റെയ്‌നയുടെ ബന്ധുക്കളുടെ കൊലപാതകം; പ്രതിയെ പൊലീസ് ഏറ്റുമുട്ടലില്‍ വെടിവെച്ചു കൊന്നു
ലഖ്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍താരം സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ യു പി പൊലീസ് ഏറ്റുമുട്ടലില്‍ വെടിവെച്ച് കൊന്നു. ഷാപൂര്‍ ഏരിയയില്‍ ശനിയാഴ്ച്ച വൈകിട്ടുണ്ടായ ഏറ്റുമുട്ടലില്‍ റാഷിദ് എന്ന പ്രതിയെ ആണ് പൊലീസ് വെടിവെച്ച് കൊന്നത്. 2020 ല്‍ സുരേഷ് റെയ്‌നയുടെ കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു റാഷിദ്.
കുപ്രസിദ്ധ കുറ്റവാളിയായ റാഷിദ് ചല്‍താ ഫിര്‍ത്താ, ശിപാഹിയ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നുണ്ട്. എസ് എസ് പി സഞ്ജീവ് സുമനാണ് റാഷിദിനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി എന്ന് അറിയിച്ചത്. നേരത്തെ റാഷിദിന്റെ തലക്ക് യു പി പൊലീസ് 50000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മറ്റൊരു ക്രിമിനല്‍ സംഘത്തെ പിന്തുടര്‍ന്നെത്തിയപ്പോഴാണ് റാഷിദ് വലയിലായത് എന്നാണ് റിപ്പോര്‍ട്ട്.

പൊലീസ് എത്തിയത് അറിഞ്ഞ് ക്രിമിനല്‍ സംഘം ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പിന്നീടാണ് പൊലീസ് തിരിച്ചടിച്ചത്. അതേസമയം റാഷിദിന് ഒപ്പമുണ്ടായിരുന്ന കൂട്ടാളികള്‍ രക്ഷപ്പെട്ടുവെന്നും പൊലീസ് അറിയിച്ചു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും എസ് എസ് പി സഞ്ജീവ് സുമന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം രണ്ട് പേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.
അതേസമയം സംഭവത്തില്‍ ഷാപൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബബ്ലു സിംഗിന് വെടിയേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് എന്നും പൊലീസ് അറിയിച്ചു. തട്ടിപ്പ്, കൊലപാതകം, മോഷണം തുടങ്ങി ഒരു ഡസനോളം കേസുകളില്‍ പ്രതിയാണ് റാഷിദ്. 2020 ല്‍ ആണ് സുരേഷ് റെയ്‌നയുടെ അമ്മാവന്‍ അശോക് കുമാര്‍, മകന്‍ കൗശല്‍, ബന്ധു എന്നിവരെ ചിലര്‍ കൊലപ്പെടുത്തിയത്.
കവര്‍ച്ചാ ശ്രമത്തിനിടയിലാണ് കൊലപാതകം നടന്നത്. 2020 ആഗസ്റ്റ് 19 ന് അര്‍ധരാത്രിയായിരുന്നു സംഭവം. ഇതില്‍ റാഷിദിനും പങ്ക് ഉണ്ട് എന്നാണ് പൊലീസ് പറയുന്നത്. അന്ന് അക്രമി സംഘം റെയ്‌നയുടെ അമ്മായി ആശാ റാണി, മറ്റ് രണ്ട് ബന്ധുക്കള്‍ എന്നിവരെ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കോണ്‍ട്രാക്ടറായ അശോക് കുമാര്‍ സംഭവസ്ഥലത്തും, കുമാറിന്റെ മകന്‍ കൗശല്‍, ആഗസ്ത് 31-നും ആണ് മരിച്ചത്. സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശികളായ മൂന്ന് പേരെ ആ സമയത്ത് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Vastu Tips: വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കേണ്ടത് ഇവിടെ.. ഇരട്ടിയാകും, വാസ്തു പറയുന്നത് കേള്‍ക്കാം












Click it and Unblock the Notifications