സിസോദിയക്കെതിരായ നടപടി ഒഴിവാക്കാമായിരുന്നു: മോദിക്ക് പിണറായിയയുടെ കത്ത്, നന്ദി അറിയിച്ച് എഎപിയും

തിരുവനന്തപുരം: ദില്ലി മുന്‍ ഉപമുഖ്യമന്ത്രിയും എ എ പി നേതാവുമായ മനീഷ് സിസോദിയയുടെ അറസ്റ്റില്‍ പ്രതിഷേധിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍. സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്ത നടപടി ഒഴിവാക്കാമായിരുന്നുവെന്നാണ് കത്തില്‍ പിണറായി വ്യക്തമാക്കുന്നത്. മനീഷ് സിസോദിയ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണെന്നും അന്വേഷണ ഏജന്‍സിയുമായി സഹകരിച്ചിട്ടുണ്ടെന്നും പിണറായി കത്തില്‍ ചൂണ്ടിക്കാട്ടി.
പൊതുസഞ്ചയത്തിൽ വരുന്ന വിവരമനുസരിച്ച്, സിസോദിയയുടെ കാര്യത്തിൽ പണം പിടിച്ചെടുക്കുന്നത് പോലെ കുറ്റപ്പെടുത്താവുന്ന ഒന്നും സംഭവിച്ചിട്ടില്ലെന്നും കേരള മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. "നിയമം അതിന്റെ വഴിക്ക് പോകേണ്ടതാണെങ്കിലും, വ്യാപകമായ ധാരണയും ഒരുപോലെ പ്രധാനമാണ്. സഹകരണ ഫെഡറലിസത്തിന്റെ തത്വം നമ്മള്‍ ഊന്നിപ്പറയുന്നതിനാൽ, ബന്ധപ്പെട്ട ആരുടെയും ഭാഗത്തുനിന്നുള്ള അമിതമായ നടപടികൾ ഒഴിവാക്കണം''- എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സിസോദിയയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം എട്ട് പ്രതിപക്ഷ നേതാക്കളും പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ടിഎംസിയുടെ മമത ബാനർജി, ശിവസേനയുടെ (യുബിടി) ഉദ്ധവ് താക്കറെ, എൻസിപിയുടെ ശരദ് പവാർ, ബിആർഎസിന്റെ കെ ചന്ദ്രശേഖർ റാവു എന്നിവരുൾപ്പെടെ എട്ട് പ്രതിപക്ഷ നേതാക്കളാണ് അറസ്റ്റിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഞായറാഴ്ച കത്ത് അയച്ചത്.
"സിസോദിയയുടെ അറസ്റ്റ് ഒരു രാഷ്ട്രീയ വേട്ടയുടെ ഉദാഹരണമായി ലോകമെമ്പാടും ഉദ്ധരിക്കപ്പെടും, സ്വേച്ഛാധിപത്യ ബിജെപിക്ക് കീഴിൽ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ ഭീഷണിയിലാണെന്ന് ലോകം സംശയിക്കുന്നതിനെ കൂടുതൽ സ്ഥിരീകരിക്കും," എന്നായിരുന്നു കത്തില്‍ ആരോപിച്ചത്. "നമ്മള്‍ ജനാധിപത്യത്തിൽ നിന്ന് സ്വേച്ഛാധിപത്യത്തിലേക്ക് മാറിയിരിക്കുന്നു" എന്ന് സൂചിപ്പിക്കുന്നതാണ് ഈ നടപടിയെന്നും കത്തില്‍ ആരോപിച്ചു.
കത്ത് അയച്ചതില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പിണറായി വിജയനു നന്ദി അറിയിച്ചു. അതേസമയം, എക്സൈസ് നയ കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ ഡൽഹി കോടതി മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.












Click it and Unblock the Notifications