ഉത്തർപ്രദേശിൽ വീണ്ടും കുട്ടികളുടെ കൂട്ടമരണം, 10 ദിവസത്തിനിടെ 45 കുട്ടികൾ, ഡെങ്കിപ്പനിയെന്ന് സംശയം
ഫിറോസാബാദ്: ഉത്തര്‍ പ്രദേശിലെ ഫിറോസാബാദില്‍ പത്ത് ദിവസത്തിനിടെ മരണപ്പെട്ടത് 53 പേര്‍. 45 കുട്ടികള്‍ അടക്കമാണ് മരിച്ചിരിക്കുന്നത്. ഡെങ്കിപ്പനിയാണ് മരണകാരണം എന്നാണ് സംശയിക്കുന്നത്. കൂട്ടമരണത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഫിറോസാബാദ് മെഡിക്കല്‍ കോളേജില്‍ ആശങ്കപ്പെടുത്തുന്ന കാഴ്ചകളാണ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പനി ബാധിച്ച് നിരവധി കുട്ടികളാണ് ഇവിടെ ചികിത്സയിലുളളത്.
കുട്ടികളില്‍ ഭൂരിഭാഗം പേര്‍ക്കും വൈറല്‍ പനി ആണ് കണ്ടെത്തിയിരിക്കുന്നത് എന്നും ചിലരില്‍ ഡെങ്കിപ്പനി ബാധയും കണ്ടെത്തിയിട്ടുണ്ട് എന്നും ഫിറോസാബാദ് മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിദഗ്ധനായ ഡോക്ടര്‍ എല്‍കെ ഗുപ്ത പറയുന്നു. നിലവില്‍ 186 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുളളത്. അതില്‍ കൂടുതലും കുട്ടികളാണ് എന്നതാണ് ആശങ്കപ്പെടുത്തുന്നത്. ഈ സാഹചര്യത്തില്‍ ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുളള എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്‌കൂളുകളും ഈ മാസം ആറ് വരെ അടച്ചിടാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര വിജയ് സിംഗ് ഉത്തരവിട്ടു.
പ്രണയത്തിന് വീട്ടുകാരുടെ പച്ചക്കൊടി, ബിഗ് ബോസ് താരം എലീന പടിക്കൽ വിവാഹിതയായി, ചിത്രങ്ങൾ

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫിറോസാബാദ് മെഡിക്കല്‍ കോളേജിലെത്തി കഴിഞ്ഞ ദിവസം സ്ഥിതിഗതികള്‍ വിലയിരുത്തി. സുധമാ നഗറില്‍ മരണപ്പെട്ട കുട്ടികളില്‍ ചിലരുടെ വീടുകളും യോഗി ആദിത്യനാഥ് സന്ദര്‍ശിച്ചു. കൂട്ട മരണത്തിന്റെ കാരണം കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാനുളള നിര്‍ദേശങ്ങളും നല്‍കിയിട്ടുളളതായി മുഖ്യമന്ത്രി പറഞ്ഞു.
Recommended Video
ആഗസ്റ്റ് പതിനെട്ടിനാണ് പനി ബാധിച്ചിട്ടുളള ആദ്യത്തെ കേസുകള്‍ ഫിറോസാബാദില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 6 വയസ്സുകാരനായ ലക്കി എന്ന കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിക്കുന്നത് മൂന്ന് ദിവസമായി പനി വിട്ടുമാറാതെ തുടര്‍ന്നതിനാലായിരുന്നു. ലക്കിയെ ആഗ്രയിലെ ആശുപത്രിയിലേക്ക് കൊണ്ട് പോകാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ ആഗ്രയില്‍ എത്തിക്കുന്നതിന് പത്ത് മിനുട്ടുകള്‍ക്ക് മുന്‍പ് ലക്കി അവസാന ശ്വാസം വലിച്ചുവെന്ന് പറയുന്നു അമ്മാവനായ പ്രകാശ്. സുനില്‍ എന്നയാളുടെ മകള്‍ അഞ്ജലി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പനി ബാധിച്ച് മരിച്ചത്. മകന്‍ പനിയുമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. മകന്റെ ജീവനെങ്കിലും തിരികെ കിട്ടും എന്നുളള പ്രാര്‍ത്ഥനയിലാണ് സുനിലും കുടുംബവും.












Click it and Unblock the Notifications