ചൈനയുടെ ആക്രമണത്തിൽ പരിക്ക് 76 ഇന്ത്യൻ പട്ടാളക്കാർക്ക്, 18 പേർ ലേയിലെ ആശുപത്രിയിൽ
ദില്ലി: ഗല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലില്‍ 76 ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട്. ഇവരെല്ലാവരും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ആണെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്ക് പറ്റിയ നാല് പട്ടാളക്കാരുടെ നില ഗുരുതരമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ എല്ലാ പട്ടാളക്കാരുടേയും ആരോഗ്യനില തൃപ്തികരമാണ് എന്നാണ് വിവരം. മാത്രമല്ല ഒരാഴ്ചയ്ക്കുളളില്‍ തന്നെ സൈനികര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുമെന്നും സൂചനയുണ്ട്. ലേയിലെ ആശുപത്രിയിലാണ് പരിക്കേറ്റവരില്‍ 18 സൈനികര്‍ ചികിത്സയില്‍ കഴിയുന്നത്. ബാക്കിയുളള 56 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സ തേടുകയാണ്.
Recommended Video

തിങ്കളാഴ്ച രാത്രിയാണ് ലഡാക്കില്‍ വെച്ച് ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ ഏറ്റുമുട്ടിയത്. ഇരുപത് സൈനികര്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി വീരമൃത്യു വരിച്ചത്. ചൈന സൃഷ്ടിച്ച പ്രകോപനത്തിന് പിറകേയാണ് സംഘര്‍ഷം ഉണ്ടായത്. വെടിവെപ്പ് നടന്നിരുന്നില്ല. പകരം ഇരുമ്പ് ദണ്ഡുകളും പാറക്കല്ലുകളും അടക്കം ഉപയോഗിച്ച് ക്രൂരമായാണ് ഇന്ത്യന്‍ പട്ടാളക്കാരെ ചൈനയുടെ പട്ടാളം ആക്രമിച്ചത്. ചൈനയുടെ ഭാഗത്ത് നിന്നും എത്ര പേര്‍ കൊല്ലപ്പെട്ടു എന്ന് കൃത്യമായ വിവരം പുറത്ത് വന്നിട്ടില്ല.
അതിര്‍ത്തി ലംഘിച്ച് ചൈന സ്ഥാപിച്ച ടെന്റ് ഇന്ത്യന്‍ സൈന്യം പൊളിച്ച് നീക്കിയതാണ് സംഘര്‍ഷത്തിന് കാരണമായത്. നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം ഇരുസൈന്യങ്ങളും പിന്‍വാങ്ങുന്നതിനിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം തുടരുകയാണ്. ഏത് സാഹചര്യത്തേയും നേരിടാന്‍ തയ്യാറായിരിക്കാന്‍ മൂന്ന് സേനാവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ചര്‍ച്ചകളിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണാനും ശ്രമം നടക്കുന്നു.












Click it and Unblock the Notifications