രണ്ടു സീറ്റ് കിട്ടിയാല്‍ മാത്രം മതി; എഎപിയുടെ ചിത്രം മാറും... കെജ്രിവാളിന്റെ തന്ത്രം ഇങ്ങനെ
ന്യൂഡല്‍ഹി: പത്ത് വര്‍ഷം മാത്രം പഴക്കമുള്ള ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ച രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിത്യ ചര്‍ച്ചയാണ്. ഡല്‍ഹിയില്‍ തുടങ്ങിയ തേരോട്ടം നിരവധി സംസ്ഥാനങ്ങള്‍ കടന്ന് മുന്നേറുകയാണ്. നാളെ ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വലിയ വിജയം എഎപി പ്രതീക്ഷിക്കുന്നേയില്ല.
എന്നാല്‍ ആറ് ശതമാനം വോട്ടോ, രണ്ടു സീറ്റുകളിലെ വിജയമോ മതി അവര്‍ക്ക് സന്തോഷിക്കാന്‍. വലിയ ലക്ഷ്യത്തോടെയാണ് അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടി ഗുജറാത്തില്‍ ജനവിധി തേടിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...

പത്ത് വര്‍ഷത്തിനിടെ രണ്ടു സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാന്‍ സാധിക്കുക എന്നത് നിസാര കാര്യമല്ല. ഡല്‍ഹിക്ക് പുറമെ പഞ്ചാബിലും എഎപിയാണ് ഭരിക്കുന്നത്. ഗോവയില്‍ രണ്ട് എംഎല്‍എമാര്‍ എഎപിക്കുണ്ട്. ഇനി ദേശീയ പാര്‍ട്ടി പദവിയാണ് എഎപിയുടെ ലക്ഷ്യം. അതിന് ആറ് ശതമാനം വോട്ടോ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് എന്നിവയിലേതെങ്കിലും സംസ്ഥാനത്ത് രണ്ടു സീറ്റുകളോ ലഭിച്ചാല്‍ മാത്രം മതിയാകും.

നിലവില്‍ രാജ്യത്ത് എട്ട് ദേശീയ പാര്‍ട്ടികളാണുള്ളത്. ബിജെപി, കോണ്‍ഗ്രസ്, സിപിഐ, സിപിഎം, ബിഎസ്പി, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍പിപി എന്നിവയാണവ. ഈ ഗണത്തിലേക്ക് എഎപി കൂടി എത്താന്‍ പോകുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അവരുടെ ലക്ഷ്യം നേടുമെന്ന് സൂചിപ്പിക്കുന്നു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ബിഎസ്പിക്കും സിപിഎമ്മിനും വൈകാതെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായേക്കും.

ഗുജറാത്തിലാണ് എഎപിയുടെ അടുത്ത പ്രതീക്ഷ. ഹിമാചല്‍ പ്രദേശില്‍ എഎപി അക്കൗണ്ട് തുറക്കില്ല എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍ ഗുജറാത്തില്‍ എഎപിക്ക് പ്രതീക്ഷയുണ്ട്. നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സൂറത്തില്‍ ഉള്‍പ്പെടെ ജയിച്ചിരുന്നു എഎപി. ഗുജറാത്തില്‍ എഎപിക്ക് 10 സീറ്റ് വരെ ലഭിക്കാന്‍ സാധ്യതയുണ്ട് എന്ന് പ്രവചിച്ച എക്‌സിറ്റ് പോളുകളുമുണ്ട്.

ഡല്‍ഹിയില്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഇന്ന് പുറത്തുവന്ന ഫലം എഎപിക്ക് അനുകൂലമാണ്. 15 വര്‍ഷമായി തുടരുന്ന ബിജെപി ഭരണം അവസാനിക്കുകയാണ്. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും കൂടുതല്‍ വോട്ട് നേടിയാല്‍ എഎപി ദേശീയ പാര്‍ട്ടിയായി മാറും. ഇതോടെ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ നേരിടാന്‍ മുന്നില്‍ നില്‍ക്കുന്ന നേതാവായി കെജ്രിവാള്‍ മാറും.

2011ല്‍ അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ തുടങ്ങിയ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ പിന്നാലെയാണ് എഎപി ഉദയം ചെയ്തത്. 2013ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി ആദ്യമായി ജനവിധി തേടി. ആദ്യ ഭരണം 49 ദിവസം മാത്രമേ നീണ്ടുള്ളൂ. 2015ല്‍ വന്‍ ഭൂരിപക്ഷത്തോടെ ഡല്‍ഹിയില്‍ അധികാരം പിടിച്ചു. അടുത്ത തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചു. 2017ല്‍ പഞ്ചാബില്‍ മല്‍സരിച്ചപ്പോള്‍ 20 സീറ്റിലാണ് ജയിച്ചത്. ഈ വര്‍ഷം പഞ്ചാന്റെ ഭരണം പിടിക്കുകയും ചെയ്തു.












Click it and Unblock the Notifications