ട്രെയിന്‍ തട്ടി മരിച്ചയാള്‍ സുഹൃത്തുമായി വീഡിയോ കോളില്‍; ഞെട്ടലില്‍ കുടുംബം, ട്വിസ്റ്റിന് പിന്നില്‍
വീഡിയോ ചാറ്റിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നടന്ന സംഭവം ഇപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. തീവണ്ടി തട്ടി മരിച്ചെന്ന് കരുതിയ അറുപതുകാരനെ ജീവനോട് കണ്ടെത്തിയതോടെയാണ് സുഹൃത്തുക്കള്‍ അടക്കം ഞെട്ടിയിരിക്കുന്നത്. റഫീഖ് ഷൈഖ് എന്ന ഓട്ടോറിക്ഷ ഡ്രൈവറെ രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് കാണാതായത്. കഴിഞ്ഞ ജനുവരി 29ന് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ബന്ധുക്കളാണ് മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചത്.

സംസ്‌കരിച്ച മൃതദേഹം
എന്നാല്‍ ഇപ്പോഴിതാ മരിച്ചെന്ന് കരുതിയ ആള്‍ തന്റെ സുഹൃത്തുമായി നടത്തിയ വീഡിയോ കോളിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതോടെ റഫീഖിന്റേതാണെന്ന് കരുതി സംസ്‌കരിച്ച മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. റഫീഖിനെ പാല്‍ഘറിലെ ആളൊഴിഞ്ഞ വീട്ടില്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു
ജനുവരി 29ന്, പാല്‍ഘര്‍ സ്റ്റേഷനുകല്‍ക്കിടെയിലുള്ള പാളത്തില്‍ നിന്നാണ് അഞ്ജാത മൃതദേഹം കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ റെയില്‍വെ പൊലീസ് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ റഫീന്റെ സഹോദരന്‍ പൊലീസിനെ സമീപിക്കുകയും രണ്ട് മാസം മുമ്പ് കാണാതായ റഫീഖിന്റേതാണ് മൃതദേഹമെന്ന് സംശയം അറിയിക്കുകയും ചെയ്തു.

റഫീഖിന്റെ ഭാര്യയെ
റഫീഖിനെ കാണാതായതില്‍ പൊലീസില്‍ കുടുംബം പരാതി നല്‍കിയിരുന്നു. കേരളത്തിലായിരുന്ന റഫീഖിന്റെ ഭാര്യയെ ബന്ധപ്പെട്ട് മൃതദേഹം റഫീഖിന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. കഴിഞ്ഞ ഞായറാഴ്ച റഫീഖ് തന്റെ സുഹൃത്തിനെ വീഡിയോ കോള്‍ വഴി ബന്ധപ്പെടുകയായിരുന്നു.

ചാറ്റിന്റെ ദൃശ്യങ്ങള്‍
താന്‍ ഇപ്പോള്‍ സുഖമായിരിക്കുകയാണെന്ന് റഫീഖ് സുഹൃത്തിനെ അറിയിക്കുകയും ചെയ്തു. വീഡിയോ ചാറ്റിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഉടന്‍ തന്നെ റഫീഖിന്റെ ബന്ധുക്കളെയും വിവരം അറിയിച്ചു. അതേസമയം, റഫീഖിന്റേതാണെന്ന് കരുതി സംസ്‌കരിച്ച മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ് ഇപ്പോള്‍.












Click it and Unblock the Notifications