രാജ്യത്ത് 761 പുതിയ കൊവിഡ് രോഗികൾ; 12 മരണം..ജെഎൻ 1 കേസുകൾ 511
ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 761 കൊവിഡ് കേസുകൾ. 12 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,33,385ആയി. 4334 സജീവ കേസുകളാണ് ഉള്ളത്.
12 മരണങ്ങളിൽ അഞ്ചും കേരളത്തിലാണ്. 4 മരണം കർണാടകത്തിലും 2 മരണം മഹാരാഷ്ട്രയിലുമാണ് സ്ഥിരീകരിച്ചത്. ഇന്നലെ 834 പേർ കൊവിഡ് മുക്തി നേടി. ഇതുവരെ 4.44 കോടി പേരാണ് കൊവിഡിൽ നിന്നും രോഗമുക്തി നേടിയത്. 2020 ൽ കൊവിഡ് വ്യാപനത്തിന് ശേഷം 4.50 കോടി പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

വ്യാഴാഴ്ച 838 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഡിസംബര്‍ 5 വരെ പ്രതിദിന കേസുകള്‍ ഇരട്ട അക്കത്തിലായിരുന്നു. എന്നാൽ വളരെ പെട്ടെന്നാണ് ഇപ്പോൾ കേസുകളിൽ വർധനവ് ഉണ്ടായത്. അതേസമയം കേസുകൾ വർധിക്കുമ്പോഴും ഇന്ത്യയുടെ രോഗമുക്തി നിരക്ക് 98.81 ശതമാനമാനമാണെന്നത് വലിയ ആശ്വാസമാണ്.
അതിനിടെ ജെഎന്‍ 1 സബ് വേരിയന്റിന്റെ കേസുകള്‍ ഉയരുകയാണ്. നിലവിൽ 551 കേസുകളാണ് ഉള്ളത്. കർണാടകത്തിലാണ് കൂടുതൽ കേസുകൾ ഉളളത്, 199. രണ്ടാം സ്ഥാനത്ത് കേരളമാണ്, 148. ഗോവ-36, മഹാരാഷ്ട്ര- 32, തമിഴ്നാട്-26, ഡൽഹി-15, രാജസ്ഥാൻ-4, തെലങ്കാന-2, ഒഡീഷ-1,ഹരിയാന-1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകൾ.
കൊറോണ വൈറസിന്റെ പുതിയ വകഭേദമാണ് ജെഎൻ 1. കോവിഡ് പിറോളയുടെ (BA.2.86) പിന്‍ഗാമിയാണ് ഈ പുതിയ വകഭേദം. മൂക്കൊലിപ്പ്, ചുമ, ജലദോഷം, ചിലപ്പോൾ ശ്വാസതടസം എന്നിവയായിരിക്കും രോഗലക്ഷണങ്ങൾ. രോഗം ബാധിക്കുന്ന വ്യക്തിയുടെ പ്രതിരോധശേഷി, ആരോഗ്യാവസ്ഥ എന്നിവ അനുസരിച്ച് രോഗലക്ഷണങ്ങള്‍ വ്യത്യാസപ്പെടാം. വ്യാപന നിരക്ക് കണക്കിലെടുത്ത് ജെ എന്‍1 വകഭേദത്തെ 'വേരിയന്‌റ് ഓഫ് ഇന്‌ററസ്റ്റ്' എന്ന വിഭാഗത്തിലാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും അസുഖം കൂടുതൽ തീവ്രമായേക്കില്ലെന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്.വാക്സിനുകൾക്ക് പുതിയ വൈറസ് വകഭേദത്തെ പ്രതിരോധിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വിദഗ്ദർ.












Click it and Unblock the Notifications