ഹർഭജൻ സിംഗ് രാജ്യസഭ സ്ഥാനാർത്ഥി?; പഞ്ചാബിൽ നിർണായക നീക്കവുമായി ആം ആദ്മി പാർട്ടി
പഞ്ചാബ് രാജ്യസഭ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് താരം ഹർഭജൻ സിംഗിനെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയാക്കിയേക്കുമെന്ന് സൂചന. ഒഴിവ് വരാനിരിക്കുന്ന അഞ്ച് സീറ്റുകളിൽ ഒന്നിലേക്കാണ് ഹർഭജനെ മത്സരിപ്പിക്കുക. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നേ തന്നെ ഹർഭജൻ സിംഗിനെ പാർട്ടിയിൽ എത്തിക്കാനുള്ള നീക്കങ്ങൾ ആം ആദ്മി നടത്തിയിരുന്നു. പഞ്ചാബിൽ മികച്ച ഭൂരിപക്ഷം നേടി അധികാരം ഏറ്റെടുത്തോടെ തങ്ങളുടെ ക്ഷണം ഹർഭജൻ നിരസിച്ചേക്കില്ലെന്നാണ് ആം ആദ്മി കണക്ക് കൂട്ടൽ.

നിലവിലെ എംപിമാരായ പ്രതാപ് സിംഗ് ബജ്‌വ, കോൺഗ്രസിലെ ഷംഷേർ സിംഗ് ഡുള്ളോ, ശിരോമണി അകാലിദളിൽ (എസ്‌എഡി) നിന്ന് സുഖ്‌ദേവ് സിംഗ് ദിൻഡ്‌സ, നരേഷ് ഗുജ്‌റാൾ, ബി.ജെ.പിയിൽ നിന്നുള്ള ശ്വൈത് മാലിക് എന്നിവരുടെ കാലാവധി ഏപ്രിൽ 9 അവസാനിക്കുന്നതോടെയാണ് തെരഞ്ഞെടുപ്പ് കളമൊരുങ്ങിയത്. നിയസഭ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റത്തോടെ വിജയിച്ചതിനാൽ തന്നെ തങ്ങളുടെ സ്ഥാനാർത്ഥികളെ വിജയിപ്പിച്ചെടുക്കാൻ ആം ആദ്മിക്ക് സാധിക്കും. 92 സീറ്റ് നേടിയായിരുന്നു പാർട്ടി സംസ്ഥാനത്ത് അധികാരം പിടിച്ചത്.

പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാർട്ടിയേയും മുഖ്യമന്ത്രി ഭാഗ്വന്ത് മന്നിനേയും അഭിനന്ദിച്ച് ഹർഭജൻ രംഗത്തെത്തിയിരുന്നു. മന്നിനെ സുഹൃത്ത് എന്നായിരുന്നു ഹർഭജൻ വിശേഷിപ്പിച്ചത്. ആം ആദ്മി പാർട്ടിയേയും ഭഗവന്ത് മന്നിനേയും അഭിനന്ദിക്കുന്നു. ഭഗത് സിങ്ങിന്റെ ഗ്രാമമായ ഖത്കർക്കളനിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്തുമെന്ന പ്രഖ്യാപനത്തിൽ ഏറെ സന്തോഷമുണ്ട്. ഇത് അഭിമാന നിമിഷമാണ്, എന്നായിരുന്നു അന്ന് ഹർഭജന്റെ ട്വീറ്റ്.

നിയസഭ തിരഞ്ഞെടുപ്പ് കാലത്ത് ഹർഭജൻ സിംഗ് കോൺഗ്രസിലേക്ക് ചേക്കോറുമോയെന്ന് ഉറ്റുനോക്കപ്പെട്ടിരുന്നു. ഹർഭജനും കോൺഗ്രസ് പി സി സി അധ്യക്ഷനുമായിരുന്ന നവജ്യോത് സിംഗ് സിദ്ദുവും ഹർഭജനും തമ്മിലൊരു ചിത്രമാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. 'ഒരുപാട് സാധ്യതകള്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രം, മിന്നും താരമായ ഭാജിക്കൊപ്പം' എന്ന അടിക്കുറിപ്പോടെയായിരുന്നു സിദ്ദു അന്ന് ചിത്രം പങ്കുവെച്ചത്.

അഭ്യൂഹം ശക്തമായതോടെ തനിക്ക് രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്ന സൂചന നൽകി ഹർഭജൻ രംഗത്തെത്തിയത് അഭ്യൂഹങ്ങൾ ഇരട്ടിപ്പിച്ചു.'എനിക്ക് പഞ്ചാബിനായി ഇനി പ്രവര്‍ത്തിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. അത് രാഷ്ട്രീയത്തിലൂടെ ആണെങ്കില്‍ അങ്ങനെ, അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍. എല്ലാ പാര്‍ട്ടിയിലും എനിക്ക് പരിചയമുള്ള ഒട്ടേറെ നേതാക്കളുണ്ട്. ഏത് പാര്‍ട്ടിയില്‍ ചേരുകയാണെങ്കിലും അത് പ്രഖ്യാപിക്കും. ഇതുവരെ തീരുമാനം ഒന്നും എടുത്തിട്ടില്ല' എന്നായിരുന്നു ഹർഭജന്റെ വാക്കുകൾ. പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള ക്രിക്കറ്റ് താരമാണ് ഹർഭജൻ സിംഗ്.

പുതിയ മുഖ്യമന്ത്രി ഉൾപ്പെടെ എഎപിയുടെ ഉന്നത നേതൃത്വം ഹർഭജനെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്ഷീണം നേരിട്ട് കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ കായിക നിലവാരം മെച്ചപ്പെടുത്താൻ ഹർഭജൻ പ്രവർത്തിക്കണമെന്ന് പുതിയ മുഖ്യമന്ത്രി ആഗ്രഹിക്കുന്നു, ആം ആദ്മി പാർട്ടി നേതാക്കൾ വ്യക്തമാക്കി. ആളുകൾക്ക് വേണ്ടി പ്രവർത്തിക്കാനും പ്രത്യേകിച്ച് കായിക താരങ്ങളുടെ നേട്ടത്തിനും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കാൻ ഹർഭജന് എപ്പോഴും താൽപ്പര്യമുണ്ടായിരുന്നു. ഭഗവന്ത് മന്നുമായി എല്ലായ്‌പ്പോഴും സൗഹാർദ്ദപരമായ ബന്ധം പുലർത്തിയിരുന്നതിനാൽ അവസരം ലഭിച്ചാൽ, ഉത്തരവാദിത്തം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറാക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും നേതാക്കൾ പറഞ്ഞു. അതേസമയം ഹർഭജൻ സിംഗ് ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Recommended Video

മാർച്ച് 31 നാണ് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുക. പഞ്ചാബിൽ കൂടെ ഭരണം ലഭിച്ചതോടെ രാജ്യസഭയിൽ ഇനി ആം ആദ്മിക്ക് 8 അംഗങ്ങൾ ഉണ്ടാകും. പഞ്ചാബിൽ മറ്റ് സ്ഥാനാർത്ഥികളെ ആം ആദ്മി ഉടൻ പ്രഖ്യാപിച്ചേക്കും.












Click it and Unblock the Notifications