'ആപ് പേടിയിൽ ബിജെപി, അധ്യക്ഷനെ മാറ്റുമെന്ന്'; മോദിയും ഗുജറാത്തിലേക്ക്
ദില്ലി: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്ന് കഴിഞ്ഞു. ഇക്കുറി ആം ആദ്മി പാർട്ടിയുടെ വരവോടെ സംസ്ഥാനത്ത് പതിവിന് വിപരീതിമായി ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. വലിയ രീതിയിലുള്ള പ്രചരണമാണ് ഇതിനോടകം തന്നെ ആം ആദ്മി കാഴ്ച വെച്ചത്. അരവിന്ദ് കെജരിവാൾ നേരിട്ടെത്തിയാണ് പ്രചരണം നടത്തുന്നത്. കഴിഞ്ഞ ദിവസം ഗുജറാത്തിൽ പൊതുയോഗത്തിൽ പങ്കെടുത്ത കെജരിവാൾ ബിജെപിക്കെതിരെ വീണ്ടും ആഞ്ഞടിച്ചു.

ആം ആദ്മിയുടെ വരവിൽ വിറളിപിടിച്ചിരിക്കുകയാണ് ബി ജെ പിയെന്നായിരുന്നു കെജരിവാളിന്റെ പരിഹാസം. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാന അധ്യക്ഷനായ സി ർ പാട്ടീലിനെ ബി ജെ പി മാറ്റുമെന്നും കെജരിവാൾ പറഞ്ഞു. ദില്ലി ഉപമുഖ്യമന്ത്രി കൂടിയായ മനീഷ് സിസോദിയയ്ക്കൊപ്പമായിരുന്നു കെജരിവാൾ പരിപാടിയിൽ പങ്കെടുത്തത്. ദില്ലി സർക്കാരിന്റെ മദ്യനയത്തിൽ അഴിമതി ആരോപിച്ച് സിസോദിയ്ക്കെതിരെ സി ബി ഐ നടപടി തുടരുന്നതിനിടെയായിരുന്നു സിസോദിയയെ എത്തിച്ചുള്ള പ്രചരണം.

സിസോദിയയ്ക്കെതിരായ നടപടി ബി ജെ പിയുടെ ഭയമാണ് വെളിപ്പെടുത്തുന്നതെന്ന് കെജരിവാൾ ഗുജറാത്തിലും ആവർത്തിച്ചു. യുവാക്കളെ ലക്ഷ്യം വെച്ചുള്ള നിരവധി പദ്ധതികളും കെജരിവാൾ യോഗത്തിൽ പ്രഖ്യാപിച്ചു. അഞ്ച് വർഷത്തിനുള്ളിൽ 10 ലക്ഷം തൊഴിൽ, തൊഴിലില്ലാത്തവർക്ക് 3000 രൂപ പെൻഷൻ തുടങ്ങിയ പദ്ധതികളായിരുന്നു കെജരിവാൾ പ്രഖ്യാപിച്ചത്.

ഗുജറാത്തിൽ എന്ത് വിലകൊടുത്തും മുന്നേറ്റം ഉണ്ടാക്കാനാണ് കെജരിവാൾ ലക്ഷ്യം വെയ്ക്കുന്നത്. ഗുജറാത്ത് പോരാട്ടത്തിലെ ആം ആദ്മി വിജയം പാർട്ടിയുടെ ദേശീയ ലക്ഷ്യം കൂടുതൽ ഊട്ടി ഉറപ്പിക്കാൻ സഹായിക്കുമെന്ന് ആം ആദ്മി കരുതുന്നു. മാത്രമല്ല ബി ജെ പിയുടെ പ്രത്യേകിച്ച് മോദിയുടെ കോട്ടയായ ഗുജറാത്തിൽ കുറച്ച് സീറ്റുകൾ നേടാനായാൽ അത് മോദിക്കെതിരെ ആം ആദ്മി ഉയർത്തുന്ന വലിയ വെല്ലുവിളിയായും വിലയിരുത്തപ്പെടും. ഈ സാഹചര്യത്തിൽ തന്റെ പഞ്ചാബ്, ദില്ലി മോഡലുകൾ സംസ്ഥാനത്ത് പരീക്ഷിക്കാനാണ് കെജരിവാൾ ശ്രമിക്കുന്നത്.

സൗജന്യ വൈദ്യുതിയും മികച്ച വിദ്യാഭ്യാസവും വാഗ്ദാനം ചെയ്യുമ്പോൾ തന്നെ സത്രീകൾ, ചെറുകിട ഇടത്തരം കച്ചവടക്കാർ, ആദിവാസി വിഭാഗം എന്നിങ്ങനെ സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ ഉന്നമിട്ടുള്ള പദ്ധതികളിലും കെജരിവാൾ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.2020ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക്‌നീതി-സിഎസ്‌ഡിഎസ് നടത്തിയ സർവേ പ്രകാരം 60 ശതമാനം സ്ത്രീകളാണ് എഎപിക്ക് വോട്ട് ചെയ്തത്. 49 ശതമാനം പുരുഷൻമാരുടെ വോട്ടും ലഭിച്ചു.
ഗുജറാത്തിലും സ്ത്രീ വോട്ടുകളാണ് ആം ആദ്മി ലക്ഷ്യം വെയ്ക്കുന്നത്. സംസ്ഥാന ജനസംഖ്യയുടെ 48 ശതമാനം സ്ത്രീകളാണ്. 52 ശതമാനം പുരുഷൻമാരും.18 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് ആയിരം രൂപ അലവൻസായി നൽകുമെന്ന് ഇതിനോടകം തന്നെ കെജരിവാൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഗുജറാത്തിനെ ഇളക്കിമറിച്ചുള്ള പ്രചരണമാണ് ആം ആദ്മി നടത്തുന്നത്.

അതേസമയം ആം ആദ്മിയെ പാടെ തള്ളുകയാണ് ബിജെപി. ഭരണം പിടിക്കാമെന്നും ഗുജറാത്തിൽ മുന്നേറ്റം നേടാമെന്നുമെല്ലാം കെജരിവാളിന്റെ ദിവാസ്വപ്നം മാത്രമാണെന്നാണ് ബി ജെ പി പ്രതികരിച്ചത്. പാർട്ടി അധ്യക്ഷനെ മാറ്റുമെന്നുള്ള ആം ആദ്മി ആരോപണത്തേയും ബി ജെ പി കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞു. ബി ജെ പിയുടെ കാര്യങ്ങൾ ആലോചിച്ച് ആശങ്കപ്പെടാതെ സ്വന്തം പാർട്ടിയെ ജയിപ്പിക്കാനുള്ള തന്ത്രങ്ങൾ മെനയൂ എന്നായിരുന്നു ബി ജെ പി പരിഹസിച്ചത്. ആം ആദ്മിയെ പരസ്യമായി തള്ളുമ്പോഴും പാർട്ടിക്ക് ലഭിക്കുന്ന സ്വീകാര്യത ബി ജെ പിയെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. ആം ആദ്മിയെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറക്കി പ്രചരണം കടുപ്പിക്കുകയാണ് ബി ജെ പി. ഉടൻ തന്നെ വീണ്ടും മോദി സംസ്ഥാനം സന്ദർശിക്കും.കച്ചിലാണ് അടുത്താഴ്ച മോദി സന്ദർശിക്കുക. തിരഞ്ഞെടുപ്പിന് മുൻപ് മോദിയെ അണിനിരത്തി വലിയ പ്രചരണമാണ് ബിജെപി പദ്ധതിയിടുന്നത്.












Click it and Unblock the Notifications