വീണ്ടും പ്രണയപ്പക? കോളേജിന്റെ നടുമുറ്റത്ത് വിദ്യാർത്ഥിനിയെ കുത്തിക്കൊന്നു, ആത്മഹത്യാ ശ്രമവും
ബംഗളൂരു: ബംഗളൂരുവിലെ സ്വകാര്യ കോളേജില്‍ വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു. പ്രസിഡന്‍സി കോളേജിലെ വിദ്യാര്‍ത്ഥിനി ലയ്‌സ്മിത ( 19 ) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കത്തി കൊണ്ട് കൈക്ക് മുറിവേല്‍പ്പിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയോടെ കോളേജ് ക്യാമ്പസില്‍ വച്ചായിരുന്നു സംഭവം.

മറ്റൊരു കോളേജിലെ വിദ്യാര്‍ത്ഥിയായ പവന്‍ കല്യാണാണ് പ്രതി. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കുത്തേറ്റ് വീണ പെണ്‍കുട്ടിയെ സുരക്ഷ ജീവനക്കാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ചോരയില്‍ കുളിച്ച പെണ്‍കുട്ടിയെ കണ്ട് വിദ്യാര്‍ത്ഥികള്‍ ഞെട്ടിത്തരിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ചിലര്‍ ഈ കാഴ്ച കാണാനാവാതെ മുഖം തിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പെണ്‍കുട്ടിയെ ആക്രമിക്കാല്‍ ലക്ഷ്യമിട്ടുകൊണ്ടാണ് കോളേജില്‍ എത്തിയത്. നേരത്തെ ഇയാള്‍ പെണ്‍കുട്ടിയോടെ പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ മറ്റൊരാളുമായി പ്രണയത്തിലായതിനാല്‍ പെണ്‍കുട്ടി ഇക്കാര്യം നിരസിക്കുകയായിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ബംഗളൂരു റൂറലിലുള്ള കോളേജിലെ വിദ്യാര്‍ത്ഥിനിയായ ലയസ്മിതയാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രതി പവന്‍ കല്യാണിന്റെ ആരോഗ്യ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്.












Click it and Unblock the Notifications