ബ്ലോക്ക് ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം കത്തുകള്‍ ഇറക്കുന്നത് നിയമവിരുദ്ധമാണ്. തങ്ങള്‍ക്ക് ഈ കത്ത് ലഭിച്ചിട്ടില്ല. സോഷ്യല്‍ മീഡിയ വഴിയാണ് ഇക്കാര്യം അറിഞ്ഞത്. ഈ ഗ്രാമങ്ങളിലൊന്നും ന്യൂനപക്ഷ സമുദായം രണ്ട് ശതമാനം പോലുമില്ല. എല്ലാവരും ഐക്യത്തോടെയാണ് ജീവിക്കുന്നത്. പഞ്ചായത്ത് അധ്യക്ഷന്മാരുടെ ഇത്തരം നോട്ടീസുകള്‍ ഐക്യം തകര്‍ക്കുമെന്നും മനോജ് കുമാര്‍ പ്രതികരിച്ചു.
എന്തുകൊണ്ട് ഇത്തരം കത്ത് പുറത്തിറക്കി എന്ന ചോദ്യത്തിന് സെയ്ദ്പൂര്‍ സര്‍പാഞ്ച് വികാസ് നല്‍കിയ മറുപടി ഇങ്ങനെയാണ്- '' പുറത്തുനിന്നുള്ളവര്‍ ഗ്രാമത്തിലേക്ക് എത്തിയ ശേഷമാണ് നിര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായത്. നൂഹിലെ കലാപത്തിന് ശേഷം ആഗസ്റ്റ് ഒന്നിന് പഞ്ചായത്ത് യോഗം ചേര്‍ന്നിരുന്നു. പുറത്ത് നിന്ന് ആരെയും ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കേണ്ട എന്ന് യോഗം തീരുമാനിച്ചു. സമാധാനം നിലനിര്‍ത്താന്‍ വേണ്ടിയാണിത്. നിയമവിരുദ്ധമാണ് എന്ന വിവരം ലഭിച്ചപ്പോള്‍ തന്നെ കത്ത് പിന്‍വലിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സംബന്ധിച്ച് അറിയില്ല''
സെയ്ദാപൂര്‍ ഗ്രാമമാണ് ആദ്യം വിവാദ കത്ത് പുറത്തിറക്കിയത്. ശേഷം മറ്റു ഗ്രാമങ്ങളും സമാനമായ കത്ത് ഇറക്കുകയായിരുന്നു. അതാലി ബ്ലോക്കില്‍ ഇത്തരം 35 കത്തുകള്‍ ഇറക്കിയിട്ടുണ്ട്. ബാക്കിയുള്ള കത്തുകള്‍ ജജ്ജാര്‍, റിവാരി ജില്ലയിലാണ്. പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനാണ് കത്ത് പുറത്തിറക്കിയതെന്ന് താജ്പൂര്‍ സ്വദേശിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications