ഇതുവരെ മടങ്ങിയത് 786 പാക് പൗരൻമാർ; കാശ്മീരി കോൺസ്റ്റബിളിനെ കുറിച്ച് വിവരമില്ലെന്ന് പോലീസ്
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ പൗരൻമാർക്ക് ഇന്ത്യ വിടാൻ അനുവദിച്ച സമയം അവസാനിച്ചു. ഇതോടെ കഴിഞ്ഞ ആറ് ദിവസത്തിനിടെ 786 പൗരൻമാരാണ് പാക്കിസ്ഥാനിലേക്ക് മടങ്ങിയത്. ഇതിൽ 55 നയതന്ത്ര പ്രതിനിധികളും ഉൾപ്പെടുന്നു. പാക് വിസയുള്ള 8 ഇന്ത്യൻ പൗരൻമാരും രാജ്യത്ത് നിന്ന് മടങ്ങി. അട്ടാരി-വാഗ അതിർത്തി വഴി മടങ്ങിയവരുടെ കണക്കാണിത്. ചിലർ വ്യോമമാർഗം വഴിയും പാക്കിസ്ഥാനിലേക്ക് പോയിരുന്നു. അതേസമയം പാക്കിസ്ഥാനിൽ നിന്നും 1465 ഇന്ത്യക്കാരാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. 25 നയതന്ത്ര ഉദ്യോഗസ്ഥരും ഇന്ത്യയിൽ ദീർഘകാല വിസയുള്ള 151 പാക് പൗരൻമാരും ഇവിടേക്ക് വന്നിട്ടുണ്ട്.
പഹൽഗാം ആക്രമണത്തിന് തൊട്ട് പിന്നാലെ ഏപ്രിൽ 23 ന് ചേർന്ന ദേശീയ സുരക്ഷ യോഗത്തിലാണ് പാക് പൗരൻമാർ ഉടൻ രാജ്യം വിടണമെന്ന തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടത്. സാധാരണ വിസ ഉള്ളവർക്ക് ഏപ്രിൽ 26 വരേയും മെഡിക്കൽ വിസ ഉള്ളവർക്ക് ഏപ്രിൽ 29 വരേയുമാണ് മടങ്ങാൻ സമയം അനുവദിച്ചത്. ബിസിനസ് വിസ,സിനിമ, ജേണലിസ്റ്റ്, ട്രാൻസിറ്റ് വിസ, വിദ്യാർത്ഥികൾ, തീർത്ഥാടകർ തുടങ്ങി 12 വിഭാഗത്തിലുള്ളവർക്ക് ഏപ്രിൽ 27 വരേയും സമയം അനുവദിച്ചിരുന്നു.

കാശ്മീരി കോൺസ്റ്റബിളിന്റെ കുടുംബത്തെ കുറിച്ച് വിവരമില്ലെന്ന് പോലീസ്
പാക്കിസ്ഥാൻ പൗരൻമാരെന്ന് കാണിച്ച് രാജ്യം വിടാൻ ആവശ്യപ്പെട്ട് കൊണ്ട് നോട്ടീസ് നൽകിയ കാശ്മീരി കോൺസ്റ്റബിളിനേയും കുടുംബാംഗങ്ങളേയും കുറിച്ച് വിവരമില്ലെന്ന് പോലീസ്. കോൺസ്റ്റബിളായ ഇഫ്തിഖർ അലിയും എട്ട് സഹോദരങ്ങളും എവിടെയാണെന്ന് അറിയില്ലെന്നാണ് പോലീസ് വിശദീകരണം. പൂഞ്ച് നിവാസികളായ ഇവരോട് രാജ്യം വിടാൻ ആവശ്യപ്പെട്ടുകൊണ്ട് പൂഞ്ച് ഡെപ്യൂട്ടി കമ്മീഷ്ണർ ഏപ്രിൽ 26 നാണ് നോട്ടീസ് നൽകിയത്. തുടർന്ന് നടപടിക്കെതിരെ ഇവർ ജമ്മു കാശ്മീർ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ കോടതി കേസ് പരിഗണിക്കും മുൻപ് പഞ്ചാബിൽ നിന്നുള്ള അധികൃതർ തിങ്കളാഴ്ചയോടെ ഇവരെ വാഗ-അട്ടാരി അതിർത്തിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ ഇവരെ കുറിച്ച് വിവരമൊന്നും ഇല്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇഫ്തിക്കർ അലി, സഹോദരനായ സുൾഫിക്കർ അലി, മൊഹമ്മദ് ഷഫീഖ്, മൊഹമ്മദ് ഷക്കൂർ, സഹോദരിമാരായ ഷാസിയ തബ്സം, കൗസർ പ്രവീൺ, നസീം അക്തർ, അക്സീർ അക്തർ, നഷ്ണറൂൺ അക്തർ, എന്നിവർക്കാണ് രാജ്യം വിടാൻ ആവശ്യപ്പെട്ട് കൊണ്ട് നോട്ടീസ് ലഭിച്ചത്. തിങ്കളാഴ്ച 9 പേരേയും പോലീസ് കസ്റ്റഡിയിലെടുത്തു, ഇവരെ നാടുകടത്തുന്നതിനായി വാഗ-അട്ടാരി അതിർത്തിയിൽ എത്തിക്കുകയും ചെയ്തു. ഇതിനിടയിൽ ചൊവ്വാഴ്ച ഹർജി പരിഗണിച്ച ഹൈക്കോടതി ഇവരുടെ നാടുകടത്തൽ തടയുകയായിരുന്നു. റവന്യൂ രേഖകളിൽ നിന്നും ഇവർ പാക്കിസ്ഥാൻ പൗരൻമാരല്ലെന്ന് വ്യക്തമാണെന്നും അതിനാൽ ഇവരെ നാട്ടിൽ തുടരാൻ അനുവദിക്കണമെന്നും ജഡ്ജ് രാഹുൽ ഭാർതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിനും ജമ്മു കാശ്മീർ ഭരണകുടത്തിനും നോട്ടീസ് നൽകുകയും ചെയ്തു. എതിർപ്പുണ്ടെങ്കിൽ ഇത് സംബന്ധിച്ച് സത്യവാങ്മൂലം നൽകാനും കോടതി ആവശ്യപ്പെട്ടു.
ഹർജിക്കാരുടെ സ്വന്തം പേരിലോ, പരേതനായ പിതാവ് ഫഖുർ ദിന്നിന്റെ പേരിലോ സാൽവയിൽ സ്വന്തമായി സ്വത്തുണ്ടെങ്കിൽ അതിനെ കുറിച്ച് സത്യവാങ്മൂലം നൽകാനും പൂഞ്ച് ഡെപ്യൂട്ടി കമ്മീഷണറോട് ഹൈക്കോടതി നിർദേശിച്ചു. കേസ് ഈ മാസം 20 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. അതേസമയം ബുധനാഴ്ച കുടുംബത്തെ കുറിച്ചുള്ള ചോദ്യത്തിന് 9 പേരെ കുറിച്ചും വിവരമില്ലെന്നാണ് പൂഞ്ച് എസ്എസ്പി ഷഫ്ഖത്ത് ഹുസൈൻ അറിയിച്ചത്. കഴിഞ്ഞ 27 വർഷമായി സേനയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ഇഫ്തിഖർ. നിലവിൽ കത്ര ബേസിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്.
വീരമൃത്യു വരിച്ച കോൺസ്റ്റബിളിന്റെ മാതാവിന് ആശ്വാസം; ഇന്ത്യയിൽ തുടരാമെന്ന് പോലീസ്
ഭീകരരുമായുള്ള പോരാട്ടത്തിൽ വീരമൃത്യു വരിച്ചതിന് രാജ്യം ശൗര്യചക്ര നൽകി ആദരിച്ച കോൺസ്റ്റബിൾ മുദസിർ ഷെയ്ഖിന്റെ മാതാവ് ഷമീമയ്ക്ക് ഇന്ത്യയിൽ തുടരാം. 2022ൽ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മുദസ്സിർ അഹമ്മദ് ഷേയ്ഖിന്റെ മാതാവിന് പാകിസ്ഥാനിലേക്ക് മടങ്ങേണ്ടി വരുമെന്ന റിപ്പോർട്ടുകൾ വാസ്തവവിരുദ്ധമാണെന്ന് ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി. മുദസ്സീർ സേനയുടെ എക്കാലത്തേയും അഭിമാനമാണെന്നും പൊലീസിന്റെ പ്രസ്താവനയിൽ പറഞ്ഞു. ജമ്മു കശ്മീർ പൊലീസിന്റെ രഹസ്യസേനയുടെ ഭാഗമായിരുന്നു മുദസ്സിർ അഹമ്മദ് ഷെയ്ഖ്. മാതാവ് ഷമീമ അക്തറും പിതാവും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ മുഹമ്മദ് മക്സൂ.ദും ചേർന്നാണ് മുദസ്സിറിന് മരണാനന്തര ബഹുമതിയായി കിട്ടിയ ശൗര്യചക്ര ഏറ്റുവാങ്ങിയത്. ബാരാമുള്ളയിലെ പ്രധാന ജംക്‌ഷന് പിന്നീട് ഷഹീദ് മുദസ്സിർ ചൗക്ക് എന്ന് പേരിട്ടിരുന്നു.












Click it and Unblock the Notifications