തമിഴ്‌നാട്ടില്‍ 500 മദ്യക്കടകള്‍ അടച്ചുപൂട്ടും, സെന്തില്‍ ബാലാജിയുടെ പ്രഖ്യാപനം നടപ്പാക്കും
ചെന്നൈ: തമിഴ്‌നാട്ടില്‍ 500 മദ്യക്കടകള്‍ അടച്ചുപൂട്ടും. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടാസ്മാക്കാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 22 മുതലാണ് ഈ കടകള്‍ എല്ലാം അടച്ചുപൂട്ടുക. നേരത്തെ തന്നെ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ഇഡി നേരത്തെ അറസ്റ്റ് ചെയ്ത മന്ത്രി വി സെന്തില്‍ ബാലാജിയാണ് നിയമസഭയില്‍ ഈ പ്രഖ്യാപനം നടത്തിയത്. അദ്ദേഹത്തിനായിരുന്നു എക്‌സൈസ് വകുപ്പിന്റെ ചുമതല.
സംസ്ഥാനത്താകെ 5329 റീട്ടെയില്‍ സ്റ്റോറുകളാണ് ഉള്ളത്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിര്‍ദേശപ്രകാരമായിരുന്നു മദ്യക്കടകള്‍ അടച്ചുപൂട്ടാന്‍ ബാലാജി തീരുമാനിച്ചത്. അതേസമയം പാട്ടാളി മക്കള്‍ കച്ചി തീരുമാനത്തെ സ്വാഗതം ചെയ്തു. സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കാനും അവര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വൈകി വന്ന തീരുമാനമാണെങ്കിലും, സ്വാഗതം ചെയ്യുന്നു.ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന് നേരത്തെ സ്റ്റാലിന്‍ വാഗ്ദാനം ചെയ്തതാണ്. ഇത് ആ നിരോധനത്തിന്റെ തുടക്കമാവട്ടെ എന്നും പിഎംകെ അധ്യക്ഷനും, രാജ്യസഭാ എംപിയുമായ അന്‍പുമണി രാംദാസ് പറഞ്ഞു. ടാസ്മാക് ജില്ലകളിലെ മാനേര്‍മാരോട്, അടച്ചുപൂട്ടാന്‍ അര്‍ഹമായ 500 ഔട്ട്‌ലെറ്റുകള്‍ കണ്ടെത്താന്‍ നിര്‍ദേശിച്ചിരുന്നു.
അതേസമയം മദ്യക്കടകള്‍ പൂട്ടുന്ന സാഹചര്യത്തില്‍ വ്യാജ മദ്യത്തിന്റെ ഉപയോഗം വര്‍ധിക്കുന്നതില്‍ ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ടായിരുന്നു. അടച്ചുപൂട്ടുന്ന കടകളിലെ സ്റ്റാഫുകളെ മറ്റൊരിടത്തിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടാകുമെന്ന് ടാസ്മാക് മാനേജിംഗ് ഡയറക്ടര്‍ വിശാഖന്‍ പറഞ്ഞു.
നേരത്തെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഡിഎംകെ മദ്യനിരോധനം വാഗ്ദാനം ചെയ്തിരുന്നു. ഡിഎംകെ പ്രതിപക്ഷത്തിരിക്കുമ്പോഴും മദ്യനിരോധനത്തെ പിന്തുണച്ചിരുന്നു. അതേസമയം സെന്തില്‍ ബാലാജിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കോടതിയില്‍ വലിയ വാദങ്ങളാണ് ബുധനാഴ്ച്ച നടന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായി.
മദ്രാസ് ഹൈക്കോടതി നേരത്തെ ബാലാജിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുമതി നല്‍കിയിരുന്നു. ഇതിനെ സുപ്രീം കോടതിയില്‍ ഇഡി ചോദ്യം ചെയ്തു. എന്നാല്‍ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി തയ്യാറായില്ല. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം മാറ്റിയ ആശുപത്രിയിലാണ് ഇപ്പോള്‍ മന്ത്രിയുടെ ശസ്ത്രക്രിയ നടന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് എംഎം സുന്ദരേഷ് എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചിന് മുമ്പാകെ ഇഡിയുടെ ഹര്‍ജി പരിഗണനയ്‌ക്കെത്തിയത്.
എന്നാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡിയോട് സുപ്രീം കോടതി ആവശ്യപ്പെടുകയായിരുന്നു. ഹൈക്കോടതിയുടെ തീരുമാനം തെറ്റായ കീഴ്‌വഴക്കമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. അതേസമയം അണ്ണാഡിഎംകെ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധത്തിലാണ്. ബാലാജിയെ ക്യാബിനറ്റില്‍ നിന്ന് പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം.












Click it and Unblock the Notifications