പശ്ചിമ ബംഗാളിൽ അനധികൃത പടക്ക നിർമാണ യൂണിറ്റിൽ പൊട്ടിത്തെറി; 6 മരണം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി. അപകടത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്ക് പറ്റിയതായാണ് വിവരം. അനധികൃത പടക്ക നിർമാണശാലയിലാണ് ഞയറാഴ്ച രാവിലെ അപകടം നടന്നത്. പടക്കങ്ങൾ നിർമിച്ചെന്ന് പറയപ്പെടുന്ന ഇരുനില വീടും തകർന്നു. സമീപത്തെ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. രാവിലെ 8.30ഓടെ വലിയ സ്‌ഫോടന ശബ്ദം നാട്ടുകാർ കേട്ടു.
അവശിഷ്ടങ്ങൾക്കിടയിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. പൊട്ടിത്തെറി നടന്ന സ്ഥലത്ത് നിന്ന് പടക്കങ്ങൾ നിർമ്മിക്കുന്നതിനുള്ള വിപുലമായ സജ്ജീകരണം ആണ് കണ്ടെത്തിയിരിക്കുന്നത്. പൊട്ടിത്തെറി നടന്ന സ്ഥലത്തിന് സമീപം മുളങ്കാടുകൾക്കിടയിൽ പടക്കങ്ങൾ നിർമ്മിക്കാനുള്ള അസംസ്കൃത വസ്തുക്കളുള്ള ടാർപോളിൻ ഷീറ്റുകൾ മാത്രമുള്ള നിരവധി കുടിലുകൾ കണ്ടെത്തി.

അനധികൃത പടക്ക നിർമാണ യൂണിറ്റിനെക്കുറിച്ച് പോലീസിൽ പരാതിപ്പെട്ടെങ്കിലും പോലീസ് നടപടിയെടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
ആളുകളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബരാസത്ത് പോലീസ് ജില്ലാ പോലീസ് സൂപ്രണ്ട് തരക് മുഖോപാധ്യായ പറഞ്ഞു. മരിച്ചവരുടെ എണ്ണത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല
മൂന്ന് മാസം മുമ്പ്, സംസ്ഥാനത്തെ പുർബ മേദിനിപൂർ ജില്ലയിലെ എഗ്രയിൽ പടക്ക നിർമാണ യൂണിറ്റിലെ സ്‌ഫോടനത്തിൽ 12-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഈഗ്രയിലെ സംഭവത്തിന് ശേഷം, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സംസ്ഥാനത്തെ അനധികൃത പടക്ക നിർമ്മാണ യൂണിറ്റുകൾക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു.












Click it and Unblock the Notifications